Connect with us

Life

കിഡ്‌നി സ്‌റ്റോണ്‍; പ്രതിരോധവും പ്രതിവിധിയും

Published

on

ഡോ. അന്‍ഷിദ് അഹമ്മദ്

കിഡ്‌നി സ്റ്റോണ്‍ (Kidney Stone) അഥവാ മൂത്രക്കല്ല് ഇന്ന് സര്‍വ വ്യാപകമായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. അസഹ്യമായ വേദനക്കും ശാരീരിക അസ്വസ്ഥതക്കും കാരണമാകുന്ന ഇത് 20 മുതല്‍ 50 വരെ പ്രായമുള്ള ആളുകളെയാണ് സാധാരണ ബാധിക്കുന്നത്. മറ്റെല്ലാ ജീവിതശൈലീ രോഗങ്ങളെയും പോലെ ആളുകള്‍ക്കിടയില്‍ ഇതിന്റെ വ്യാപനം ഇക്കാലത്ത് അതിവേഗത്തിലാണ് സംഭവിക്കുന്നത്. സാധാരണ ഗതിയില്‍ ആരോഗ്യവാന്മാരെന്ന് കരുതപ്പെടുന്ന ആളുകളിലും സംഭവിക്കാം എന്നതാണ് മൂത്രക്കല്ലിന്റെ പ്രത്യേകത. മറ്റെല്ലാ ജീവിതശൈലീ രോഗങ്ങളെയും പോലെ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനുള്ളില്‍ മൂത്രക്കല്ല് ബാധിതരുടെ എണ്ണം അതിദ്രുത ഗതിയിലാണ് വര്‍ധിക്കുന്നത്. പുരുഷന്മാരിലാണ് വ്യാപകമായി കാണപ്പെടുന്നതെങ്കിലും പകുതി സാധ്യത സ്ത്രീകള്‍ക്കുമുണ്ട്.

എന്താണ് കാരണം?
മൂത്രക്കല്ല് ഉണ്ടാകുന്നതിന് ഒരു പ്രത്യേക കാരണം ചൂണ്ടിക്കാട്ടാന്‍ കഴിയുകയില്ല. പാരമ്പര്യം, ജനിതക ഘടകങ്ങള്‍, ഭക്ഷണ രീതി, ജീവിതശൈലി, കാലാവസ്ഥ, ശരീരാന്തര്‍ഭാഗത്തെ പ്രവര്‍ത്തനങ്ങളുടെ വൈകര്യം എന്നിവയൊക്കെ കാരണമാവാറുണ്ട്. പാരമ്പര്യ, ജനിതക കാരണങ്ങള്‍ ഇല്ലാത്ത മിക്കവരിലും വെള്ളം കുടിക്കുന്നതിലെ കുറവാണ് ഈ പ്രശ്‌നത്തിലേക്ക് പ്രധാനമായും നയിക്കുന്നത്.

ശരീരത്തിനുള്ളിലെ ഓരോ അവയവത്തിനും ദൗത്യങ്ങളും നിരന്തര പ്രവര്‍ത്തനങ്ങളുമുണ്ട് എന്നറിയാമല്ലോ. വൃക്കയുടെ ദൗത്യം രക്തം അരിച്ച് മാലിന്യങ്ങള്‍ പുറത്തുകളയുക എന്നതാണ്. ഇത്തരത്തില്‍ അരിച്ചെടുക്കുന്ന മാലിന്യങ്ങള്‍ വെള്ളത്തില്‍ അലിയിച്ച് മൂത്രം വഴിയാണ് പുറത്തുകളയുന്നത്.

സ്വാഭാവിക പ്രക്രിയയില്‍ മൂത്രത്തില്‍ അലിയാന്‍ ബുദ്ധിമുട്ടുള്ളവയാണ് കാല്‍സ്യം, ഓക്‌സലൈറ്റ്, യൂറിക് ആസിഡ്, ഫോസ്‌ഫേറ്റ് തുടങ്ങിയ മിനറലുകള്‍. അലിയാന്‍ ആവശ്യമായ ജലാംശം ഇല്ലാതാകുമ്പോള്‍ അവ ചെറുതരികളായി രൂപപ്പെടുകയും പരലുകളായി അടിയുകയും ചെയ്യുന്നു. ഇങ്ങനെ അടിയുന്ന ഒരേതരത്തിലുള്ള പരലുകള്‍ കൂടിച്ചേര്‍ന്നോ പല തരത്തിലുള്ള പരലുകള്‍ ഒരുമിച്ചോ കല്ലായി രൂപാന്തരം പ്രാപിക്കുന്നു.

ഇങ്ങനെ വൃക്കയില്‍ രൂപപ്പെടുന്ന കല്ലുകളാണ് അസഹ്യമായ വേദനക്ക് കാരണമായിത്തീരുന്നത്. വൃക്കയില്‍ നിന്ന് മൂത്രനാളിയിലേക്കു നീങ്ങുമ്പോഴോ അവിടെ എത്തിയ ശേഷമോ മൂത്രസഞ്ചിയിലോ വെച്ചാണ് വേദന അനുഭവപ്പെടുക. ഈ കല്ലുകള്‍ക്ക് കൂര്‍ത്ത വശങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവ മൂത്രനാളിയിലോ സഞ്ചിയിലോ തട്ടുമ്പോള്‍ കഠിനമായ വേദനയുണ്ടാകുന്നു.

എങ്ങനെ തടയാം?
ഒരിക്കല്‍ ഉണ്ടായി സുഖപ്പെട്ടവരില്‍ മൂത്രക്കല്ല് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും അഭികാമ്യം.

വെള്ളം കുടിക്കുക: ജീവിതശൈലിയിലും ഭക്ഷണരീതികളിലും ആരോഗ്യപരമായ മാറ്റം വരുത്തുന്നത് ഗുണകരമാവും. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഇവയില്‍ ഏറ്റവും പ്രധാനം. മൂത്രക്കല്ലിന് കാരണമാകുന്ന വസ്തുക്കളെ നീക്കംചെയ്യാന്‍ വെള്ളംകുടി വര്‍ധിപ്പിക്കുക വഴി കഴിയും. ദിവസവും രണ്ടു ലിറ്റര്‍ മൂത്രമൊഴിക്കാനുള്ള വെള്ളം കുടിക്കണം. ഏകദേശം എട്ട് മുതല്‍ പത്തുവരെ ഗ്ലാസ് വെള്ളം മതിയാവും. ശുദ്ധജലം കുടിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മിനറലുകള്‍ കൂടിയ അളവില്‍ കലര്‍ന്ന വെള്ളം കുടിക്കുമ്പോള്‍ വൃക്കയില്‍ ചെറുതരികള്‍ അടിയാനുള്ള സാധ്യത കൂടുതലാണ്.

നാരങ്ങ നീര്: ലെമണ്‍ ജ്യൂസും ഓറഞ്ച് ജ്യൂസും കഴിക്കുന്നത് മൂത്രക്കല്ല് തടയാനുള്ള പ്രകൃതിദത്ത മുന്‍കരുതലാണ്. ഇവയിലെ സിട്രിക് ആസിഡ്, കല്ല് രൂപപ്പെടുന്ന തരികളെ പലവിധത്തില്‍ നശിപ്പിച്ച് പുറത്തുകളയുന്നു. മൂത്രത്തിലെ കാല്‍സ്യവുമായി കൂടിച്ചേരുന്ന സിട്രേറ്റ്, കാല്‍സ്യം ഓക്‌സേറ്റ് കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത കുറക്കുന്നു. യൂറിക് ആസിഡ് കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യതയും സിട്രിക് ആസിഡ് ചെറുക്കുന്നു.

ഒരു ദിവസം അരക്കപ്പ് നാരങ്ങനീര് കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണിനെതിരായ ഫലപ്രദമായ ചികിത്സയാണ്. മൂത്രക്കല്ലിനുള്ള പ്രധാന മരുന്നായ പൊട്ടാഷ്യം സിട്രേറ്റ് ഗുളികയുടെ പ്രവര്‍ത്തനം തന്നെയാണ് ഇത് നടത്തുന്നത്. നാലോ അഞ്ചോ നാരങ്ങ നാല് ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് ഒറ്റയടിക്കോ അല്‍പാല്‍പമായോ കുടിക്കുക. സിട്രിക് ആസിഡ് കൂടുതലുള്ള ആപ്പിള്‍ സുര്‍ക്കയും ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്.

മാഗ്നിഷ്യം: ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നിഷ്യം ഉള്‍പ്പെടുത്തുന്നത് മൂത്രക്കല്ല് നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. മത്തങ്ങക്കുരു, ചീര, മുരിങ്ങയില, ബദാം കശുവണ്ടിപ്പരിപ്പ് പോലുള്ള നട്ട്‌സ് എന്നിവ മാഗ്നിഷ്യം വര്‍ധിപ്പിക്കാന്‍ നല്ലതാണ്. നട്ട്‌സ് കഴിക്കുമ്പോള്‍ അവ രണ്ടു മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കണം. നട്ട്‌സും കുരുക്കളും കുറഞ്ഞ അളവില്‍ മതി. മാഗ്നിഷ്യത്തിന്റെ അളവ് കുറക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. കാപ്പികുടി അത്തരത്തിലുള്ളതാണ്. ആവശ്യത്തിലധികമുള്ള മാഗ്നിഷ്യം വിപരീത ഫലം ചെയ്യുമെന്ന് പ്രത്യേകം ഓര്‍ക്കുക.

ഉപ്പ് കുറക്കുക: ആവശ്യത്തിലധികം ഉപ്പ് (സോഡിയം) അകത്താക്കുന്നവരില്‍ കാല്‍സ്യം കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഉപ്പ് തീരെ ഒഴിവാക്കണമെന്നല്ല ഉദ്ദേശിച്ചത്. ഫ്രൈഡ് ചിക്കന്‍ അടക്കമുള്ള പ്രോസസ്ഡ് / കാന്‍ഡ് / പ്രിസര്‍വ്ഡ് ഫുഡ്‌സില്‍, അവ കഴിക്കുമ്പോള്‍ അറിയില്ലെങ്കിലും ഉപ്പിന്റെ അംശം വളരെ കൂടുതലുണ്ട്. ടിന്നിലടച്ച മാംസം കേടാവാതിരിക്കാന്‍ സോഡിയത്തിന്റെ വിവിധ രൂപങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്.

പൊട്ടാഷ്യം: സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാന്‍ നല്ലൊരു മാര്‍ഗം പൊട്ടാഷ്യം അടങ്ങുന്ന ഭക്ഷണം കഴിക്കുക എന്നതാണ്. വാഴപ്പഴം, ഇലക്കറികള്‍, കുമ്പളം, ഉരുളക്കിഴങ്ങ്, അവക്കാഡോ എന്നിവ പൊട്ടാഷ്യം സമ്പന്നമായ ഭക്ഷണങ്ങളാണ്.

മാംസാഹാരം നിയന്ത്രിക്കാം: ബീഫ് പോലുള്ള റെഡ്മീറ്റ്, പക്ഷിയിറച്ചി, മുട്ട, കടല്‍മത്സ്യം തുടങ്ങിയവ യൂറിക് ആസിഡിന്റെ അംശം വര്‍ധിക്കാനും അതുവഴി കല്ലിനും സാധ്യതയുണ്ടാക്കുന്നു. ഒരിക്കല്‍ കിഡ്‌നി സ്റ്റോണ്‍ ബാധിച്ചവര്‍ മാംസാഹാരം ആഴ്ചയിലൊരിക്കല്‍, അതും മിതമായി മാത്രം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

എങ്ങനെ തിരിച്ചറിയാം?
അള്‍ട്രാസൗണ്ട് സ്‌കാന്‍ വഴി കല്ലിന്റെ സ്ഥാനവും വലിപ്പവും തിരിച്ചറിയാന്‍ കഴിയും. പക്ഷേ, രൂപീകരണ ഘട്ടത്തിലുള്ള തീരെ ചെറിയ കല്ലുകള്‍ അള്‍ട്രാസൗണ്ട് സ്‌കാനില്‍ തിരിച്ചറിയാന്‍ കഴിയണമെന്നില്ല. സി.ടി സ്‌കാന്‍, എം.ആര്‍ യൂറോഗ്രാം എന്നിവയാണ് ഇതിന് ആശ്രയിക്കാവുന്നത്, പക്ഷേ ചെലവ് കൂടുമെന്ന് മാത്രം. മൂത്രപരിശോധനയിലൂടെയും കല്ലിന്റെ സാന്നിധ്യം അറിയാന്‍ കഴിയും. മൂത്രം ശേഖരിച്ച് 24 മണിക്കൂര്‍ സൂക്ഷിച്ച് അതിലെ കാല്‍സ്യം ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നിവ നിര്‍ണയിക്കുന്നതാണ് മൂത്രപരിശോധനാ രീതി.

ചികിത്സാ രീതികള്‍
മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ കല്ല് കണ്ടെത്തിയാല്‍, വലിപ്പവും സ്ഥാനവുമനുസരിച്ച് ചികിത്സകള്‍ പലതരത്തിലുള്ളതാണ്. നാല് മില്ലിമീറ്ററില്‍ ചെറിയ കല്ലുകള്‍ മൂത്രത്തിലൂടെ പോയ്‌ക്കൊള്ളും. ധാരാളം വെള്ളംകുടിക്കുക എന്നതുതന്നെ അതിനുള്ള ചികിത്സ.

മൂത്രത്തിന്റെ അളവ് കൂട്ടാനുള്ള മരുന്നുകള്‍ രോഗിക്ക് നല്‍കാറുണ്ട്. മരുന്നുകള്‍ നല്‍കി കല്ല് അലിയിച്ചു കളയുക എന്നത് ഫലപ്രദമല്ല.

ആയുര്‍വേദത്തില്‍ കല്ലുരുക്കി എന്ന സസ്യം അരച്ച് ദിവസവും രണ്ടുനേരം കഴിച്ചാല്‍ കല്ല് ഉരുകിപ്പോകും എന്ന് പറയുന്നുണ്ട്.

കല്ലുകള്‍ അപകടകരമാവുമ്പോള്‍ അവ ശസ്ത്രക്രിയ വഴിയോ അല്ലാതെയോ എടുത്തുമാറ്റേണ്ടിവരും. വലിയ കല്ലുകള്‍ മൂത്രത്തിലൂടെ ഒഴിഞ്ഞുപോകില്ല. അത് മൂത്രതടസ്സം, വേദന, രക്തസ്രാവം, അണുബാധ, പഴുപ്പ് എന്നിവക്ക് കാരണമാവാം. അത്തരം സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നേക്കും. ശരീരം തുറന്നുള്ള ചികിത്സകള്‍ ഇപ്പോള്‍ അധികം ആവശ്യമായി വരാറില്ല. കല്ലിന്റെ സ്ഥാനം യന്ത്രസഹായത്തോടെ നിര്‍ണയിച്ച് ഊര്‍ജതരംഗങ്ങള്‍ കടത്തിവിട്ട് പൊടിച്ചുകളയുന്ന ഇ.എസ്.ഡബ്ല്യു.എല്‍ ആണ് ഒരു ചികിത്സ. ഇത് വേദനയുണ്ടാക്കാത്തതും സുരക്ഷിതവുമാണ്.

കാഠിന്യമേറിയ കല്ലുകള്‍ പൊടിച്ചുകളയാന്‍ പി.സി.എന്‍.എല്‍ എന്ന ശസ്ത്രക്രിയ ഉപയോഗിക്കുന്നു. രോഗിക്ക് അനസ്തീഷ്യനല്‍കി ശരീരത്തില്‍ സുഷിരമുണ്ടാക്കിയാണ് ഇത് ചെയ്യുന്നത്. ഒന്നില്‍ക്കൂടുതല്‍ കല്ലുണ്ടെങ്കില്‍ ഒന്നിലധികം സുഷിരങ്ങള്‍ വേണ്ടിവരും.

മൂത്രവാഹിനിക്കുള്ളിലെ കല്ല് നീക്കംചെയ്യാന്‍ യൂറിറ്ററോസ്‌കോപ്പി ഉപയോഗിക്കുന്നു. മൂത്രക്കുഴലിലൂടെ മൂത്രസഞ്ചിവഴി യൂറിറ്ററോസ്‌കോപ്പ് എന്ന ഉപകരണം കടത്തിയാണ് ഇത് ചെയ്യുന്നത്. മൂത്രസഞ്ചിയിലാണ് കല്ലെങ്കില്‍ സിസ്റ്റോലിത്തോട്രിപ്‌സിയാണ് ചികിത്സ. മൂത്രക്കുഴലിലോ അടിവയറ്റിലോ ഉപകരണം കടത്തിയാണ് ഇത് ചെയ്യുക.

India

‘ഓക്‌സ്‌ഫെഡ്’ വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിലും; ഉല്‍പ്പാദനം വൈകാതെ

ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്‌സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും

Published

on

പൂനെ: ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റി പുതുതായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ ഇന്ത്യയിലും പരീക്ഷിക്കാനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇതിനായി ബ്രിട്ടീഷ് ഗവേഷകരുമായി കൈകോര്‍ക്കുന്നത്. ലൈസന്‍സ് ലഭിച്ചാലുടന്‍ വാക്‌സിന്‍ പരീക്ഷണം തുടങ്ങാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി. ഇതുവരെ വികസിപ്പിച്ചെടുത്ത വാക്‌സിനുകളില്‍ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഏറെ വിജകരമെന്നു കണ്ട AZD1222 വാക്‌സിനാണ് ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ കണ്ടെത്തിയ പ്രതിരോധ മരുന്ന്. ഇതിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വളരെ അനുകൂല ഫലങ്ങളാണ് ലഭിച്ചിരുന്നത്. ഈ വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഈ വാക്‌സിന്‍ നിസാരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എങ്കിലും ഇത് പാരാസെറ്റമോള്‍ കഴിക്കുന്നതിലൂടെ ലഘൂകരിക്കാവുന്നതാണെന്നും ഗവേഷകര്‍ പറയുന്നു.

പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്ന ഫലമാണ് തന്നിരിക്കുന്നതെന്നും ഇന്ത്യയില്‍ പരീക്ഷണ ലൈസന്‍സ് ലഭിക്കുന്നതിന് ഒരാഴ്ച്ചക്കകം അപേക്ഷ നല്‍കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പുനവാല പറഞ്ഞു. ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്‌സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് കോവാക്‌സിന്‍ എന്ന പ്രതിരോധ മരുന്നിന്റെ മനുഷ്യരിലുള്ള ആദ്യ പരീക്ഷണം തുടങ്ങിയതിനു പിന്നാലെയാണ് ഓക്‌സ്‌ഫെഡ് വാക്‌സിന്‍ പരീക്ഷണ ഫലം പുറത്തു വന്നത്. ഇന്ത്യന്‍ വാക്‌സിന്റെ ആദ്യ ഫലമറിയാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയമെടുക്കുമെന്ന് ദല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നു.

ലോകത്ത് വിവിധയിടങ്ങളിലായി നൂറിലെറെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇവയിലൊന്നാണ് ഓക്‌സഫെഡ് വാക്‌സിന്‍. ഈ വാക്‌സിന്‍ ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയത് ഏപ്രില്‍ 23നാണ്. ഈ ഫലമാണ് ഇപ്പോള്‍ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Continue Reading

Life

കോവിഡിനു ശേഷം ലോകത്തിന് എന്തു സംഭവിക്കും?

ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ.

Published

on

എന്തൊക്കെ ശേഷിപ്പിച്ചാകും കോവിഡ് 19 എന്ന മഹാമാരി തിരിച്ചുപോകുക എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ലോകം മുഴുവനും ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഈ മഹാമാരിയെ കീഴ്പ്പെടുത്താനായിട്ടില്ല. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഈ പ്രതിസന്ധിയുടെ ആഴവും അളവും വളരെ വലുതായിരിക്കും. ഇതിന് മുന്നില്‍ ബെര്‍ലിന്‍ മതിലിന്റെ പതനമോ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോ ഒന്നുമാകില്ല. ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ.

ജീവിതങ്ങള്‍ തകര്‍ക്കുകയും വിപണികളെ തച്ചുടക്കുകയും ചെയ്യും. സര്‍ക്കാരുകളുടെ കഴിവും കഴിവുകേടും തുറന്നു കാട്ടും. രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരമായ മാറ്റങ്ങളിലേക്ക് നയിക്കും. രാജ്യം എന്ന നിലയില്‍ അതിലെ ദേശീയതയെ ഈ പകര്‍ച്ചവ്യാധി ശക്തിപ്പെടുത്തിയേക്കാം. പ്രതിസന്ധി മറി കടക്കുന്നതിന് സര്‍ക്കാരുകള്‍ പുതിയ അധികാരങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷെ ഇതവസാനിക്കുമ്പോള്‍ ഈ പുതിയ അധികാരങ്ങള്‍ വിട്ടു കൊടുക്കാനാകാതെപിടി മുറുക്കാനും സാധ്യതയുണ്ട്.

പടിഞ്ഞാറിന്റെ അധികാര ഗര്‍വുകള്‍ ഇല്ലാതാകുന്ന മാറ്റവും ഒരു പക്ഷെ സംഭവിച്ചേക്കാം. അതിനു മുന്നോടിയെന്ന നിലയിലാണ് രോഗത്തിന്റെ വ്യാപനം തടയാന്‍ കിഴക്കും പടിഞ്ഞാറും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കാണേണ്ടത്. കിഴക്കന്‍ രാജ്യങ്ങള്‍ ശക്തമായ നിയന്ത്രങ്ങളുമായി മുന്നോട്ടു പോയപ്പോള്‍, യൂറോപ്പും അമേരിക്കയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അലംഭാവമായിരുന്നു. ‘പാശ്ചാത്യം’ എന്ന ബ്രാന്‍ഡ് നെയിമിന് മങ്ങലേല്‍പ്പിക്കുന്ന നടപടികള്‍ക്കാണ് ലോക സാക്ഷ്യം വഹിച്ചത്.

സംരക്ഷണത്തിനായി പൗരന്മാര്‍ സര്‍ക്കാരുകളെ ആശ്രയിക്കുകയും സര്‍ക്കാരുകള്‍ ഭാവിയിലെ അപകട സാധ്യത കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, നമ്മള്‍ ഹൈപ്പര്‍ ഗ്ലോബലൈസേഷനില്‍ നിന്നും ബഹുദൂരം പിന്നിലേക്ക് പോകേണ്ടി വരും. ഭൂമിയിലെ 7.8 ബില്യണ്‍ ജനങ്ങളില്‍ ഓരോരുത്തര്‍ക്കും പൊതുജനാരോഗ്യം എന്നത് ഒരു ചോദ്യചിഹ്നമാകും. വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി 2008-2009 ലെ മഹാ മാന്ദ്യത്തേക്കാളും വളരെ വലുതായിരിക്കും. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെയും ശാശ്വത സന്തുലിതാവസ്ഥയെയും ഈ വൈറസ് സ്ഥിരമായി മാറ്റും.

സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ മുന ഈ വൈറസ് ഒടിക്കും. സര്‍ക്കാരുകളെയും സമൂഹങ്ങളെയും ദീര്‍ഘ കാലത്തോളംസാമ്പത്തിക ഐസൊലേഷനില്‍ നിര്‍ത്താനും കാരണമാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പരസ്പര പ്രയോജനകരമെന്ന് നിര്‍വചിച്ചിരുന്ന ഗ്ലോബലൈസേഷനിലേക്ക് ലോകം മടങ്ങി വരാന്‍ സാധ്യത കുറവാണ്.

ആഗോള സാമ്പത്തിക ദിശകളെ ഈ വൈറസ് അടിസ്ഥാനപരമായി മാറ്റില്ല. അതേസമയം, ഇതിനകം ആരംഭിച്ച ഒരു മാറ്റത്തെ ത്വരിതപ്പെടുത്തും: യു.എസ് കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തില്‍ നിന്ന് ചൈന കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തിലേക്കായിരിക്കും നീക്കം. ചൈനീസ് ജനതയുടെ മത്സര ബുദ്ധിയും അധ്വാന ശീലവും അവരെ അങ്ങനെയാക്കിയെടുക്കാന്‍ ചൈനീസ് നേതാക്കള്‍ നടത്തിയ പരിശ്രമത്തിന്റെയും ഫലമായിരിക്കും അത്.

മാറ്റമില്ലാതാകുന്നത് ലോക രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ വൈരുദ്ധ്യ സ്വഭാവത്തിനാണ്.1918-1919 ലെ പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ബാധകള്‍ അധികാര വൈരാഗ്യം അവസാനിപ്പിക്കുകയോ ആഗോള സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുകയോ ചെയ്തില്ല. ഈ വൈറസിനും ആ ശേഷിയുണ്ടാകുമെന്ന് കരുതാനാകില്ല.

ഈ പകര്‍ച്ചവ്യാധിയുടെ അവസാനം എന്തായിരിക്കും? മനുഷ്യന്‍ തന്റെ സത്തയെ അതിശക്തമായി തിരിച്ചറിയുന്ന സമയമായിരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജോലിക്കാര്‍, രാഷ്ട്രീയ നേതാക്കള്‍, സാധാരണ പൗരന്മാര്‍ എന്നിവരെല്ലാം ഈ അസാധാരണ പ്രതിഭാസത്തെ എങ്ങിനെ നേരിട്ടുവെന്നത് മനുഷ്യരാശിക്കും പുതിയ ദിശാബോധവും ഐക്യചിന്തയും നല്‍കുമെന്ന് തീര്‍ച്ചയാണ്. ഓരോ പ്രതിസന്ധിയില്‍നിന്നും പുതിയ വിജയങ്ങള്‍ നേടാന്‍ മനുഷ്യന് അസാധാരണമായ കഴിവുണ്ട്. കോവിഡിന് ശേഷവും അങ്ങിനെയൊരു ലോകമുണ്ടായേക്കാം.

Continue Reading

Life

കൊളോന്‍: കൊറോണയെ തുരത്തുന്ന തുര്‍ക്കികളുടെ രഹസ്യായുധം

തുര്‍ക്കികളുടെ ജീവിത ശൈലിയുടെ ഭാഗമായ കൊളോന്‍ കൊറോണ ബാധയെ തടയുന്നത് ഇങ്ങനെ

Published

on

തുര്‍ക്കിയില്‍ ഭക്ഷണശാലയില്‍ പോയാലും ബാര്‍ബറുടെ അടുത്തു പോയാലും അല്ലെങ്കില്‍ ബസിലെ ഒരു യാത്ര ആണെങ്കിലും കൊളോന്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ഒരു ശീലം കാലങ്ങളായുണ്ട്. ടര്‍ക്കിഷ് ആതിഥ്യത്തിന്റെ ഒരു അടയാളമായും ശുചിത്വം സംരക്ഷിക്കുന്നതിനുള്ള സഹായമായും ഇതു കണക്കാക്കപ്പെടുന്നു. തുര്‍ക്കിയിലെ എല്ലാ വീടുകളിലും സര്‍വസാധാരണയായി കാണുന്ന കൊളോന്‍ ഈ കൊറോണ കാലത്ത് താരമായിരിക്കുകയാണ്. കാരണം കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ടര്‍ക്കിഷ് ജനതയുടെ രഹസ്യായുധമാണ് ഇപ്പോള്‍ കൊളോന്‍. കൊറോണ വൈറസ് വ്യാപനത്തോടെ വന്‍ ഡിമാന്‍ഡാണ് കൊളോനിപ്പോള്‍.

കൊറോണ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് സോപ്പ് ഉപയോഗിച്ചോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ഇടക്കിടെ വൃത്തിയാക്കുക എന്നത്. പകുതിയിലേറെ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ കൈകളിലെ സൂക്ഷ്മാണുക്കളെ പൂര്‍ണമായും ഇല്ലാതാക്കുന്നതു വഴി രോഗം പകരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഈ അറിയിപ്പു വന്നതോടെ ടര്‍ക്കിഷ് ജനതയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. അവര്‍ കൈകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കൊളോനും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ആണ്. കൊറോണ മുന്നറിയിപ്പുകള്‍ വന്നതോടെ ആളുകള്‍ വന്‍തോതില്‍ കൊളോന്‍ വാങ്ങാന്‍ തുടങ്ങി. ആദ്യ കൊറോണ കേസ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ഇസ്താബുളിലെ കടകളില്ലെല്ലാം കൊളോന്‍ വാങ്ങാന്‍ വന്‍ജനത്തിരക്കാണ് ഉണ്ടായത്.

കൊളോന്‍ വിറ്റഴിഞ്ഞു, സ്റ്റോക്കില്ല എന്ന ബോര്‍ഡുകളാണ് കടകള്‍ക്കും ഫാര്‍മസികള്‍ക്കും മുമ്പില്‍ ഇപ്പോള്‍ കാണാനാകുക. വഴികളില്ലെല്ലാം ഇടക്കിടെ കൊളോന്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ആളുകളെ കാണാം. ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ക്കും ഇതു നല്‍കുന്നു. വടക്കുപടിഞ്ഞാറന്‍ പട്ടണമായ ഇസ്മിറ്റില്‍ ഒരു സന്നദ്ധ സംഘടന പ്രായമേറിയവര്‍ക്ക് കൊളോനും റൊട്ടിയും സൗജന്യമായി വിതരം ചെയ്യുന്ന വാര്‍ത്തയും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ഏതാനും ആഴ്ചകളായി കച്ചവടക്കാരില്‍ നിന്നും ആയിരക്കണക്കിന് ഓര്‍ഡറുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഇവര്‍ക്കെല്ലാം വിതരണം ചെയ്യാന്‍ ഉല്‍പ്പന്നമില്ലെന്നും പരമ്പരാഗത കൊളോന്‍ നിര്‍മാണത്തില്‍ പേരുകേട്ട എയുബ് സബ്‌രി തുന്‍ജര്‍ പറയുന്നു. ഓണ്‍ലൈനായി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കമ്പനി പറയുന്നു.

കൊറോണ വൈറസിനെ അകറ്റാന്‍ ഹാന്‍ഡ്‌സാനിറ്റൈസറുകല്‍ക്ക് പകരമായി കൊളോന്‍ ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രി ഫഹ്‌റെദീന്‍ കോജ ആഹ്വാനം ചെയ്തതോടെ കടകളിലെ കൊളോന്‍ കുപ്പികളെല്ലാം കാലിയായി. എല്ലായിടത്തേയും പോലെ കൊളോന്‍ കരിഞ്ചന്ത വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇസ്താംബൂള്‍ പോലീസ് ഒരു അനധികൃത കൊളോന്‍ നിര്‍മ്മാണ ശാല റെയ്ഡ് ചെയ്ത് അനധികൃത കൊളോന്‍ പിടിച്ചെടുത്തിരുന്നു.

കൊറോണ പ്രതിരോധ പദ്ധതിയുടെ ഭാഗമായി മാസ്‌കുകളും കൊളോനും 65വയസ്സ് പിന്നിട്ട എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് റജബ് ത്വയപ് ഒര്‍ദുഗാനും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊളോന്‍ കൊറോണ വൈറസിനെതിരായ ശാസ്ത്രീയമായ പ്രതിരോധ ആയുധമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. കൊറോണ വൈറസിന്റെ പുറം ആവരണം തകര്‍ക്കാന്‍ ആല്‍ക്കഹോളിന് കഴിയുമെന്ന് ടര്‍ക്കിഷ് സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ബോര്‍ഡ് അംഗം പ്രൊഫ. ബുലെന്ദ് എര്‍തുഗ്രുല്‍ പറയുന്നു. പുതിയ കൊറോണ വൈറസിനെതിരായ ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം കൈകള്‍ സോപ്പിട്ട് കഴുകലാണ്. സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ 60 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകല്‍ ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു. കൊളോന്‍ ഈ ഉപയോഗത്തിന് അനുയോജ്യമാണ്. ‘കൊളോനില്‍ 70 ശതമാനത്തോളം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. അതു കൊണ്ടാണ് കോവിഡ്19നെ തുരത്താന്‍ ഹാന്‍ഡ് സാനിറ്റൈസറായി ഇതുപയോഗിക്കുന്നത്.’

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.