Connect with us

Life

കൊറോണയെ ചൈന പിടിച്ചുകെട്ടിയോ; പരീക്ഷിച്ചു നോക്കി മറ്റു രാജ്യങ്ങളും

നിയന്ത്രിക്കാനാവാത്ത വിധം കൈവിട്ടു പോയതോടെ കൊറോണ പ്രതിരോധം താറുമാറായ രാജ്യങ്ങളെല്ലാം  ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഇപ്പോള്‍ ചൈനയുടെ വഴിയാണ് സ്വീകരിക്കുന്നത്

Published

on

ചൈനയിലെ വുഹാനില്‍ നിന്നു തുടങ്ങിയ മഹാമാരി കൊറോണ വൈറസ് പകര്‍ച്ച എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചാണ് ലോകമാകെ വ്യാപിച്ച് വന്‍വിപത്തു വിതച്ചത്. നിയന്ത്രിക്കാനാവാത്ത വിധം കൈവിട്ടു പോയതോടെ കൊറോണ പ്രതിരോധം താറുമാറായ രാജ്യങ്ങളെല്ലാം  ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഇപ്പോള്‍ ചൈനയുടെ വഴിയാണ് സ്വീകരിക്കുന്നത്. ചൈനയിലെ നിയന്ത്രണങ്ങളുടെ കാര്‍ക്കശ്യമാണ് അവരെ ഫലപ്രദമായി ഈ വൈറസ് വ്യാപനത്തെ നേരിടാന്‍ വലിയ അളവില്‍ സഹായിച്ചതെന്ന് നേചര്‍ ഡോട്ട് കോം റിപോര്‍ട്ട് ചെയ്യുന്നു. ജനങ്ങളുടെ സഞ്ചാരവും അതിര്‍ത്തി കടന്നുള്ള യാത്രകളും പൂര്‍ണമായും നിയന്ത്രിച്ച ചൈനയുടെ മാതൃകയാണ് ഇപ്പോള്‍ മറ്റുരാജ്യങ്ങളും പിന്തുടരുന്നത്. രാജ്യാന്തര യാത്രക്കാരെ പലരാജ്യങ്ങളും പൂര്‍ണമായും വിലക്കി.

ജനുവരി മധ്യത്തോടെ ചൈനീസ് സര്‍ക്കാര്‍ അസാധാരണ നിയന്ത്രങ്ങളാണ് കൊറോണ ബാധിത മേഖലകളില്‍ നടപ്പിലാക്കിയിരുന്നത്. പ്രഭവ കേന്ദ്രമായി അറിയപ്പെടുന്ന വുഹാൻ ഉള്‍പ്പെടെ ഹുബെയ് പ്രവിശ്യയിലെ 15 നഗരങ്ങളില്‍ നിന്നു പുറത്തേക്കും പുറത്തു നിന്ന് അവിടങ്ങളിലേക്കുമുള്ള ജനങ്ങളുടെ സഞ്ചാരവും യാത്രകളും പൂര്‍ണമായും നിര്‍ത്തിച്ചു. വിമാനങ്ങളും ട്രെയ്‌നുകളും എല്ലാം സര്‍വീസ് നിര്‍ത്തിവെച്ചു. റോഡുകള്‍ പൂര്‍ണമായും അടച്ചു. ഇതോടൊപ്പം ചൈനയിലെ മറ്റു നഗരങ്ങളില്‍ ജനങ്ങളോട് വീടുവിട്ട് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം നല്‍കുകയും നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പല നഗരങ്ങളിലും ഇതിപ്പോഴും നിലനില്‍ക്കുകയാണ്. പുതിയ കൊറോണ ബാധ കേസുകള്‍ ദിവസം ആയിരം പുതിയ കേസുകള്‍ എന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇപ്പോള്‍ ദിവസം പത്തോ പന്ത്രണ്ടോ എന്ന തോതിലേക്കു ചുരുങ്ങിയിട്ടുണ്ട്. ജനങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഈ കടുത്ത സഞ്ചാര, സമ്പര്‍ക്ക നിയന്ത്രണങ്ങള്‍ വലിയ അളവില്‍ വിജയിച്ചിട്ടുണ്ടെന്ന് മിനസോട്ട യൂണിവേഴ്‌സിറ്റിയിലെ പകര്‍ച്ചാവ്യാധി രോഗ വിഭാഗം ശാസ്ത്രജ്ഞന്‍ മിക്കായേല്‍ ഓസ്റ്റര്‍ഹോം നേചറിനോട് പറയുന്നു.

കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപോര്‍ട്ടിലും ചൈന ഏര്‍പ്പെടുത്തിയ ഈ നിന്ത്രണങ്ങള്‍ രോഗം കൂടുതല്‍ പടര്‍ന്നു പിടിക്കുന്നത് തടയാന്‍ സഹായിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രശംസിക്കുകയും ചെയ്തിരുന്നു. പല രാജ്യങ്ങളും ഇപ്പോള്‍ കോവിഡ്19 എന്ന കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലിരിക്കുന്ന ഈ പശ്ചാത്തലത്തില്‍ ചൈന എങ്ങനെ ഇതിനെ പിടിച്ചു കെട്ടി എന്ന് പരിശോധിക്കുന്നത് വൈറസ് വ്യാപനം തടയുന്നതിന് ഏറെ സഹായകമാകും. പകര്‍ച്ചാവ്യാധികളെ കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് നേചര്‍ തയാറാക്കിയ റിപോര്‍ട്ടില്‍ ഏതൊക്കെ പ്രതിരോധ മാര്‍ഗങ്ങള്‍ എത്രത്തോളം ഫലപ്രദമായി നടപ്പിലായി എന്നറിയാന്‍ സഹായിക്കും.

വഴികളെല്ലാം അടച്ചപ്പോള്‍ എന്തു സംഭവിച്ചു?

വൈറസ് ബാധയേറ്റ ഓരോരുത്തരില്‍ നിന്നും രണ്ടോ അതിലധികമോ പേര്‍ക്ക് രോഗം പടര്‍ന്നേക്കാം, പിന്നീടങ്ങോട്ട് ദ്രുതഗതിയിലായിരിക്കും വ്യാപനം എന്നായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. നേരത്തെയുള്ള രോഗവ്യാപന കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ സാര്‍സ് കൊറോണ എന്ന വൈറസ് ചൈനീസ് ജനസംഖ്യയുടെ 40 ശതമാനത്തേയും, അതായത് 50 കോടിയോളം ജനങ്ങളെ ബാധിച്ചേക്കാം എന്നു പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ കൊറോണ ബാധയെ തുടര്‍ന്നുണ്ടായ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ആദ്യ ആഴ്ച, ജനുവരി 16നും 30നുമിടയിലെ കണക്കുകള്‍ വ്യക്തമാക്കിയത് വൈറസ് ബാധയേറ്റ ഒരാളില്‍ നിന്നും ഒരാള്‍ക്കു മാത്രമെ രോഗം പടര്‍ന്നിട്ടുള്ളൂ എന്നാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപിക്കല്‍ മെഡിസിനിലെ പകര്‍ച്ചാവ്യാധി പഠന വിദഗ്ധന്‍ ആദം കുചാര്‍സ്‌കി പറയുന്നു. ദിവസേന വൈറസ ബാധ ഏല്‍ക്കുന്നവരുടെ എണ്ണവും ഏറ്റവും പാരമ്യത്തിലെത്തിയത് ജനുവരി 25നായിരുന്നു. വുഹാനിലേക്കുള്ള എല്ലാ വഴികളും പൂര്‍ണമായും അടക്കുന്നതിന് രണ്ടു ദിവസം മുമ്പ്.

മാര്‍ച്ച് 16 വരെയുള്ള കണക്കുകള്‍ പ്രകാരം ചൈനയില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 81,000 ആണ്. രോഗ ലക്ഷണങ്ങള്‍ ഗുരുതരമല്ലാത്തതിനാലും ആളുകള്‍ വൈദ്യ സഹായം തേടാത്തതിനാലും അല്ലെങ്കില്‍ പരിശോധന നടത്താത്തതിനാലും കുറെ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാതെ പോയിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ സംശയിക്കുന്നുണ്ട്. എന്നിരുന്നാലും ചൈനീസ് അധികൃതര്‍ ആ സമയത്തു നടപ്പിലാക്കിയ ഈ അടച്ചുപൂട്ടല്‍ നടപടി ഫലം ചെയ്തു എന്നു വ്യക്തമാണെന്ന് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ എപിഡമോളജിസ്റ്റ് ക്രിസ്റ്റഫര്‍ ഡെയ് പറയുന്നു. ഇനി ഈ എണ്ണത്തിന്റെ ഇരുപതോ നാല്‍പതോ ഇരട്ടി കേസുകളുണ്ടായിരുന്നെങ്കിലും ഈ നിയന്ത്രണ നടപടികള്‍ ഫലം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ചൈനയുടെ നിയന്ത്രണങ്ങള്‍ ഇനിയും മെച്ചപ്പെടുത്താമായിരുന്നോ?

ഈ പകര്‍ച്ചാവ്യാധിയെ നേരിടുന്ന വലിയ ദൗത്യത്തില്‍ ചൈനയ്ക്കു ഒരു വലിയ വീഴ്ച മാത്രമാണ് സംഭവിച്ചതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകി എന്നതാണ് അത്. കൊറോണ ബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട ഡിസംബറിലേയും ജനുവരിയിലേയും ആഴ്ചകളില്‍ വുഹാനിലെ അധികൃതര്‍ നിഗൂഢ വൈറസ് ബാധാ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ ഉദാസീത കാണിച്ചു. ഇതാണ് രോഗ പ്രതിരോധ നടപടി തുടങ്ങുന്നത് വൈകിപ്പിച്ചതെന്ന് മിഷിഗന്‍ യുണിവേഴ്‌സിറ്റിലിയെ പൊതുജനാരോഗ്യ വിദഗ്ധന്‍ ഹോവാഡ് മാര്‍ക്കല്‍ പറയുന്നു. ചൈനയുടെ ഭാഗത്തുണ്ടായ ഈ കാലതാമസമാണ് ഒരു പക്ഷേ രോഗം ലോകവ്യാപകമാകാന്‍ കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരാഴ്ച മുമ്പ് തന്നെ ചൈന വൈറസ് ബാധ നിയന്ത്രണ നടപടികള്‍ തുടങ്ങിയിരുന്നെങ്കില്‍ അവിടുത്തെ 67 ശതമാനം കേസുകളും തടയാമായിരുന്നു. ജനുവരി തുടങ്ങുന്നതിനു മൂന്ന് ആഴ്ച മുമ്പായിരുന്നു ഈ നടപടികള്‍ സ്വീകരിച്ചതെങ്കില്‍ വൈറസ് ബാധ മൊത്തം കേസുകളുടെ വെറും അഞ്ചു ശതമാനമാക്കി കുറയ്ക്കുകയും ചെയ്യാമായിരുന്നുവെന്ന് സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റിലിയെ ലായ് ഷെങ്ജി, ആന്‍ഡ്ര്യൂ ടാറ്റെം എന്നിവര്‍ തയാറാക്കിയ പഠന മാതൃക ചൂണ്ടിക്കാട്ടുന്നു. മറ്റു നഗരങ്ങളില്‍ നിന്നുള്ള വിവരങ്ങളും സൂചിപ്പിക്കുന്നത് വേഗത്തിലുള്ള പ്രതിരോധ, നിയന്ത്രണങ്ങള്‍ വേഗത്തില്‍ ഫലം ചെയ്യുന്നുവെന്നാണ്.

പൊതുഗതാഗതം നിര്‍ത്തിവെക്കുകയും മാളുകളും തീയറ്ററുകളും അടച്ചു പൂട്ടുകയും ജനങ്ങളുടെ ഒത്തു ചേരലുകള്‍ വിലക്കുകയും ചെയ്ത നഗരങ്ങളില്‍ മറ്റു നഗരങ്ങളേ അപേക്ഷിച്ച് 37 ശതമാനം കുറവ് കോവിഡ്19 കേസുകളെ റിപോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് 296 ചൈനീസ് നഗരങ്ങളില്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള പഠനം പറയുന്നു.

ചൈനയുടെ യാത്രാ വിലക്ക് ഫലം ചെയ്‌തോ?

വിമാനങ്ങളിലും ട്രെയ്‌നുകളിലും കാറുകളിലും മറ്റുമായി പുറത്തേക്കുള്ള എല്ലാ യാത്രകളും മുടക്കി ഹുബെയ് പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് വൈറസിന്റെ വ്യാപനം കുറഞ്ഞ ദിവസത്തേക്കെങ്കിലും തടഞ്ഞു എന്ന് വിശകലനങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. എന്നാല്‍ വുഹാന്‍ നഗരത്തെ പൂര്‍ണമായും ഒറ്റപ്പെടുത്തിയ നടപടി വൈറസ് മറ്റു ചൈനീസ് നഗരങ്ങളിലേക്ക് വ്യാപിക്കുന്നത് നാലു ദിവസം വരെ താമസിപ്പിച്ചുവെന്ന് മറ്റൊരു പഠനവും പറയുന്നു. ഈ യാത്രാ വിലക്ക് രാജ്യാന്തര തലത്തില്‍ കുറച്ചു കൂടി കാലം രോഗബാധ തടയാന്‍ സഹായിച്ചു. നാലോ അഞ്ചോ വൈറസ് ബാധകളെ ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളിലെത്തുന്നത് രണ്ടോ മൂന്നോ ആഴ്ച വരെ ഇതു വൈകിപ്പിച്ചു. എന്നാല്‍ ഇതിനു ശേഷം മറ്റു നഗരങ്ങളിലെ വൈറസ് ബാധിതര്‍ മറ്റു രാജ്യങ്ങളിലേക്ക് ഈ വൈറസ് ബാധ എത്തിച്ചു. ഇത് പുതിയ ഇടങ്ങളില്‍ വൈറസ് വ്യാപനത്തിനിടയാക്കി. 90 ശതമാനം യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും വൈറസ് വ്യാപനത്തെ തടയാനാകുമായിരുന്നില്ല. മറ്റു നിയന്ത്രണ നടപടികളാണ് ഇതൊടൊപ്പം വ്യാപനം തടയാന്‍ സഹായിച്ചതെന്നും ഈ പഠനങ്ങള്‍ പറയുന്നു. യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലുമായി നിരവധി രാജ്യങ്ങളാണ് ഇപ്പോള്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ നടപടി ഒരു പകര്‍ച്ചാവ്യാധി തടയുന്നതിന് സാധാരണ നിലയില്‍ ഫലപ്രദമല്ല എന്നും പകരം വിഭവങ്ങളെ കൂടുതല്‍ സഹായകരമായ നടപടികള്‍ക്കായി വിനിയോഗിക്കണമെന്നും ചൂണ്ടിക്കാട്ടി യാത്രാ വിലക്കുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇത് സഹായ വിതരണത്തേയും സാങ്കേതിക പിന്തുണകളേയും എല്ലാറ്റിനും പുറമെ വ്യവസായങ്ങളേയും ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റു രാജ്യങ്ങള്‍ പഠിക്കേണ്ട പാഠങ്ങള്‍ എന്താണ്?

വേഗത്തില്‍ വൈറസ് ബാധ കണ്ടെത്തുകയും ഐസൊലോഷന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതും നഗരങ്ങക്കിടയിലെ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജനങ്ങള്‍ പരസ്പരമുള്ള സമ്പര്‍ക്കം കുറച്ചതും വൈറസ് വ്യാപനത്തെ തടയാന്‍ സഹായിച്ചുവെന്ന് ടാറ്റെം-ലായ് മോഡല്‍ പറയുന്നു. ഈ നിയന്ത്രണങ്ങള്‍ വൈറസ് വ്യാപനം 67 മടങ്ങ് വര്‍ധിക്കുന്നത് തടഞ്ഞുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതില്ലായിരുന്നുവെങ്കില്‍ ഫെബ്രുവരി അവസാനത്തോടെ തന്നെ ചൈനയില്‍ 80 ലക്ഷം കൊറോണ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടേണ്ടതായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജനങ്ങള്‍ പരസ്പരമുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ കഴിഞ്ഞത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ ഫലം ചെയ്തു. ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ബയ്ദുവില്‍ നിന്ന് ശേഖരിച്ച മൊബൈല്‍ ലൊക്കേഷന്‍ ഡേറ്റ വിശകലനം ചെയ്തപ്പോള്‍ ജനങ്ങളുടെ സഞ്ചാരങ്ങളില്‍ വലിയ ഇടിവുണ്ടായതായി വ്യക്തമായി. വ്യക്തിയും വ്യക്തിയും തമ്മിലുള്ള സമ്പര്‍ക്കം കുറഞ്ഞതിന് സൂചനയായി ഈ ഡേറ്റ വിലയിരുത്തപ്പെടുന്നു. ഈ കുറവ് ഉണ്ടായിരുന്നില്ലെങ്കില്‍ ഫെബ്രുവരി അവസാനത്തോടെ തന്നെ റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ 2.6 ഇരട്ടി കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുമായിരുന്നുവെന്നും പഠനം പറയുന്നു.

വേഗത്തില്‍ വൈറസ് ബാധ തിരിച്ചറിയുന്നതും ഐസൊലേഷനുമാണ് കോവിഡ് 19 ബാധ കുറയ്ക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട ഘടകം. ഇത്തരം നടപടികളൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ചൈന അഞ്ചിരട്ടി കൂടുതല്‍ വൈറസ് ബാധ കേസുകള്‍ നേരിടേണ്ടി വരുമായിരുന്നു. വേഗത്തില്‍ വൈറസ് ബാധ കണ്ടെത്തുന്ന രീതി സിംഗപൂരിലും ഫലം കണ്ടിട്ടുണ്ട്. രാജ്യത്ത് ആദ്യ കേസ് റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ വളരെ വേഗത്തിലാണ് രോഗ ലക്ഷണമുള്ളവരെ വേഗത്തില്‍ കണ്ടെത്തുകയും ഐസോലേറ്റ് ചെയ്യുകയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ തിരഞ്ഞു കണ്ടെത്തുകയും ചെയ്യുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. സിംഗപൂരില്‍ ഇതുവരെ 250ല്‍ താഴെ കോവിഡ്19 കേസുകളെ റിപോര്‍ട്ട് ചെയ്തിട്ടുള്ളൂ. അതു കൊണ്ട് തന്നെ ചൈന പ്രയോഗിച്ചതു പോലെ കടുത്ത യാത്രാ നിയന്ത്രണങ്ങളൊന്നും സിംഗപൂരിന് ഏര്‍പ്പെടുത്തേണ്ടി വന്നില്ല.

ചൈനയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണോ?

പുതിയ കോവിഡ്19 വൈറസ്ബാധ കേസുകള്‍ ചൈനയില്‍ ഗണ്യമായി കുറഞ്ഞു വരികയാണ്. അതേസമയം രാജ്യം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്കുള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയാല്‍ വൈറസ് വ്യാപനം വീണ്ടും ഉണ്ടായേക്കാം എന്നു സംശയിക്കുന്നവരും ഉണ്ട്. വൈറസ്ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്ന് ചൈനയിലേക്ക് ഇതു തിരിച്ചെത്തിയേക്കാനും ഇടയുണ്ട്. കാരണം ചൈനയുടെ നടപടികള്‍ പ്രതിരോധ ശേഷിയില്ലാത്ത വലിയൊരു ശതമാനം ജനങ്ങളെയാണ് സംരക്ഷിച്ചിട്ടുള്ളത്.

ചൈന ഈ വൈറസിനെ ഉന്മൂലനം ചെയ്യുകയല്ല, അടിച്ചമര്‍ത്തകുയാണ് ചെയ്യുന്നത് എന്നാണ് ഓസ്റ്റര്‍ഹോമിന്റെ അഭിപ്രായം. ചൈന അല്‍പമെങ്കിലും സാധാരണ നിലയിലേക്കു തിരിച്ചു വന്ന ശേഷം എട്ട് ആഴ്ചകളെങ്കിലും കാത്തിരുന്നാലെ ഈ നിയന്ത്രണങ്ങളും ജനങ്ങളുടെ യാത്രാ, സഞ്ചാര വിലക്കുകളും കൊണ്ട് ഫലമുണ്ടോയോ എന്ന് അറിയാന്‍ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ നിയന്ത്രണങ്ങളെല്ലാം എന്ന് എടുത്തു മാറ്റുമെന്ന ചൂടേറിയ ചര്‍ച്ച ഒരു പക്ഷെ ചൈനയില്‍ ഇപ്പോള്‍ നടക്കുന്നുണ്ടാകാം. ഇവ എടുത്തു മാറ്റുന്നതോടെ വൈറസ് ബാധയുടെ ഒരു രണ്ടാം തരംഗം ഉണ്ടാകാനിടയുണ്ടെന്നും ലണ്ടനിലെ ഇംപീരിയല്‍ കോളെജിലെ എപിഡമോളജിസ്റ്റ് റോയ് ആന്‍ഡേഴ്‌സണ്‍ പറയുന്നു.

വിലക്കുകളും നിയന്ത്രണങ്ങളും ഒരു ഘട്ടമെത്തിയാല്‍ എടുത്തു മാറ്റേണ്ടി വരും. സാമൂഹികമായി അകലം പാലിക്കല്‍ തുടരാനും നല്ല ശുചിത്വം കാത്തുസൂക്ഷിക്കാനും സര്‍ക്കാരുകള്‍ ജനങ്ങളെ ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യേണ്ടത്. സര്‍ക്കാരിന്റെ നടപടികളേക്കാള്‍ നമ്മുടെ പ്രവര്‍ത്തികളിലാണ് കാര്യം- അദ്ദേഹം വ്യക്തമാക്കി.

India

‘ഓക്‌സ്‌ഫെഡ്’ വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിലും; ഉല്‍പ്പാദനം വൈകാതെ

ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്‌സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും

Published

on

പൂനെ: ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റി പുതുതായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ ഇന്ത്യയിലും പരീക്ഷിക്കാനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇതിനായി ബ്രിട്ടീഷ് ഗവേഷകരുമായി കൈകോര്‍ക്കുന്നത്. ലൈസന്‍സ് ലഭിച്ചാലുടന്‍ വാക്‌സിന്‍ പരീക്ഷണം തുടങ്ങാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി. ഇതുവരെ വികസിപ്പിച്ചെടുത്ത വാക്‌സിനുകളില്‍ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഏറെ വിജകരമെന്നു കണ്ട AZD1222 വാക്‌സിനാണ് ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ കണ്ടെത്തിയ പ്രതിരോധ മരുന്ന്. ഇതിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വളരെ അനുകൂല ഫലങ്ങളാണ് ലഭിച്ചിരുന്നത്. ഈ വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഈ വാക്‌സിന്‍ നിസാരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എങ്കിലും ഇത് പാരാസെറ്റമോള്‍ കഴിക്കുന്നതിലൂടെ ലഘൂകരിക്കാവുന്നതാണെന്നും ഗവേഷകര്‍ പറയുന്നു.

പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്ന ഫലമാണ് തന്നിരിക്കുന്നതെന്നും ഇന്ത്യയില്‍ പരീക്ഷണ ലൈസന്‍സ് ലഭിക്കുന്നതിന് ഒരാഴ്ച്ചക്കകം അപേക്ഷ നല്‍കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പുനവാല പറഞ്ഞു. ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്‌സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് കോവാക്‌സിന്‍ എന്ന പ്രതിരോധ മരുന്നിന്റെ മനുഷ്യരിലുള്ള ആദ്യ പരീക്ഷണം തുടങ്ങിയതിനു പിന്നാലെയാണ് ഓക്‌സ്‌ഫെഡ് വാക്‌സിന്‍ പരീക്ഷണ ഫലം പുറത്തു വന്നത്. ഇന്ത്യന്‍ വാക്‌സിന്റെ ആദ്യ ഫലമറിയാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയമെടുക്കുമെന്ന് ദല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നു.

ലോകത്ത് വിവിധയിടങ്ങളിലായി നൂറിലെറെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇവയിലൊന്നാണ് ഓക്‌സഫെഡ് വാക്‌സിന്‍. ഈ വാക്‌സിന്‍ ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയത് ഏപ്രില്‍ 23നാണ്. ഈ ഫലമാണ് ഇപ്പോള്‍ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Continue Reading

Life

കോവിഡിനു ശേഷം ലോകത്തിന് എന്തു സംഭവിക്കും?

ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ.

Published

on

എന്തൊക്കെ ശേഷിപ്പിച്ചാകും കോവിഡ് 19 എന്ന മഹാമാരി തിരിച്ചുപോകുക എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ലോകം മുഴുവനും ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഈ മഹാമാരിയെ കീഴ്പ്പെടുത്താനായിട്ടില്ല. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഈ പ്രതിസന്ധിയുടെ ആഴവും അളവും വളരെ വലുതായിരിക്കും. ഇതിന് മുന്നില്‍ ബെര്‍ലിന്‍ മതിലിന്റെ പതനമോ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോ ഒന്നുമാകില്ല. ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ.

ജീവിതങ്ങള്‍ തകര്‍ക്കുകയും വിപണികളെ തച്ചുടക്കുകയും ചെയ്യും. സര്‍ക്കാരുകളുടെ കഴിവും കഴിവുകേടും തുറന്നു കാട്ടും. രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരമായ മാറ്റങ്ങളിലേക്ക് നയിക്കും. രാജ്യം എന്ന നിലയില്‍ അതിലെ ദേശീയതയെ ഈ പകര്‍ച്ചവ്യാധി ശക്തിപ്പെടുത്തിയേക്കാം. പ്രതിസന്ധി മറി കടക്കുന്നതിന് സര്‍ക്കാരുകള്‍ പുതിയ അധികാരങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷെ ഇതവസാനിക്കുമ്പോള്‍ ഈ പുതിയ അധികാരങ്ങള്‍ വിട്ടു കൊടുക്കാനാകാതെപിടി മുറുക്കാനും സാധ്യതയുണ്ട്.

പടിഞ്ഞാറിന്റെ അധികാര ഗര്‍വുകള്‍ ഇല്ലാതാകുന്ന മാറ്റവും ഒരു പക്ഷെ സംഭവിച്ചേക്കാം. അതിനു മുന്നോടിയെന്ന നിലയിലാണ് രോഗത്തിന്റെ വ്യാപനം തടയാന്‍ കിഴക്കും പടിഞ്ഞാറും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കാണേണ്ടത്. കിഴക്കന്‍ രാജ്യങ്ങള്‍ ശക്തമായ നിയന്ത്രങ്ങളുമായി മുന്നോട്ടു പോയപ്പോള്‍, യൂറോപ്പും അമേരിക്കയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അലംഭാവമായിരുന്നു. ‘പാശ്ചാത്യം’ എന്ന ബ്രാന്‍ഡ് നെയിമിന് മങ്ങലേല്‍പ്പിക്കുന്ന നടപടികള്‍ക്കാണ് ലോക സാക്ഷ്യം വഹിച്ചത്.

സംരക്ഷണത്തിനായി പൗരന്മാര്‍ സര്‍ക്കാരുകളെ ആശ്രയിക്കുകയും സര്‍ക്കാരുകള്‍ ഭാവിയിലെ അപകട സാധ്യത കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, നമ്മള്‍ ഹൈപ്പര്‍ ഗ്ലോബലൈസേഷനില്‍ നിന്നും ബഹുദൂരം പിന്നിലേക്ക് പോകേണ്ടി വരും. ഭൂമിയിലെ 7.8 ബില്യണ്‍ ജനങ്ങളില്‍ ഓരോരുത്തര്‍ക്കും പൊതുജനാരോഗ്യം എന്നത് ഒരു ചോദ്യചിഹ്നമാകും. വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി 2008-2009 ലെ മഹാ മാന്ദ്യത്തേക്കാളും വളരെ വലുതായിരിക്കും. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെയും ശാശ്വത സന്തുലിതാവസ്ഥയെയും ഈ വൈറസ് സ്ഥിരമായി മാറ്റും.

സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ മുന ഈ വൈറസ് ഒടിക്കും. സര്‍ക്കാരുകളെയും സമൂഹങ്ങളെയും ദീര്‍ഘ കാലത്തോളംസാമ്പത്തിക ഐസൊലേഷനില്‍ നിര്‍ത്താനും കാരണമാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പരസ്പര പ്രയോജനകരമെന്ന് നിര്‍വചിച്ചിരുന്ന ഗ്ലോബലൈസേഷനിലേക്ക് ലോകം മടങ്ങി വരാന്‍ സാധ്യത കുറവാണ്.

ആഗോള സാമ്പത്തിക ദിശകളെ ഈ വൈറസ് അടിസ്ഥാനപരമായി മാറ്റില്ല. അതേസമയം, ഇതിനകം ആരംഭിച്ച ഒരു മാറ്റത്തെ ത്വരിതപ്പെടുത്തും: യു.എസ് കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തില്‍ നിന്ന് ചൈന കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തിലേക്കായിരിക്കും നീക്കം. ചൈനീസ് ജനതയുടെ മത്സര ബുദ്ധിയും അധ്വാന ശീലവും അവരെ അങ്ങനെയാക്കിയെടുക്കാന്‍ ചൈനീസ് നേതാക്കള്‍ നടത്തിയ പരിശ്രമത്തിന്റെയും ഫലമായിരിക്കും അത്.

മാറ്റമില്ലാതാകുന്നത് ലോക രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ വൈരുദ്ധ്യ സ്വഭാവത്തിനാണ്.1918-1919 ലെ പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ബാധകള്‍ അധികാര വൈരാഗ്യം അവസാനിപ്പിക്കുകയോ ആഗോള സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുകയോ ചെയ്തില്ല. ഈ വൈറസിനും ആ ശേഷിയുണ്ടാകുമെന്ന് കരുതാനാകില്ല.

ഈ പകര്‍ച്ചവ്യാധിയുടെ അവസാനം എന്തായിരിക്കും? മനുഷ്യന്‍ തന്റെ സത്തയെ അതിശക്തമായി തിരിച്ചറിയുന്ന സമയമായിരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജോലിക്കാര്‍, രാഷ്ട്രീയ നേതാക്കള്‍, സാധാരണ പൗരന്മാര്‍ എന്നിവരെല്ലാം ഈ അസാധാരണ പ്രതിഭാസത്തെ എങ്ങിനെ നേരിട്ടുവെന്നത് മനുഷ്യരാശിക്കും പുതിയ ദിശാബോധവും ഐക്യചിന്തയും നല്‍കുമെന്ന് തീര്‍ച്ചയാണ്. ഓരോ പ്രതിസന്ധിയില്‍നിന്നും പുതിയ വിജയങ്ങള്‍ നേടാന്‍ മനുഷ്യന് അസാധാരണമായ കഴിവുണ്ട്. കോവിഡിന് ശേഷവും അങ്ങിനെയൊരു ലോകമുണ്ടായേക്കാം.

Continue Reading

Life

കൊളോന്‍: കൊറോണയെ തുരത്തുന്ന തുര്‍ക്കികളുടെ രഹസ്യായുധം

തുര്‍ക്കികളുടെ ജീവിത ശൈലിയുടെ ഭാഗമായ കൊളോന്‍ കൊറോണ ബാധയെ തടയുന്നത് ഇങ്ങനെ

Published

on

തുര്‍ക്കിയില്‍ ഭക്ഷണശാലയില്‍ പോയാലും ബാര്‍ബറുടെ അടുത്തു പോയാലും അല്ലെങ്കില്‍ ബസിലെ ഒരു യാത്ര ആണെങ്കിലും കൊളോന്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ഒരു ശീലം കാലങ്ങളായുണ്ട്. ടര്‍ക്കിഷ് ആതിഥ്യത്തിന്റെ ഒരു അടയാളമായും ശുചിത്വം സംരക്ഷിക്കുന്നതിനുള്ള സഹായമായും ഇതു കണക്കാക്കപ്പെടുന്നു. തുര്‍ക്കിയിലെ എല്ലാ വീടുകളിലും സര്‍വസാധാരണയായി കാണുന്ന കൊളോന്‍ ഈ കൊറോണ കാലത്ത് താരമായിരിക്കുകയാണ്. കാരണം കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ടര്‍ക്കിഷ് ജനതയുടെ രഹസ്യായുധമാണ് ഇപ്പോള്‍ കൊളോന്‍. കൊറോണ വൈറസ് വ്യാപനത്തോടെ വന്‍ ഡിമാന്‍ഡാണ് കൊളോനിപ്പോള്‍.

കൊറോണ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് സോപ്പ് ഉപയോഗിച്ചോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ഇടക്കിടെ വൃത്തിയാക്കുക എന്നത്. പകുതിയിലേറെ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ കൈകളിലെ സൂക്ഷ്മാണുക്കളെ പൂര്‍ണമായും ഇല്ലാതാക്കുന്നതു വഴി രോഗം പകരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഈ അറിയിപ്പു വന്നതോടെ ടര്‍ക്കിഷ് ജനതയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. അവര്‍ കൈകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കൊളോനും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ആണ്. കൊറോണ മുന്നറിയിപ്പുകള്‍ വന്നതോടെ ആളുകള്‍ വന്‍തോതില്‍ കൊളോന്‍ വാങ്ങാന്‍ തുടങ്ങി. ആദ്യ കൊറോണ കേസ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ഇസ്താബുളിലെ കടകളില്ലെല്ലാം കൊളോന്‍ വാങ്ങാന്‍ വന്‍ജനത്തിരക്കാണ് ഉണ്ടായത്.

കൊളോന്‍ വിറ്റഴിഞ്ഞു, സ്റ്റോക്കില്ല എന്ന ബോര്‍ഡുകളാണ് കടകള്‍ക്കും ഫാര്‍മസികള്‍ക്കും മുമ്പില്‍ ഇപ്പോള്‍ കാണാനാകുക. വഴികളില്ലെല്ലാം ഇടക്കിടെ കൊളോന്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ആളുകളെ കാണാം. ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ക്കും ഇതു നല്‍കുന്നു. വടക്കുപടിഞ്ഞാറന്‍ പട്ടണമായ ഇസ്മിറ്റില്‍ ഒരു സന്നദ്ധ സംഘടന പ്രായമേറിയവര്‍ക്ക് കൊളോനും റൊട്ടിയും സൗജന്യമായി വിതരം ചെയ്യുന്ന വാര്‍ത്തയും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ഏതാനും ആഴ്ചകളായി കച്ചവടക്കാരില്‍ നിന്നും ആയിരക്കണക്കിന് ഓര്‍ഡറുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഇവര്‍ക്കെല്ലാം വിതരണം ചെയ്യാന്‍ ഉല്‍പ്പന്നമില്ലെന്നും പരമ്പരാഗത കൊളോന്‍ നിര്‍മാണത്തില്‍ പേരുകേട്ട എയുബ് സബ്‌രി തുന്‍ജര്‍ പറയുന്നു. ഓണ്‍ലൈനായി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കമ്പനി പറയുന്നു.

കൊറോണ വൈറസിനെ അകറ്റാന്‍ ഹാന്‍ഡ്‌സാനിറ്റൈസറുകല്‍ക്ക് പകരമായി കൊളോന്‍ ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രി ഫഹ്‌റെദീന്‍ കോജ ആഹ്വാനം ചെയ്തതോടെ കടകളിലെ കൊളോന്‍ കുപ്പികളെല്ലാം കാലിയായി. എല്ലായിടത്തേയും പോലെ കൊളോന്‍ കരിഞ്ചന്ത വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇസ്താംബൂള്‍ പോലീസ് ഒരു അനധികൃത കൊളോന്‍ നിര്‍മ്മാണ ശാല റെയ്ഡ് ചെയ്ത് അനധികൃത കൊളോന്‍ പിടിച്ചെടുത്തിരുന്നു.

കൊറോണ പ്രതിരോധ പദ്ധതിയുടെ ഭാഗമായി മാസ്‌കുകളും കൊളോനും 65വയസ്സ് പിന്നിട്ട എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് റജബ് ത്വയപ് ഒര്‍ദുഗാനും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊളോന്‍ കൊറോണ വൈറസിനെതിരായ ശാസ്ത്രീയമായ പ്രതിരോധ ആയുധമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. കൊറോണ വൈറസിന്റെ പുറം ആവരണം തകര്‍ക്കാന്‍ ആല്‍ക്കഹോളിന് കഴിയുമെന്ന് ടര്‍ക്കിഷ് സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ബോര്‍ഡ് അംഗം പ്രൊഫ. ബുലെന്ദ് എര്‍തുഗ്രുല്‍ പറയുന്നു. പുതിയ കൊറോണ വൈറസിനെതിരായ ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം കൈകള്‍ സോപ്പിട്ട് കഴുകലാണ്. സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ 60 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകല്‍ ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു. കൊളോന്‍ ഈ ഉപയോഗത്തിന് അനുയോജ്യമാണ്. ‘കൊളോനില്‍ 70 ശതമാനത്തോളം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. അതു കൊണ്ടാണ് കോവിഡ്19നെ തുരത്താന്‍ ഹാന്‍ഡ് സാനിറ്റൈസറായി ഇതുപയോഗിക്കുന്നത്.’

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.