ജുനൈദ് ഇര്ഫാന്
ലാല്‍ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ക്ലസി’ലെ നായകനെ ഓര്‍മയില്ലേ? ദുബൈയില്‍ നല്ല ജോലി. ബാധ്യതകളില്ല. അതിനാല്‍ തന്നെ കിട്ടുന്നതിലുമധികം ചെലവഴിച്ച് ധൂര്‍ത്തടിച്ചുകൊണ്ടുള്ള ‘ഹാപ്പി ബാച്ചിലര്‍’ ജീവിതം. എന്തിനുമേതിനും ക്രെഡിറ്റ് കാര്‍ഡെടുത്ത് വീശുന്ന നായകന് പക്ഷേ, ഒരുഘട്ടത്തില്‍ തന്റെ കടബാധ്യതകള്‍ക്കു മുന്നില്‍ നിസ്സഹായനായിപ്പോവുകയാണ്. ഗള്‍ഫിലെ നമ്മുടെ ജീവിതപരിസരങ്ങളിലേക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കിയാല്‍ ഈ കഥാപാത്രത്തിന്റെ പകര്‍പ്പുകളെ യഥേഷ്ടം കാണാനാവും. സിനിമയുടെ കഥാഗതിയില്‍ നായകന്റെ പ്രശ്നങ്ങളെല്ലാം സുഗമമായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അതല്ല സ്ഥിതി. അടിപൊളി ജീവിതം വരുത്തിവെച്ച ബാധ്യതകളില്‍ ശിഷ്ടജീവിതം കഷ്ടപ്പാടായി മാറിയ എത്രയോ പേരെ ഗള്‍ഫ് നാടുകളിലെങ്ങും കാണാം.
അത്യാവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുകയും സമയാസമയം കൃത്യമായി തിരിച്ചടക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ജീവിതത്തിന്റെ സന്തോഷ ഘടകമാവുന്നത്. എന്നാല്‍, യു.എ.ഇയിലെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളില്‍ പകുതിപേരും ഓരോ മാസവും മിനിമം പേമെന്റ് മാത്രമാണ് നടത്തുന്നതെന്ന് കണക്കുകള്‍ പറയുന്നു. കുറച്ചുകാലമൊക്കെ തരക്കേടില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുമെങ്കിലും ഭീമമായ സാമ്പത്തിക നഷ്ടവും ബാധ്യതയുമാണ് അത് വരുത്തിവെക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. അതിനാല്‍ തന്നെ ഒരു പുതിയ കാര്‍ഡെടുക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് കൃത്യമായ കൂട്ടിക്കിഴിക്കലുകളും ആസൂത്രണവും നടത്തേണ്ടതുണ്ട്.
സമ്പന്നനാവാന്‍ കൊതിക്കാത്ത മനുഷ്യര്‍ വിരളമായിരിക്കും. ചെലവ് വരുമാനത്തേക്കാള്‍ കുറയുമ്പോഴാണ് നമ്മുടെ കൈവശം പണമിരിക്കുന്നത്. പോക്കറ്റിലൊതുങ്ങാത്ത സ്വപ്നങ്ങളും പാഴ്ചെലവുകളും ഉപേക്ഷിച്ചാല്‍ പണം മിച്ചംവെക്കാന്‍ കഴിയാത്തവരുണ്ടാവില്ല. ഇങ്ങനെ മിച്ചംലഭിക്കുന്ന പണം അതിന്റെ തോതനുസരിച്ച് നിക്ഷേപം നടത്തിയാല്‍ അധികവരുമാനം കണ്ടെത്താനാവും. ജോലിയില്‍ നിന്ന് മാത്രമല്ലാതെ നിക്ഷേപങ്ങളില്‍ നിന്നുകൂടി പണം ലഭിച്ചു തുടങ്ങുകയും ചെയ്യും.
ഇങ്ങനെ പണമുണ്ടാക്കുകയും ഗുണകരമായ തരത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതിനു പകരം അനിയന്ത്രിതമായ ചെലവുകളും കടങ്ങളും വരുത്തിവെക്കുന്നതാണ് പലര്‍ക്കും തിരിച്ചടിയാവുന്നത്. ക്രെഡിറ്റ് കാര്‍ഡില്‍ നിക്ഷേപിക്കുന്നതിനെ നല്ല പണം മോശം സ്ഥലത്ത് കൊണ്ടുചെന്നിടുക എന്ന് ലളിതമായി വിശേഷിപ്പിക്കാം. ഓരോ മാസവും ബാലന്‍സ് ക്ലിയര്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നിക്ഷേപം അപകടകരമാവും. അതേസമയം, ഓരോ മാസവും ബാലന്‍സ് ക്ലിയര്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആവശ്യമെന്താണ്?
ക്രെഡിറ്റെടുക്കുമ്പോള് എല്ലാവരുടെയും മനസ്സില്‍ അത് തിരിച്ചടക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. അങ്ങനെയെങ്കില്‍, ആ തിരിച്ചടക്കുന്ന തുക സ്വരൂപിക്കുംവരെ ക്ഷമിച്ചാല്‍ പലിശയും ഹിഡന്‍ ചാര്‍ജുകളും പിഴയുമായി നഷ്ടമാകുന്ന സാമാന്യം വലിയൊരു തുക നമുക്ക് ലാഭിക്കാന്‍ കഴിയില്ലേ?
ആഗ്രഹിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അതത് സമയത്ത് വാങ്ങുന്നതിനാണല്ലോ നാം ക്രെഡിറ്റ് ഉപയോഗിക്കുന്നത്. ആവശ്യങ്ങളേക്കാള്‍ ആഗ്രഹങ്ങളുടെ പിന്നാലെ പോകുന്ന മനുഷ്യന്റെ സഹജഗുണമാണ് ക്രെഡിറ്റ് സ്ഥാപനങ്ങള്‍ മുതലെടുക്കുന്നത്. തന്നേക്കാള്‍ മികച്ച വരുമാനവും സാമ്പത്തികസ്ഥിതിയുമുള്ളവരെ അനുകരിക്കുക എന്നത് ഒരു സ്വാഭാവികതയാണ്. വസ്തുക്കള്‍ മറ്റുള്ളവരേക്കാള്‍ മുമ്പ് സ്വന്തമാക്കണമെന്ന ‘പൊങ്ങച്ച’വും ആളുകളെ ‘ഇന്‍സ്റ്റന്റ് പര്‍ച്ചേസി’ലേക്ക നയിക്കുന്നു.
ഉപകരണങ്ങള്‍ വിപണിയിലെത്തുമ്പോഴേക്ക് ചാടിവീണ് സ്വന്തമാക്കുകവഴി ഒരല്പം പൊങ്ങച്ചം കാണിക്കാന്‍ കഴിയുമെങ്കിലും സാമ്പത്തികമായി പലതരത്തിലുള്ള നഷ്ടമാണ് വരുത്തിവെക്കുന്നത്. ഉദാഹരണത്തിന്, ഒരു ബഹുരാഷ്ട്ര ബ്രാന്‍ഡിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി എന്നിരിക്കട്ടെ. പലരും മുന്‍കൂര്‍ ബുക്ക് ചെയ്തും റിലീസിംഗ് സമയത്ത് തന്നെ വാങ്ങിയും അത് സ്വന്തമാക്കുന്നു. മിക്കവാറും വിപണിവിലയുടെ പരമാവധിതന്നെ ഈ ഘട്ടത്തില്‍ നല്‍കേണ്ടി വരുന്നു. പുതിയ ഫോണ്‍ തുടക്കത്തില്‍ തന്നെ സ്വന്തമാക്കി എന്നൊരു അഭിമാനമല്ലാതെ മറ്റൊന്നും അതില്‍നിന്ന് ലഭിക്കില്ല. അതേസമയം, ഈ ഫോണ്‍ ആവശ്യമാണെന്ന് കരുതുന്ന ഒരാള്‍ നാലഞ്ചു മാസം കാത്തിരിക്കാന്‍ ക്ഷമ കാണിച്ചാല്‍ കാര്യമായ ഡിസ്കൗണ്ടോടെ സ്വന്തമാക്കാന്‍ കഴിയുന്നു. മാത്രമല്ല, ഈ ഘട്ടത്തില്‍ ഉല്‍പ്പന്നത്തിന്റെ ഗുണവും ദോഷവും വിലയിരുത്താനും ഇതുതന്നെ വാങ്ങണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനും കഴിയുന്നു. ഉല്‍പ്പന്നം പാളിപ്പോയ പരീക്ഷണമാണെങ്കില്‍ ആദ്യം വാങ്ങുന്നവനുണ്ടാകുന്ന നഷ്ടം ഇരട്ടിയാണ് എന്നോര്‍ക്കുക.