Connect with us

Life

ഈ ചിത്രത്തിലെ പെണ്‍കുട്ടി ഇപ്പോള്‍ എവിടെ? പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ ഫോട്ടോയ്ക്കു പിന്നിലെ കഥ

Published

on

കിം ഫുക് ഫന്‍ തി. പേരു പറഞ്ഞാല്‍ ആളെ മനസ്സിലായേക്കില്ല. പക്ഷേ, ഒരൊറ്റ ഫോട്ടോഗ്രാഫ് കാണുമ്പോള്‍ എല്ലാം വ്യക്തമാവും. പുലിറ്റ്‌സര്‍ പ്രൈസ് നേടിയ, 1987-ല്‍ ഫോട്ടോ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട വിഖ്യാത ചിത്രം. വിയറ്റ്‌നാമില്‍ ബോംബ് സ്‌ഫോടനത്തില്‍നിന്നു രക്ഷപ്പെടാനായി ഒരുപറ്റം കുട്ടികള്‍ ഹൈവേയിലൂടെ കരഞ്ഞു കൊണ്ടോടുന്നു. ചിത്രത്തിനു നടുവില്‍, തീപിടിച്ച വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞ് വലിയ വായില്‍ നിലവിളിച്ചു കൊണ്ടോടുന്ന എട്ടുവയസ്സുകാരി. അതെ. അവളാണ് കിം ഫുക് ഫാന്‍ തി. അമേരിക്കയുടെ വിയറ്റ്‌നാം അധിനിവേശം സാധാരണക്കാരെയും കുട്ടികളെയും എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ യഥാര്‍ത്ഥ ചിത്രം പുറംലോകത്തെത്തിച്ച ചരിത്രപരമായ ചിത്രത്തിലെ പ്രധാന കഥാപാത്രം. ഒരുപക്ഷേ, വിയറ്റ്‌നാമില്‍ നിന്ന് അമേരിക്കയുടെ പിന്മാറ്റത്തിനു തന്നെ കാരണമായി അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക്ക് ഉത്തിന്റെ ആ ഒറ്റ ക്ലിക്ക്.

1963-ല്‍ ജനിച്ച കിം ഫുകിന് ഒമ്പത് വയസ്സുള്ളപ്പോഴാണ് ചിത്രത്തിലെ സംഭവം നടക്കുന്നത്. യു.എസ് അധിനിവേശത്തിനെതിരെ വിയറ്റ്‌നാമില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സമയം. 1972 ജൂണ്‍ എട്ടിന് ഒരു മതകീയ ചടങ്ങിനു വേണ്ടി ദക്ഷിണ വിയറ്റ്‌നാമിലെ ട്രാംഗ് ബാംഗിലെ ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു കിമ്മും കുടുംബവും. കൂടെ വിയറ്റ്‌നാം പട്ടാളക്കാരുമുണ്ടായിരുന്നു. ഇതേസമയം, അവര്‍ ശത്രുസൈന്യമാണെന്ന് തെറ്റിദ്ധരിച്ച് അതുവഴി പറന്നുപോയ വിയറ്റ്‌നാം യുദ്ധവിമാനത്തിലെ പൈലറ്റ് ബോംബ് വര്‍ഷിച്ചു. ‘നാപാം’ എന്ന കത്തിപ്പിടിക്കുന്ന രാസവസ്തുവടങ്ങിയ ബോംബ് രണ്ടുപേരുടെ തല്‍ക്ഷണ മരണത്തിനിടയാക്കി. നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഒറ്റ നിമിഷത്തില്‍ സ്‌ഫോടന ശബ്ദവും ഒപ്പം ചുറ്റും ആളുന്ന തീനാളവും കിമ്മിനെ പൊതിഞ്ഞു. അവളുടെ കുഞ്ഞുടുപ്പിന് തീപിടിച്ചു. കൈകളും ശരീരവും പൊള്ളി തൊലിയടര്‍ന്നു. പരിഭ്രാന്തിയില്‍ ഉടുപ്പ് ഊരിയെറിഞ്ഞ് അവള്‍ ‘ചൂട്, ചൂട്, ചൂട്’ എന്നാര്‍ത്തുവിൡ് റോഡിലൂടെ സഹായം തേടി ഓടി. ബോംബിംഗിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് ചരിത്രം കുറിച്ച ആ ചിത്രം നിക്ക് ഉത്തിന്റെ ക്യാമറയില്‍ പതിഞ്ഞത്. പേടിച്ചരണ്ട ആ ഓട്ടത്തില്‍ ചിത്രത്തില്‍ കിമ്മിനൊപ്പം കാണുന്ന കുട്ടികള്‍ അവരുടെ സഹോദരങ്ങളാണ്.

ഒരുപറ്റം പത്രപ്രവര്‍ത്തകര്‍ക്കിടയിലേക്കാണ് കിമ്മും സഹോദരങ്ങളും ഓടിച്ചെന്നത്. കുട്ടികള്‍ക്ക് അവര്‍ വെള്ളം കൊടുത്തു. അവളുടെ പൊള്ളലിനു മേല്‍ വെള്ളമൊഴിച്ചു. വെള്ളം കുടിച്ചയുടന്‍ ബോധം കെട്ടുവീണ കിം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

ശരീരത്തില്‍ പൊള്ളലിന്റെ പാടുകളുമായാണ് കിം വളര്‍ന്നത്. ഒരു ഡോക്ടറാവാനായിരുന്നു അവള്‍ക്ക് ആഗ്രഹം. പക്ഷേ, ലോകപ്രശസ്ത ചിത്രത്തിലെ താരമായ അവളെ പ്രചരണായുധമാക്കുകയാണ് വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ചെയ്തത്. അതോടെ, പഠനം പൂര്‍ത്തിയാക്കാതെ കോളേജ് വിടേണ്ടിവന്നു. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ 1986-ല്‍ മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ പഠനം തുടരാന്‍ കിമ്മിന് അനുവാദം ലഭിച്ചു. അന്നത്തെ വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം വാന്‍ ദോംഗ് അവളുടെ സുഹൃത്തും രക്ഷിതാവുമായി മാറി.

ക്യൂബയില്‍ പഠനം നടത്തുന്നതിനിടെ വിയറ്റ്‌നാമില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിയായ ബുയ് ഹുയ് തോന്‍ എന്നയാളുമായി കിം പ്രണയത്തിലായി. 1992-ല്‍ ഇരുവരും വിവാഹിതരായി. ഹണിമൂണ്‍ ആഘോഷിക്കാന്‍ റഷ്യയിലേക്കു പറന്നു. റഷ്യയില്‍ നിന്നു മടങ്ങവെ വിമാനം ഇന്ധനം നിറക്കാനായി കനഡയിലെ ഗാന്‍ഡര്‍ വിമാനത്താവളത്തിലിറക്കിയപ്പോള്‍ കിമ്മും തോനും പുറത്തിറങ്ങി. കനഡയില്‍ രാഷ്ട്രീയ അഭയം തേടി. ടൊറന്റോക്കടുത്ത് അയാക്‌സില്‍ താമസിച്ചുവരുന്ന ദമ്പതികള്‍ക്ക് രണ്ടു മക്കള്‍ പിറന്നു. 1996-ല്‍ ഇരുവര്‍ക്കും കനേഡിയന്‍ പൗരത്വം ലഭിക്കുകയും ചെയ്തു. എട്ടാം വയസ്സിലേറ്റ ഗുരുതരമായ പൊള്ളലില്‍ തന്റെ ജീവന്‍ രക്ഷിച്ച സര്‍ജന്മാരെ 1997-ല്‍ കിം കണ്ടുമുട്ടി.

ഭീകരമായ ആ ദിനത്തിന്റെ ഓര്‍മ ഇന്നും കിം ഫുക്കിന്റെ ഓര്‍മ്മയിലുണ്ട്. ‘മൂന്ന് അത്ഭുതങ്ങളാണ് അന്ന് സംഭവിച്ചത്’ – ഓര്‍മയിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് അവര്‍ പറയുന്നു. പുറംഭാഗത്തും കൈകളിലും പൊള്ളലേറ്റിട്ടും കാല്‍ പൊള്ളിയില്ല എന്നതായിരുന്നു അതിലൊന്ന്; അതുകൊണ്ടുതന്നെ തനിക്ക് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞു. രണ്ടാമത്തേത്, വെള്ളംകുടിച്ചയുടനെ ബോധംകെട്ടു വീണ തന്നെ സായ്‌ഗോണിലെ ബാര്‍സ്‌കി ഹോസ്പിറ്റലിലാക്കിയത് വിഖ്യാത ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉത്ത് തന്നെ എന്നതാണ്. മൂന്നാമത്തേത്, സ്‌ഫോടനത്തിനിടെ മകള്‍ കൊല്ലപ്പെട്ടു എന്നു വിശ്വസിച്ചിരുന്ന കിമ്മിന്റെ അമ്മ അവളെ ആശുപത്രിയില്‍ കണ്ടെത്തി എന്നതും.

പതിനാലു മാസം ആശുപത്രിയില്‍ ചെലവഴിച്ചതിനു ശേഷമാണ് കിം ആരോഗ്യം വീണ്ടെടുത്തത്. 14 ശസ്ത്രക്രിയയകള്‍ വേണ്ടിവന്നു. ആശുപത്രിയില്‍ തനിക്കു ലഭിച്ച പരിചരണമാണ് ഒരു ഡോക്ടറാവണമെന്ന ചിന്ത തന്നിലുണ്ടാക്കിയതെന്ന് അവര്‍ പറയുന്നു.

കനഡയില്‍ സ്ഥിരതാമസമാക്കിയ കിം, വിയറ്റ്‌നാം യുദ്ധത്തിന്റെ ഇരകളെ സഹായിക്കുന്നതിനായി 1997-ല്‍ കിംഗ് ഫുക് ഫൗണ്ടേഷന്‍ സ്ഥാപിച്ചു. യുദ്ധം ബാധിച്ചവരുടെ കുട്ടികള്‍ക്ക് മെഡിക്കല്‍, സൈക്കോളജിക്കല്‍ സഹായം നല്‍കുകയായിരുന്നു ലക്ഷ്യം. ഫൗണ്ടേഷന്‍ പിന്നെ വളര്‍ന്ന് കിം ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ ആയി, അതിനു കീഴില്‍ വ്യത്യസ്തമായ നിരവധി സംഘടനകളുണ്ടായി. ജീവകാരുണ്യ, സമാധാന പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് അവര്‍ ഇന്നും. ഉഗാണ്ട, തിമൂര്‍, റൊമാനിയ, കെനിയ, ഘാന, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധത്തിന്റെ ഇരകളെ സഹായിക്കുന്ന തിരക്കിലാണവര്‍.

1999-ല്‍ ഡെനിസ് ചോംഗ് എഴുതിയ കിമ്മിന്റെ ജീവചരിത്രം, ‘ചിത്രത്തിലെ പെണ്‍കുട്ടി’ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. യുദ്ധം മനസ്സിലുണ്ടാക്കിയ മുറിവുകളും ദുരിതങ്ങളും അവര്‍ ഓര്‍ക്കുന്നു.
‘പൊറുത്തു കൊടുക്കാനുള്ള മനസ്സ് എന്നില്‍ നിന്ന് വെറുപ്പിനെ ഇല്ലാതാക്കി. ഇപ്പോഴും ശരീരത്തില്‍ പൊള്ളലിന്റെ നിരവധി പാടുകളുണ്ടെനിക്ക്. പലപ്പോഴും ശരീരം നന്നായി വേദനിക്കും. പക്ഷേ, എന്റെ ഹൃദയം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. നാപാം വളരെ ശക്തമാണ്. പക്ഷേ വിശ്വാസത്തിനും ക്ഷമക്കും സ്‌നേഹത്തിനും അതിനേക്കാള്‍ കരുത്തുണ്ട്. യഥാര്‍ത്ഥ സ്‌നേഹത്തോടെയും ക്ഷമയോടെയും പ്രതീക്ഷയോടെയും ജീവിക്കാന്‍ നാം പഠിച്ചാല്‍ ഇനിയൊരു യുദ്ധവുമുണ്ടാവില്ല. ആ ചിത്രത്തിലെ കുട്ടിക്ക് അങ്ങനെ ജീവിക്കാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് നിങ്ങള്‍ക്ക് കഴിയില്ല?’…

***

കിം ഫുക്കിന്റെ ജീവിതം എന്ന പോലെ അവരെ പ്രശസ്തയാക്കിയ ചിത്രത്തിനും നാടകീയതയിലൂടെ കടന്നുപോകേണ്ടി വന്നു. യുദ്ധത്തിന്റെ ഭാവം നിറഞ്ഞുതുളുമ്പുന്ന ചിത്രം ആദ്യം പ്രസിദ്ധീകരിക്കാന്‍ അസോസിയേറ്റഡ് പ്രസ് ആദ്യം തയാറായില്ല. ചിത്രത്തിലെ പെണ്‍കുട്ടിയുടെ നഗ്നതയായിരുന്നു കാരണം. ഒടുവില്‍ പത്രാധിപന്മാര്‍ ചേര്‍ന്നുള്ള ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രസിദ്ധീകരണത്തിനു വിടാന്‍ തീരുമാനിച്ചത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജിലാണ് ചിത്രം അച്ചടിച്ചു വന്നത്. വലതുഭാഗത്തുള്ള ഫോട്ടോഗ്രാഫറെ ഒഴിവാക്കി ക്രോപ്പ് ചെയ്താണ് പത്രം ചിത്രം പ്രസിദ്ധീകരിച്ചത്.
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടും അമേരിക്കന്‍ പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സണ്‍ നിക്ക് ഉത്തിന്റെ ഫോട്ടോഗ്രാഫിയെ സംശയത്തോടെയാണ് വീക്ഷിച്ചത്. തന്റെ ചീഫ് ഓഫ് സ്റ്റാഫ് എച്ച്.ആര്‍ ഹാല്‍ഡ്മാനുമായി 1972-ല്‍ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പിലാണ്, ചിത്രം കൃത്രിമമായി നിര്‍മിച്ചതല്ലേയെന്ന് നിക്‌സണ്‍ സംശയം പ്രകടിപ്പിക്കുന്ന ഭാഗമുള്ളത്. ഓഡിയോ ടേപ്പ് പുറത്തുവന്നപ്പോള്‍ ഫോട്ടോഗ്രാഫറുടെ വിശദീകരണം ഇപ്രകാരമായിരുന്നു:

‘അത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്മരണീയമായ ചിത്രമായിരുന്നിട്ടും 1972 ജൂണ്‍ 12-ന് പത്രത്തില്‍ കണ്ടപ്പോള്‍ ഫോട്ടോയുടെ ആധികാരികതയില്‍ പ്രസിഡണ്ട് നിക്‌സണ്‍ സംശയം പ്രകടിപ്പിച്ചു. ചിത്രം എനിക്കും നിസ്സംശയം മറ്റു പലര്‍ക്കും അതിനേക്കാള്‍ യാഥാര്‍ത്ഥ്യമുണ്ടാവില്ല. ഫോട്ടോ വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ച് കൃത്യമായി സംസാരിക്കുന്നതാണ്. വിയറ്റ്‌നാമിലെ ഭീകരത ചിത്രീകരിക്കുമ്പോള്‍ എനിക്ക് കെട്ടിച്ചമക്കേണ്ടതില്ല…’

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

‘ഓക്‌സ്‌ഫെഡ്’ വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിലും; ഉല്‍പ്പാദനം വൈകാതെ

ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്‌സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും

Published

on

പൂനെ: ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റി പുതുതായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ ഇന്ത്യയിലും പരീക്ഷിക്കാനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇതിനായി ബ്രിട്ടീഷ് ഗവേഷകരുമായി കൈകോര്‍ക്കുന്നത്. ലൈസന്‍സ് ലഭിച്ചാലുടന്‍ വാക്‌സിന്‍ പരീക്ഷണം തുടങ്ങാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി. ഇതുവരെ വികസിപ്പിച്ചെടുത്ത വാക്‌സിനുകളില്‍ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഏറെ വിജകരമെന്നു കണ്ട AZD1222 വാക്‌സിനാണ് ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ കണ്ടെത്തിയ പ്രതിരോധ മരുന്ന്. ഇതിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വളരെ അനുകൂല ഫലങ്ങളാണ് ലഭിച്ചിരുന്നത്. ഈ വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഈ വാക്‌സിന്‍ നിസാരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എങ്കിലും ഇത് പാരാസെറ്റമോള്‍ കഴിക്കുന്നതിലൂടെ ലഘൂകരിക്കാവുന്നതാണെന്നും ഗവേഷകര്‍ പറയുന്നു.

പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്ന ഫലമാണ് തന്നിരിക്കുന്നതെന്നും ഇന്ത്യയില്‍ പരീക്ഷണ ലൈസന്‍സ് ലഭിക്കുന്നതിന് ഒരാഴ്ച്ചക്കകം അപേക്ഷ നല്‍കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പുനവാല പറഞ്ഞു. ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്‌സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് കോവാക്‌സിന്‍ എന്ന പ്രതിരോധ മരുന്നിന്റെ മനുഷ്യരിലുള്ള ആദ്യ പരീക്ഷണം തുടങ്ങിയതിനു പിന്നാലെയാണ് ഓക്‌സ്‌ഫെഡ് വാക്‌സിന്‍ പരീക്ഷണ ഫലം പുറത്തു വന്നത്. ഇന്ത്യന്‍ വാക്‌സിന്റെ ആദ്യ ഫലമറിയാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയമെടുക്കുമെന്ന് ദല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നു.

ലോകത്ത് വിവിധയിടങ്ങളിലായി നൂറിലെറെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇവയിലൊന്നാണ് ഓക്‌സഫെഡ് വാക്‌സിന്‍. ഈ വാക്‌സിന്‍ ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയത് ഏപ്രില്‍ 23നാണ്. ഈ ഫലമാണ് ഇപ്പോള്‍ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Continue Reading

Life

കോവിഡിനു ശേഷം ലോകത്തിന് എന്തു സംഭവിക്കും?

ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ.

Published

on

എന്തൊക്കെ ശേഷിപ്പിച്ചാകും കോവിഡ് 19 എന്ന മഹാമാരി തിരിച്ചുപോകുക എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ലോകം മുഴുവനും ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഈ മഹാമാരിയെ കീഴ്പ്പെടുത്താനായിട്ടില്ല. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഈ പ്രതിസന്ധിയുടെ ആഴവും അളവും വളരെ വലുതായിരിക്കും. ഇതിന് മുന്നില്‍ ബെര്‍ലിന്‍ മതിലിന്റെ പതനമോ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോ ഒന്നുമാകില്ല. ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ.

ജീവിതങ്ങള്‍ തകര്‍ക്കുകയും വിപണികളെ തച്ചുടക്കുകയും ചെയ്യും. സര്‍ക്കാരുകളുടെ കഴിവും കഴിവുകേടും തുറന്നു കാട്ടും. രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരമായ മാറ്റങ്ങളിലേക്ക് നയിക്കും. രാജ്യം എന്ന നിലയില്‍ അതിലെ ദേശീയതയെ ഈ പകര്‍ച്ചവ്യാധി ശക്തിപ്പെടുത്തിയേക്കാം. പ്രതിസന്ധി മറി കടക്കുന്നതിന് സര്‍ക്കാരുകള്‍ പുതിയ അധികാരങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷെ ഇതവസാനിക്കുമ്പോള്‍ ഈ പുതിയ അധികാരങ്ങള്‍ വിട്ടു കൊടുക്കാനാകാതെപിടി മുറുക്കാനും സാധ്യതയുണ്ട്.

പടിഞ്ഞാറിന്റെ അധികാര ഗര്‍വുകള്‍ ഇല്ലാതാകുന്ന മാറ്റവും ഒരു പക്ഷെ സംഭവിച്ചേക്കാം. അതിനു മുന്നോടിയെന്ന നിലയിലാണ് രോഗത്തിന്റെ വ്യാപനം തടയാന്‍ കിഴക്കും പടിഞ്ഞാറും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കാണേണ്ടത്. കിഴക്കന്‍ രാജ്യങ്ങള്‍ ശക്തമായ നിയന്ത്രങ്ങളുമായി മുന്നോട്ടു പോയപ്പോള്‍, യൂറോപ്പും അമേരിക്കയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അലംഭാവമായിരുന്നു. ‘പാശ്ചാത്യം’ എന്ന ബ്രാന്‍ഡ് നെയിമിന് മങ്ങലേല്‍പ്പിക്കുന്ന നടപടികള്‍ക്കാണ് ലോക സാക്ഷ്യം വഹിച്ചത്.

സംരക്ഷണത്തിനായി പൗരന്മാര്‍ സര്‍ക്കാരുകളെ ആശ്രയിക്കുകയും സര്‍ക്കാരുകള്‍ ഭാവിയിലെ അപകട സാധ്യത കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, നമ്മള്‍ ഹൈപ്പര്‍ ഗ്ലോബലൈസേഷനില്‍ നിന്നും ബഹുദൂരം പിന്നിലേക്ക് പോകേണ്ടി വരും. ഭൂമിയിലെ 7.8 ബില്യണ്‍ ജനങ്ങളില്‍ ഓരോരുത്തര്‍ക്കും പൊതുജനാരോഗ്യം എന്നത് ഒരു ചോദ്യചിഹ്നമാകും. വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി 2008-2009 ലെ മഹാ മാന്ദ്യത്തേക്കാളും വളരെ വലുതായിരിക്കും. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെയും ശാശ്വത സന്തുലിതാവസ്ഥയെയും ഈ വൈറസ് സ്ഥിരമായി മാറ്റും.

സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ മുന ഈ വൈറസ് ഒടിക്കും. സര്‍ക്കാരുകളെയും സമൂഹങ്ങളെയും ദീര്‍ഘ കാലത്തോളംസാമ്പത്തിക ഐസൊലേഷനില്‍ നിര്‍ത്താനും കാരണമാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പരസ്പര പ്രയോജനകരമെന്ന് നിര്‍വചിച്ചിരുന്ന ഗ്ലോബലൈസേഷനിലേക്ക് ലോകം മടങ്ങി വരാന്‍ സാധ്യത കുറവാണ്.

ആഗോള സാമ്പത്തിക ദിശകളെ ഈ വൈറസ് അടിസ്ഥാനപരമായി മാറ്റില്ല. അതേസമയം, ഇതിനകം ആരംഭിച്ച ഒരു മാറ്റത്തെ ത്വരിതപ്പെടുത്തും: യു.എസ് കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തില്‍ നിന്ന് ചൈന കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തിലേക്കായിരിക്കും നീക്കം. ചൈനീസ് ജനതയുടെ മത്സര ബുദ്ധിയും അധ്വാന ശീലവും അവരെ അങ്ങനെയാക്കിയെടുക്കാന്‍ ചൈനീസ് നേതാക്കള്‍ നടത്തിയ പരിശ്രമത്തിന്റെയും ഫലമായിരിക്കും അത്.

മാറ്റമില്ലാതാകുന്നത് ലോക രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ വൈരുദ്ധ്യ സ്വഭാവത്തിനാണ്.1918-1919 ലെ പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ബാധകള്‍ അധികാര വൈരാഗ്യം അവസാനിപ്പിക്കുകയോ ആഗോള സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുകയോ ചെയ്തില്ല. ഈ വൈറസിനും ആ ശേഷിയുണ്ടാകുമെന്ന് കരുതാനാകില്ല.

ഈ പകര്‍ച്ചവ്യാധിയുടെ അവസാനം എന്തായിരിക്കും? മനുഷ്യന്‍ തന്റെ സത്തയെ അതിശക്തമായി തിരിച്ചറിയുന്ന സമയമായിരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജോലിക്കാര്‍, രാഷ്ട്രീയ നേതാക്കള്‍, സാധാരണ പൗരന്മാര്‍ എന്നിവരെല്ലാം ഈ അസാധാരണ പ്രതിഭാസത്തെ എങ്ങിനെ നേരിട്ടുവെന്നത് മനുഷ്യരാശിക്കും പുതിയ ദിശാബോധവും ഐക്യചിന്തയും നല്‍കുമെന്ന് തീര്‍ച്ചയാണ്. ഓരോ പ്രതിസന്ധിയില്‍നിന്നും പുതിയ വിജയങ്ങള്‍ നേടാന്‍ മനുഷ്യന് അസാധാരണമായ കഴിവുണ്ട്. കോവിഡിന് ശേഷവും അങ്ങിനെയൊരു ലോകമുണ്ടായേക്കാം.

Continue Reading

Life

കൊളോന്‍: കൊറോണയെ തുരത്തുന്ന തുര്‍ക്കികളുടെ രഹസ്യായുധം

തുര്‍ക്കികളുടെ ജീവിത ശൈലിയുടെ ഭാഗമായ കൊളോന്‍ കൊറോണ ബാധയെ തടയുന്നത് ഇങ്ങനെ

Published

on

തുര്‍ക്കിയില്‍ ഭക്ഷണശാലയില്‍ പോയാലും ബാര്‍ബറുടെ അടുത്തു പോയാലും അല്ലെങ്കില്‍ ബസിലെ ഒരു യാത്ര ആണെങ്കിലും കൊളോന്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ഒരു ശീലം കാലങ്ങളായുണ്ട്. ടര്‍ക്കിഷ് ആതിഥ്യത്തിന്റെ ഒരു അടയാളമായും ശുചിത്വം സംരക്ഷിക്കുന്നതിനുള്ള സഹായമായും ഇതു കണക്കാക്കപ്പെടുന്നു. തുര്‍ക്കിയിലെ എല്ലാ വീടുകളിലും സര്‍വസാധാരണയായി കാണുന്ന കൊളോന്‍ ഈ കൊറോണ കാലത്ത് താരമായിരിക്കുകയാണ്. കാരണം കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ടര്‍ക്കിഷ് ജനതയുടെ രഹസ്യായുധമാണ് ഇപ്പോള്‍ കൊളോന്‍. കൊറോണ വൈറസ് വ്യാപനത്തോടെ വന്‍ ഡിമാന്‍ഡാണ് കൊളോനിപ്പോള്‍.

കൊറോണ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് സോപ്പ് ഉപയോഗിച്ചോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ഇടക്കിടെ വൃത്തിയാക്കുക എന്നത്. പകുതിയിലേറെ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ കൈകളിലെ സൂക്ഷ്മാണുക്കളെ പൂര്‍ണമായും ഇല്ലാതാക്കുന്നതു വഴി രോഗം പകരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഈ അറിയിപ്പു വന്നതോടെ ടര്‍ക്കിഷ് ജനതയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. അവര്‍ കൈകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കൊളോനും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ആണ്. കൊറോണ മുന്നറിയിപ്പുകള്‍ വന്നതോടെ ആളുകള്‍ വന്‍തോതില്‍ കൊളോന്‍ വാങ്ങാന്‍ തുടങ്ങി. ആദ്യ കൊറോണ കേസ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ഇസ്താബുളിലെ കടകളില്ലെല്ലാം കൊളോന്‍ വാങ്ങാന്‍ വന്‍ജനത്തിരക്കാണ് ഉണ്ടായത്.

കൊളോന്‍ വിറ്റഴിഞ്ഞു, സ്റ്റോക്കില്ല എന്ന ബോര്‍ഡുകളാണ് കടകള്‍ക്കും ഫാര്‍മസികള്‍ക്കും മുമ്പില്‍ ഇപ്പോള്‍ കാണാനാകുക. വഴികളില്ലെല്ലാം ഇടക്കിടെ കൊളോന്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ആളുകളെ കാണാം. ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ക്കും ഇതു നല്‍കുന്നു. വടക്കുപടിഞ്ഞാറന്‍ പട്ടണമായ ഇസ്മിറ്റില്‍ ഒരു സന്നദ്ധ സംഘടന പ്രായമേറിയവര്‍ക്ക് കൊളോനും റൊട്ടിയും സൗജന്യമായി വിതരം ചെയ്യുന്ന വാര്‍ത്തയും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ഏതാനും ആഴ്ചകളായി കച്ചവടക്കാരില്‍ നിന്നും ആയിരക്കണക്കിന് ഓര്‍ഡറുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഇവര്‍ക്കെല്ലാം വിതരണം ചെയ്യാന്‍ ഉല്‍പ്പന്നമില്ലെന്നും പരമ്പരാഗത കൊളോന്‍ നിര്‍മാണത്തില്‍ പേരുകേട്ട എയുബ് സബ്‌രി തുന്‍ജര്‍ പറയുന്നു. ഓണ്‍ലൈനായി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കമ്പനി പറയുന്നു.

കൊറോണ വൈറസിനെ അകറ്റാന്‍ ഹാന്‍ഡ്‌സാനിറ്റൈസറുകല്‍ക്ക് പകരമായി കൊളോന്‍ ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രി ഫഹ്‌റെദീന്‍ കോജ ആഹ്വാനം ചെയ്തതോടെ കടകളിലെ കൊളോന്‍ കുപ്പികളെല്ലാം കാലിയായി. എല്ലായിടത്തേയും പോലെ കൊളോന്‍ കരിഞ്ചന്ത വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇസ്താംബൂള്‍ പോലീസ് ഒരു അനധികൃത കൊളോന്‍ നിര്‍മ്മാണ ശാല റെയ്ഡ് ചെയ്ത് അനധികൃത കൊളോന്‍ പിടിച്ചെടുത്തിരുന്നു.

കൊറോണ പ്രതിരോധ പദ്ധതിയുടെ ഭാഗമായി മാസ്‌കുകളും കൊളോനും 65വയസ്സ് പിന്നിട്ട എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് റജബ് ത്വയപ് ഒര്‍ദുഗാനും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊളോന്‍ കൊറോണ വൈറസിനെതിരായ ശാസ്ത്രീയമായ പ്രതിരോധ ആയുധമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. കൊറോണ വൈറസിന്റെ പുറം ആവരണം തകര്‍ക്കാന്‍ ആല്‍ക്കഹോളിന് കഴിയുമെന്ന് ടര്‍ക്കിഷ് സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ബോര്‍ഡ് അംഗം പ്രൊഫ. ബുലെന്ദ് എര്‍തുഗ്രുല്‍ പറയുന്നു. പുതിയ കൊറോണ വൈറസിനെതിരായ ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം കൈകള്‍ സോപ്പിട്ട് കഴുകലാണ്. സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ 60 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകല്‍ ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു. കൊളോന്‍ ഈ ഉപയോഗത്തിന് അനുയോജ്യമാണ്. ‘കൊളോനില്‍ 70 ശതമാനത്തോളം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. അതു കൊണ്ടാണ് കോവിഡ്19നെ തുരത്താന്‍ ഹാന്‍ഡ് സാനിറ്റൈസറായി ഇതുപയോഗിക്കുന്നത്.’

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.