Life
മീനുകളുടെ പ്രായം അറിയാം ഈ പരീക്ഷണ ശാലയിൽ
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലാണ് മത്സ്യങ്ങളുടെ പ്രായം കണക്കാക്കുന്നതിനുള്ള പരിശോധന നടന്നുവരുന്നത്. പ്രായം അറിഞ്ഞാല്‍ മീനുകളുടെ സുസ്ഥിരപരിപാലനം എളുപ്പമാകും
Published
4 years agoon
By
admin
കെ വി എ ഖാദർ
കൊച്ചി ആസ്ഥാനമായ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലാണ് (സിഎംഎഫ്ആര്‍ഐ) ശാസ്ത്രജ്ഞര്‍ മീനുകളുടെ പ്രായം തിട്ടപ്പെടുത്തുന്നതിനുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. മീനുകളുടെ വലിപ്പം നോക്കി പ്രായം കണക്കാക്കുന്ന ഇതുവരെയുള്ള രീതിക്ക് ഇനി മാറ്റം വരും. മത്സ്യങ്ങളുടെ വളര്‍ച്ചാ നിരക്കും വലിപ്പവും പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ വലിപ്പം നോക്കി മീനുകളുടെ വയസ്സ് കണക്കാക്കുന്നത് യുക്തിസഹമല്ലെന്ന തിരിച്ചറിവാണ് കൃത്യമായ പ്രായം കണ്ടെത്തുന്നതിലേക്ക് മത്സ്യശാസ്ത്രജ്ഞരെ നയിച്ചത്. ലോകത്ത് പല ഭാഗങ്ങളിലും ഇത്തരം പ്രായനിര്‍ണയ പരിശോധനകള്‍ നടന്നുവരുന്നുണ്ടെങ്കിലും സിഎംഎഫ്ആര്‍ഐയിലെ ലബോറട്ടറി ഇന്ത്യയില്‍ ആദ്യത്തേതാണ്.
മത്സ്യങ്ങളുടെ പ്രായനിര്‍ണയത്തിന് രണ്ട് പരീക്ഷണശാലകളാണ് സിഎംഎഫ്ആര്‍ഐയില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാതരം മീനുകളുടെയും പ്രായം തിട്ടപ്പെടുത്തുന്നതിന് ഒന്നും, കൂന്തല്‍ വര്ഗ്ഗങ്ങളുടേതിന് മറ്റൊരു ലബോറട്ടറിയുമാണ് സിഎംഎഫ്ആര്‍ഐയില്‍ ഉള്ളത്. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ ഇ എം അബ്ദുസ്സമദ്, ഡോ കെ സുനില്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് യഥാക്രമം ഇവ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, ചെമ്മീന്‍ വര്‍ഗ്ഗങ്ങളുടെ പ്രായ പഠനത്തിന് മറ്റൊരു പരീക്ഷണശാലയും ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.
ചെവിക്കല്ലില്‍ എല്ലാമുണ്ട്
മരങ്ങളുടെ പ്രായം തിട്ടപ്പെടുത്തുന്ന രീതി പോലെ തന്നെ, മീനുകളിലും കട്ടികൂടിയ ഭാഗങ്ങളില്‍ കാണപ്പെടുന്ന വളര്‍ച്ചാ വളയങ്ങള്‍ (ഗ്രോത്ത് റിംഗ്സ്) പരിശോധിച്ചാണ് പ്രായം കണക്കാക്കുന്നത്. മീനുകളിലും കൂന്തലുകളിലും ചെവിക്കല്ലാണ് കൂടുതലായും ഇതിനായി ഉപയോഗിക്കുന്നത്. തലച്ചോറിന്റെ തൊട്ട് താഴെയാണ് ഇത് കാണുന്നത്. മീനുകളില്‍ ചെവിക്കല്ല് മൂന്ന് തരത്തിലുണ്ട്. അവയില്‍ വലിപ്പം കൂടിയ സജിറ്റ എന്ന ചെവിക്കല്ലാണ് വയസ്സ് നിര്‍ണയ പഠനത്തിന് സിഎംഎഫ്ആര്‍ഐ ഉപയോഗിക്കുന്നത്. പ്രായം കണ്ടെത്തുന്നതിന് മാത്രമല്ല, ജീവിതചക്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചെവിക്കല്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ബ്ലാക് ബോക്സ് എന്നാണ് ഇവയെ ശാസ്ത്ര സമൂഹം വിളിച്ചുവരുന്നത്. വളര്‍ച്ചാനിരക്ക് കൂടുന്നതിന്റെയും കുറയുന്നതിന്റെയും കാലയളവ് മീനുകളുടെയും കൂന്തലുകളുടെയും ചെവിക്കല്ല് നോക്കി മനസ്സിലാക്കാം. ശബ്ദം, മര്‍ദ്ദം മറ്റ് പാരിസ്ഥിതിക മാറ്റങ്ങള്‍ എന്നിവ മനസ്സിലാക്കുന്നത് ചെവിക്കല്ലിലൂടെയാണ്. മീനുകളുടെ ചലനങ്ങള്‍ സന്തുലിതമാക്കുന്നതും ചെവിക്കല്ലാണ്. ഇവയുടെ സഞ്ചാരപഥവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചെവിക്കല്ല് പരിശോധിച്ച് മനസ്സിലാക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ പുരോഗമിക്കുന്നുണ്ട്. ചെവിക്കല്ലുകളുടെ വലിപ്പവും ഘടനയും മീനുകളുടെ ഇനങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്ന് സിഎംഎഫ്ആര്‍ഐയിലെ മത്സ്യശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു.
മീനുകളുടെ വയസ്സ് കണ്ടെത്തുന്നത് എങ്ങനെ
ചെവിക്കല്ല് എടുത്ത ശേഷം സോണിക് ക്ലീനര്‍ ഉപയോഗിച്ച് നന്നായി വൃത്തിയാക്കി സിലിക്കണ്‍ റബ്ബര്‍ അച്ചുകളില്‍ പ്രത്യേക രീതിയില്‍ സ്ഥാപിക്കുന്നു. നാല് മണിക്കൂറിന് ശേഷം ചെവിക്കല്ലിലെ ന്യൂക്ലിയസിന്റെ ആദ്യഭാഗം തുടങ്ങുന്നിടം ഐസോക്കട്ട് ലോ സ്പീഡ് സോ എന്ന പ്രത്യേക യന്ത്രത്തില്‍ മുറിച്ചെടുക്കുന്നു. മുറിച്ചെടുത്ത ഭാഗം നന്നായി പോളിഷ് ചെയ്തെടുത്ത ശേഷം മൈക്രോസ്കോപ്പില്‍ വെച്ച് എത്ര വളയങ്ങളുണ്ടെന്ന് പരിശോധിക്കും. സാധാരണ കാഴ്ചയില്‍ നിന്നും ആയിരം മടങ്ങ് വലുതാക്കിയാണ് സൂക്ഷ്മദര്‍ശിനിയിലൂടെ ഇത് പരിശോധിക്കുന്നത്. ഒരു വളയം ഒരു ദിവസമാണ് സൂചിപ്പിക്കുന്നത്. 365 വളയങ്ങളുണ്ടെങ്കില് മീനിന്റെ പ്രായം 1 വയസ്സ്. ഓരോ ദിവസത്തെയും വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മീനുകളില്‍ വളയങ്ങള്‍ രൂപപ്പെടുന്നത്. ഒരേ വലിപ്പത്തിലുള്ള മീനുകളില്‍ തന്നെ കൂടുതല്‍ വളയങ്ങളുള്ളതിന് വളര്‍ച്ചാ നിരക്ക് കുറവും കുറഞ്ഞ വളയങ്ങള്‍ കാണപ്പെടുന്ന മീനുകള്‍ക്ക് വളര്‍ച്ചാ നിരക്ക് കൂടുതലുമാണ്.
ഒമാന്‍ ചാളക്ക് ഉയര്‍ന്ന വളര്‍ച്ചാനിരക്ക്
മീനുകളുടെ വാസസ്ഥലം മാറുന്നതിനനുസരിച്ച് വളര്‍ച്ചയിലും മാറ്റമുണ്ടാകുമെന്നാണ് പ്രായനിര്ണയത്തിലടെ മനസ്സിലാകുന്നതെന്ന് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥയിലെയും ഭക്ഷണലഭ്യതയിലെ ഏറ്റക്കുറച്ചിലുമാവാം ഇതിന് കാരണം. ഉദാഹരണത്തിന് ഒരേ വലിപ്പത്തിലുള്ള ഒമാന്‍ ചാളയുടെയും കേരള തീരങ്ങളില്‍ നിന്ന് പിടിക്കുന്ന ചാളയുടെയും പ്രായം പരിശോധിച്ചപ്പോള്‍ ഒമാന്‍ ചാളയില്‍ കുറഞ്ഞ വളയങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. അതായത്, ഒമാന്‍ ചാള കേരള തീരങ്ങളിലെ മത്തിയേക്കാള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കൂടുതല്‍ വളര്‍ച്ച നേടുന്നു. മീനുകളുടെ വാസസ്ഥലത്തിന് വളര്‍ച്ചയില്‍ കാര്യമായ സ്വാധീനമുണ്ടെന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ഏകദേശം 8-9 മാസങ്ങള്‍ കൊണ്ട് ഒമാന്‍ ചാള 23-25 സെന്റി മീറ്റര്‍ വലിപ്പം കൈവരിച്ചപ്പോള്‍ കേരള തീരത്തില്‍ നിന്ന് ലഭിച്ച മത്തിക്ക് 17-20 സെ.മീ വലിപ്പം മാത്രമാണ് ലഭിച്ചത്. (ഒമാന്‍ ചാളക്ക് 110 മുതല്‍ 140 ഗ്രാം വരെ തൂക്കം വന്നപ്പോള്‍ കേരള മത്തിക്ക് 40 മുതല്‍ 70 ഗ്രാം വരെ മാത്രമാണ് തൂക്കമുണ്ടായിരുന്നത്.)
സിഎംഎഫ്ആര്‍ഐയുടെ പ്രായനിര്‍ണയ പരീക്ഷണം വിജയകരമാണോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി, സിഎംഎഫ്ആര്‍ഐയില്‍ തന്നെ പ്രജനനം നടത്തി വളര്‍ത്തിയ മത്സ്യങ്ങളുടെ പ്രായവും ലാബില്‍ പരിശോധിക്കുകയുണ്ടായി. ആ മീനുകളുടെ കൃത്യമായ പ്രായം ചെവിക്കല്ലിലെ വളയം പരിശോധിച്ചുള്ള പ്രായനിര്‍ണയ പഠനത്തിലും ശരിയാണെന്ന് തിരിച്ചറിഞ്ഞു. മോത, വളവോടി തുടങ്ങിയ മത്സ്യങ്ങളാണ് ഇങ്ങനെ പരിശോധിച്ചത്.
പ്രായനിര്‍ണയ പഠനത്തിലൂടെ മീനുകളുടെ ജനനദിവസം വരെ കൃത്യമായി കണ്ടെത്താമെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറയുന്നു. മീനുകള്‍ക്ക് എത്ര ദിവസത്തെ പ്രായമുണ്ടെന്ന് വരെ കൃത്യമായി പറയാന്‍ ഈ പഠനത്തിലൂടെ സാധിക്കും. ഒരു ഇനം മത്സ്യത്തിന്റെ വ്യത്യസ്ത വലിപ്പത്തിലുള്ള പ്രായം നിജപ്പെടുത്തി അതേ ഇനത്തില്‍ പെട്ട മറ്റ് മത്സ്യങ്ങളുടെയും ശരാശരി പ്രായം കണ്ടെത്തുമെന്നും അദ്ദേഹം ഡോ സമദ് വിശദീകരിക്കുന്നു. 20 വര്‍ഷം വരെ ആയുസ്സുള്ള മീനാണ് മഞ്ഞക്കേര. ആറ് വര്‍ഷം പ്രായമുള്ള കേരയെ സിഎംഎഫ്ആര്‍ഐ ലാബില്‍ പരിശോധിച്ചിട്ടുണ്ട്. 162 സെ.മീ നീളമുണ്ടായിരുന്നു ഈ മത്സ്യത്തിന്. ഇതുവരെയുള്ള പരിശോധനയില്‍ മീനുകളിലെ പെണ്‍വര്‍ഗ്ഗത്തിന് ആണ്വര്ഗ്ഗത്തേക്കാള് വളര്‍ച്ചാനിരക്ക് കണ്ടെത്താനായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത്തി, അയല, ചൂര, ചൈന് വറ്റ എന്നീ മത്സ്യങ്ങളുടെ പ്രായനിര്‍ണയ പഠനം അവസാദനദശയിലാണ്.
കൂന്തലിന്റെ പ്രായം പെട്ടെന്നറിയാം
കൂന്തല്‍ വിഭാഗങ്ങളുടെ പ്രായം കണ്ടെത്തുന്നത്് മൊളസ്കന്‍ ഫിഷറീസ് വിഭാഗത്തിന് കീഴിലുള്ള പരീക്ഷണശാലയിലാണ്. മീനുകളില്‍ നിന്ന് വ്യത്യസ്തമായി വളരെ ചെറിയ ചെവിക്കല്ലാണ് (സ്റ്റാറ്റോലിത്ത്) ഇവയ്ക്കുള്ളത്. കൂടുതല്‍ ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ഇവയുടെ പ്രായം കണ്ടെത്താനാവുമെന്ന് മൊളസ്കന്‍ ഫിഷറീസ് വിഭാഗം മേധാവി ഡോ കെ സുനില്‍ മുഹമ്മദ് പറയുന്നു. 2 മുതല്‍ 3 വര്‍ഷം വരെയാണ് കൂന്തലിന്റെ ആയുസ്സ് എന്നായിരുന്നു ധാരണ. എന്നാല്‍ ഇവിടെ കണ്ട് വരുന്ന കൂന്തലുകള്‍ക്ക് ഒരു വര്‍ഷം വരെ മാത്രമാണ് ആയുസ്സുള്ളത്. ചില ചെറിയ ഇനം കൂന്തലുകള്‍ 4-6 മാസം മാത്രമാണ് ജീവിക്കുക. നാല് മാസം പ്രായമാകുമ്പോഴേക്കും കൂന്തല്‍ പ്രജനനത്തിന് തയ്യാറാകും.
ഒരു ദിവസം ശരാശരി 1.25 മില്ലിമീറ്റര്‍ ആണ് കൂന്തലിന്റെ വളര്‍ച്ചാനിരക്ക്. പക്ഷെ, കാലാവസ്ഥാവ്യതിയാനം, ഭക്ഷണ ലഭ്യത എന്നിവയ്ക്ക് അനുസൃതമായി ഇത് വ്യത്യാസപ്പെട്ടിരിക്കുമെന്ന് സിഎംഎഫ്ആര്‍ഐയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആണ്കൂന്തലുകള്ക്ക് പെണ്കൂന്തലുകളേക്കാള് വളര്‍ച്ചാ നിരക്ക് കൂടുതലാണ്. ചെറുകൂന്തലുകള്ക്ക് മുതിര്ന്നതിനേക്കാള് താരതമ്യേന വളര്‍ച്ചാനിരക്ക് കൂടുതലാണ്. അപൂര്‍വമായി മാത്രം കാണുന്ന ആഴക്കടല്‍ കൂന്തലുകളുടെയും അവയുടെ ലാര്വെയുടെയും പ്രായം നിര്‍ണയിക്കുന്ന പഠനപ്രവര്‍ത്തനങ്ങളും സിഎംഎഫ്ആര്‍ഐയില്‍ നടന്നുവരുന്നുണ്ട്. മൊളസ്കന്‍ ഫിഷറീസ് ഡിവിഷനിലെ സജികുമാര്‍ കെ കെ യാണ് അറബിക്കടലിലെ കൂന്തലുകളുടെ പ്രായനിര്ണയവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നത്.
മീനുകളുടെ വയസ്സ് അറിഞ്ഞിട്ടെന്ത് കാര്യം
മീനുകളുടെ പ്രായം അറിഞ്ഞിട്ടെന്ത് കാര്യം എന്ന് ആരും സംശയിച്ചു പോകും. എന്നാല്‍, മത്സ്യ സമ്പത്തിന്റെ സുസ്ഥിര പരിപാലനത്തിന് ഇത് വളരെ സഹായകരമാകുമെന്നാണ് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓരോ സ്ഥലങ്ങളിലും സമയങ്ങളിലും പിടിക്കുന്ന മത്സ്യങ്ങള്‍ ഏത് പ്രായത്തിലുള്ളവയാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് അവയുടെ വിഭവമൂല്യനിര്ണയത്തിന് (സ്റ്റോക്ക് അസസ്മെന്റ്) വളരെ ഗുണം ചെയ്യും. സമുദ്രമത്സ്യ സമ്പത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് സിഎംഎഫ്ആര്‍ഐ സ്ഥിരമായി നടത്തിവരുന്ന മത്സ്യവിഭവ മൂല്യനിര്‍ണയ പ്രകിയയില്‍ മീനുകളുടെ കൃത്യമായ പ്രായം അറിയുന്നത് ഏറെ പ്രയോജനപ്പെടും. വലിപ്പം നോക്കി മീനുകളുടെ ഏകദേശ വളര്‍ച്ചാ നിരക്ക് മനസ്സിലാക്കുന്ന നിലവിലുള്ള രീതിയില്‍ മാറ്റം വരും. മീനുകളുടെ വളര്‍ച്ച, ആയുസ്സ് എന്നിവ കൃത്യമായി നസ്സിലാക്കാന്‍ പ്രായ നിര്‍ണയം സഹായിക്കും. വലിപ്പം നോക്കി പിടിക്കുന്നതിന് പകരം പ്രായം കൂടി കണക്കിലെടുത്ത് മത്സ്യബന്ധനം അവലംബിച്ചാല്‍ മാത്രമേ മത്സ്യസമ്പത്തിന് കോട്ടം തട്ടാതെ നിലനിര്‍ത്താനാകൂ.
സുസ്ഥിര പരിപാലനം വേണം
വാണിജ്യപ്രാധാന്യമുള്ള 800 ഓളം മത്സ്യയിനങ്ങളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ പിടിക്കപ്പെടുന്നത്. മീനുകളുടെ വലിപ്പത്തിനനുസരിച്ച് വ്യത്യസ്ത മത്സ്യയിനിങ്ങള് മത്സ്യബന്ധന വലകളില്‍ അകപ്പെടും. എന്നാല്‍, മത്സ്യയിനങ്ങളുടെ വ്യത്യാസമനുസരിച്ച് ഒരേ പ്രായത്തിലുള്ള മത്സ്യയിനങ്ങള്‍ തന്നെ വ്യത്യസ്ത വലിപ്പത്തിലുള്ളതാകും. ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ള മീനുകള്‍ ചെറിയ പ്രായത്തില്‍ തന്നെ പിടിക്കപ്പെടാന്‍ ഇത് വഴിവെക്കും. മീനുകളുടെ വലിപ്പം നോക്കിയുള്ള പരിപാലന രീതികള്‍ അത് കൊണ്ട് തന്നെ അശാസ്ത്രീയമാണ്. വ്യത്യസ്ത മത്സ്യയിനങ്ങളുടെ ഓരോ വലിപ്പത്തിലുമുള്ള പ്രായനിര്‍ണയം പൂര്‍ത്തിയാക്കുന്നതോടെ മത്സ്യപരിപാലന രീതി ഏറെ പ്രയോജനപ്രദവും സുഖകരവുമാകും. ഓരോ മീനും പിടിക്കപ്പെടേണ്ട പ്രായം തിട്ടപ്പെടുത്തിയാല്‍ മാത്രമേ മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ വിനിയോഗം പ്രായോഗികമായി നടപ്പിലാക്കാനാകൂ. വലിപ്പത്തേക്കാള്‍, മീനുകളുടെ പ്രായം നോക്കിയുള്ള വിഭവമൂല്യനിര്ണയം കൂടുതല്‍ കാര്യക്ഷമമാകും. ചുരുക്കത്തില്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് മീനുകളുടെ പ്രായനിര്‍ണയം ഒരു പ്രധാന വഴിത്തിരിവാകുമെന്നാണ് സിഎംഎഫ്ആര്‍ഐ കണക്കുകൂട്ടുന്നത്.
മത്തിയുടെ വളര്‍ച്ചാ മുരടിപ്പ്
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കടലില്‍ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞുവരുന്നതായാണ് സിഎംഎഫ്ആര്‍ഐ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2012ലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മത്സ്യം കടലില്‍ നിന്ന് പിടിക്കപ്പെട്ടത്. അതിന് ശേഷമുള്ള ഓരോ വര്‍ഷവും മത്സ്യലഭ്യത കുറഞ്ഞുവരുന്നതായാണ് സിഎംഎഫ്ആര്‍ഐ നടത്തിയ പഠനത്തില്‍ ബോധ്യപ്പെട്ടിട്ടുള്ളത്. മത്തിയുടെ ലഭ്യതയിലുണ്ടായ വന്‍ ഇടിവാണ് ഇതിന് വഴിവെച്ചത്. 2015 ലാണ് മത്തി അപകടകരമാം വിധത്തില്‍ കുറഞ്ഞത്. ഈ സമയത്ത് ലഭിച്ച മത്തിയെ സിഎംഎഫ്ആര്‍ഐയുടെ പ്രായപരിശോധന ലാബില്‍ പരിശോധിച്ചപ്പോള്‍ വളര്‍ച്ച മുരടിപ്പ് സംഭവിച്ചതായി കണ്ടെത്തിയെന്ന് ഡോ അബ്ദുസ്സമ്മദ് പറഞ്ഞു. അവയുടെ ചെവിക്കല്ല് പരിശോധിച്ചപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്. ഇക്കാലയളവില്‍ മത്തി മുട്ടയിടാത്തതായും പെലാജിക് ഫിഷറീസ് വിഭാഗത്തിന്റെ പഠനത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ അനുകൂലമല്ലാത്തതാകും ഇതിന് കാരണമെന്നാണ് അനുമാനം.
പ്രായപൂര്‍ത്തി എത്താത്ത മീനുകളെ വന്‍തോതില്‍ പിടിക്കുന്നതും മത്സ്യലഭ്യത കുറഞ്ഞുവരുന്നതിന്റെ ഒരു പ്രധാന കാരണമാണ്. മീനുകള്‍ പ്രായപൂര്‍ത്തിയെത്തുന്ന കാലയളവും മുട്ടയിടുന്ന പ്രായവും കൃത്യമായി മനസ്സിലാക്കാന്‍ പറ്റിയാല്‍ മത്സ്യബന്ധനത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. എല്ലാ മീനുകളുടെയും പ്രായനിര്‍ണയം പൂര്ണമായാല് നിലവിലുള്ള മിനിമം ലീഗല്‍ സൈസിലും (പിടിക്കേണ്ട പരമാവധി കുറഞ്ഞ വലിപ്പം) മാറ്റങ്ങള്‍ വന്നേക്കാമെന്നാണ് കരുതുന്നത്.
You may like
India
‘ഓക്സ്ഫെഡ്’ വാക്സിന് പരീക്ഷണം ഇന്ത്യയിലും; ഉല്‍പ്പാദനം വൈകാതെ
ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും
Published
7 months agoon
July 21, 2020By
Web Desk
പൂനെ: ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി പുതുതായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് പ്രതിരോധ വാക്സിന് ഇന്ത്യയിലും പരീക്ഷിക്കാനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇതിനായി ബ്രിട്ടീഷ് ഗവേഷകരുമായി കൈകോര്‍ക്കുന്നത്. ലൈസന്‍സ് ലഭിച്ചാലുടന്‍ വാക്സിന് പരീക്ഷണം തുടങ്ങാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി. ഇതുവരെ വികസിപ്പിച്ചെടുത്ത വാക്സിനുകളില്‍ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഏറെ വിജകരമെന്നു കണ്ട AZD1222 വാക്സിനാണ് ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി ഗവേഷകര്‍ കണ്ടെത്തിയ പ്രതിരോധ മരുന്ന്. ഇതിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വളരെ അനുകൂല ഫലങ്ങളാണ് ലഭിച്ചിരുന്നത്. ഈ വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഈ വാക്സിന് നിസാരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എങ്കിലും ഇത് പാരാസെറ്റമോള്‍ കഴിക്കുന്നതിലൂടെ ലഘൂകരിക്കാവുന്നതാണെന്നും ഗവേഷകര്‍ പറയുന്നു.
പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്കുന്ന ഫലമാണ് തന്നിരിക്കുന്നതെന്നും ഇന്ത്യയില്‍ പരീക്ഷണ ലൈസന്‍സ് ലഭിക്കുന്നതിന് ഒരാഴ്ച്ചക്കകം അപേക്ഷ നല്‍കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പുനവാല പറഞ്ഞു. ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് കോവാക്സിന് എന്ന പ്രതിരോധ മരുന്നിന്റെ മനുഷ്യരിലുള്ള ആദ്യ പരീക്ഷണം തുടങ്ങിയതിനു പിന്നാലെയാണ് ഓക്സ്ഫെഡ് വാക്സിന് പരീക്ഷണ ഫലം പുറത്തു വന്നത്. ഇന്ത്യന്‍ വാക്സിന്റെ ആദ്യ ഫലമറിയാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയമെടുക്കുമെന്ന് ദല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നു.
ലോകത്ത് വിവിധയിടങ്ങളിലായി നൂറിലെറെ വാക്സിന് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇവയിലൊന്നാണ് ഓക്സഫെഡ് വാക്സിന്. ഈ വാക്സിന് ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയത് ഏപ്രില്‍ 23നാണ്. ഈ ഫലമാണ് ഇപ്പോള്‍ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Life
കോവിഡിനു ശേഷം ലോകത്തിന് എന്തു സംഭവിക്കും?
ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്പ്പിക്കാന് മാത്രമേ കഴിയൂ.
Published
11 months agoon
March 30, 2020By
Web Desk
എന്തൊക്കെ ശേഷിപ്പിച്ചാകും കോവിഡ് 19 എന്ന മഹാമാരി തിരിച്ചുപോകുക എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ലോകം മുഴുവനും ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഈ മഹാമാരിയെ കീഴ്പ്പെടുത്താനായിട്ടില്ല. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഈ പ്രതിസന്ധിയുടെ ആഴവും അളവും വളരെ വലുതായിരിക്കും. ഇതിന് മുന്നില്‍ ബെര്‍ലിന്‍ മതിലിന്റെ പതനമോ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോ ഒന്നുമാകില്ല. ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്പ്പിക്കാന് മാത്രമേ കഴിയൂ.
ജീവിതങ്ങള്‍ തകര്‍ക്കുകയും വിപണികളെ തച്ചുടക്കുകയും ചെയ്യും. സര്‍ക്കാരുകളുടെ കഴിവും കഴിവുകേടും തുറന്നു കാട്ടും. രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരമായ മാറ്റങ്ങളിലേക്ക് നയിക്കും. രാജ്യം എന്ന നിലയില്‍ അതിലെ ദേശീയതയെ ഈ പകര്‍ച്ചവ്യാധി ശക്തിപ്പെടുത്തിയേക്കാം. പ്രതിസന്ധി മറി കടക്കുന്നതിന് സര്‍ക്കാരുകള്‍ പുതിയ അധികാരങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷെ ഇതവസാനിക്കുമ്പോള്‍ ഈ പുതിയ അധികാരങ്ങള്‍ വിട്ടു കൊടുക്കാനാകാതെപിടി മുറുക്കാനും സാധ്യതയുണ്ട്.
പടിഞ്ഞാറിന്റെ അധികാര ഗര്‍വുകള്‍ ഇല്ലാതാകുന്ന മാറ്റവും ഒരു പക്ഷെ സംഭവിച്ചേക്കാം. അതിനു മുന്നോടിയെന്ന നിലയിലാണ് രോഗത്തിന്റെ വ്യാപനം തടയാന്‍ കിഴക്കും പടിഞ്ഞാറും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കാണേണ്ടത്. കിഴക്കന്‍ രാജ്യങ്ങള്‍ ശക്തമായ നിയന്ത്രങ്ങളുമായി മുന്നോട്ടു പോയപ്പോള്‍, യൂറോപ്പും അമേരിക്കയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അലംഭാവമായിരുന്നു. ‘പാശ്ചാത്യം’ എന്ന ബ്രാന്‍ഡ് നെയിമിന് മങ്ങലേല്‍പ്പിക്കുന്ന നടപടികള്‍ക്കാണ് ലോക സാക്ഷ്യം വഹിച്ചത്.
സംരക്ഷണത്തിനായി പൗരന്മാര് സര്‍ക്കാരുകളെ ആശ്രയിക്കുകയും സര്‍ക്കാരുകള്‍ ഭാവിയിലെ അപകട സാധ്യത കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, നമ്മള് ഹൈപ്പര്‍ ഗ്ലോബലൈസേഷനില്‍ നിന്നും ബഹുദൂരം പിന്നിലേക്ക് പോകേണ്ടി വരും. ഭൂമിയിലെ 7.8 ബില്യണ്‍ ജനങ്ങളില്‍ ഓരോരുത്തര്‍ക്കും പൊതുജനാരോഗ്യം എന്നത് ഒരു ചോദ്യചിഹ്നമാകും. വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി 2008-2009 ലെ മഹാ മാന്ദ്യത്തേക്കാളും വളരെ വലുതായിരിക്കും. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെയും ശാശ്വത സന്തുലിതാവസ്ഥയെയും ഈ വൈറസ് സ്ഥിരമായി മാറ്റും.
സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ മുന ഈ വൈറസ് ഒടിക്കും. സര്‍ക്കാരുകളെയും സമൂഹങ്ങളെയും ദീര്‍ഘ കാലത്തോളംസാമ്പത്തിക ഐസൊലേഷനില്‍ നിര്‍ത്താനും കാരണമാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പരസ്പര പ്രയോജനകരമെന്ന് നിര്‍വചിച്ചിരുന്ന ഗ്ലോബലൈസേഷനിലേക്ക് ലോകം മടങ്ങി വരാന്‍ സാധ്യത കുറവാണ്.
ആഗോള സാമ്പത്തിക ദിശകളെ ഈ വൈറസ് അടിസ്ഥാനപരമായി മാറ്റില്ല. അതേസമയം, ഇതിനകം ആരംഭിച്ച ഒരു മാറ്റത്തെ ത്വരിതപ്പെടുത്തും: യു.എസ് കേന്ദ്രീകൃത ആഗോളവല്ക്കരണത്തില് നിന്ന് ചൈന കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തിലേക്കായിരിക്കും നീക്കം. ചൈനീസ് ജനതയുടെ മത്സര ബുദ്ധിയും അധ്വാന ശീലവും അവരെ അങ്ങനെയാക്കിയെടുക്കാന്‍ ചൈനീസ് നേതാക്കള്‍ നടത്തിയ പരിശ്രമത്തിന്റെയും ഫലമായിരിക്കും അത്.
മാറ്റമില്ലാതാകുന്നത് ലോക രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ വൈരുദ്ധ്യ സ്വഭാവത്തിനാണ്.1918-1919 ലെ പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ബാധകള്‍ അധികാര വൈരാഗ്യം അവസാനിപ്പിക്കുകയോ ആഗോള സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുകയോ ചെയ്തില്ല. ഈ വൈറസിനും ആ ശേഷിയുണ്ടാകുമെന്ന് കരുതാനാകില്ല.
ഈ പകര്‍ച്ചവ്യാധിയുടെ അവസാനം എന്തായിരിക്കും? മനുഷ്യന് തന്റെ സത്തയെ അതിശക്തമായി തിരിച്ചറിയുന്ന സമയമായിരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജോലിക്കാര്‍, രാഷ്ട്രീയ നേതാക്കള്‍, സാധാരണ പൗരന്മാര് എന്നിവരെല്ലാം ഈ അസാധാരണ പ്രതിഭാസത്തെ എങ്ങിനെ നേരിട്ടുവെന്നത് മനുഷ്യരാശിക്കും പുതിയ ദിശാബോധവും ഐക്യചിന്തയും നല്‍കുമെന്ന് തീര്‍ച്ചയാണ്. ഓരോ പ്രതിസന്ധിയില്‍നിന്നും പുതിയ വിജയങ്ങള്‍ നേടാന്‍ മനുഷ്യന് അസാധാരണമായ കഴിവുണ്ട്. കോവിഡിന് ശേഷവും അങ്ങിനെയൊരു ലോകമുണ്ടായേക്കാം.
Life
കൊളോന്‍: കൊറോണയെ തുരത്തുന്ന തുര്‍ക്കികളുടെ രഹസ്യായുധം
തുര്‍ക്കികളുടെ ജീവിത ശൈലിയുടെ ഭാഗമായ കൊളോന്‍ കൊറോണ ബാധയെ തടയുന്നത് ഇങ്ങനെ
Published
11 months agoon
March 25, 2020By
Web Desk
തുര്‍ക്കിയില്‍ ഭക്ഷണശാലയില്‍ പോയാലും ബാര്‍ബറുടെ അടുത്തു പോയാലും അല്ലെങ്കില്‍ ബസിലെ ഒരു യാത്ര ആണെങ്കിലും കൊളോന്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ഒരു ശീലം കാലങ്ങളായുണ്ട്. ടര്‍ക്കിഷ് ആതിഥ്യത്തിന്റെ ഒരു അടയാളമായും ശുചിത്വം സംരക്ഷിക്കുന്നതിനുള്ള സഹായമായും ഇതു കണക്കാക്കപ്പെടുന്നു. തുര്‍ക്കിയിലെ എല്ലാ വീടുകളിലും സര്‍വസാധാരണയായി കാണുന്ന കൊളോന്‍ ഈ കൊറോണ കാലത്ത് താരമായിരിക്കുകയാണ്. കാരണം കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ടര്‍ക്കിഷ് ജനതയുടെ രഹസ്യായുധമാണ് ഇപ്പോള്‍ കൊളോന്‍. കൊറോണ വൈറസ് വ്യാപനത്തോടെ വന്‍ ഡിമാന്‍ഡാണ് കൊളോനിപ്പോള്‍.
കൊറോണ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് സോപ്പ് ഉപയോഗിച്ചോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ഇടക്കിടെ വൃത്തിയാക്കുക എന്നത്. പകുതിയിലേറെ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ കൈകളിലെ സൂക്ഷ്മാണുക്കളെ പൂര്‍ണമായും ഇല്ലാതാക്കുന്നതു വഴി രോഗം പകരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഈ അറിയിപ്പു വന്നതോടെ ടര്‍ക്കിഷ് ജനതയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. അവര്‍ കൈകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കൊളോനും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ആണ്. കൊറോണ മുന്നറിയിപ്പുകള്‍ വന്നതോടെ ആളുകള്‍ വന്‍തോതില്‍ കൊളോന്‍ വാങ്ങാന്‍ തുടങ്ങി. ആദ്യ കൊറോണ കേസ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ഇസ്താബുളിലെ കടകളില്ലെല്ലാം കൊളോന്‍ വാങ്ങാന്‍ വന്‍ജനത്തിരക്കാണ് ഉണ്ടായത്.
കൊളോന്‍ വിറ്റഴിഞ്ഞു, സ്റ്റോക്കില്ല എന്ന ബോര്‍ഡുകളാണ് കടകള്‍ക്കും ഫാര്‍മസികള്‍ക്കും മുമ്പില്‍ ഇപ്പോള്‍ കാണാനാകുക. വഴികളില്ലെല്ലാം ഇടക്കിടെ കൊളോന്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ആളുകളെ കാണാം. ടാക്സി ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ക്കും ഇതു നല്കുന്നു. വടക്കുപടിഞ്ഞാറന്‍ പട്ടണമായ ഇസ്മിറ്റില്‍ ഒരു സന്നദ്ധ സംഘടന പ്രായമേറിയവര്‍ക്ക് കൊളോനും റൊട്ടിയും സൗജന്യമായി വിതരം ചെയ്യുന്ന വാര്‍ത്തയും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
ഏതാനും ആഴ്ചകളായി കച്ചവടക്കാരില്‍ നിന്നും ആയിരക്കണക്കിന് ഓര്‍ഡറുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഇവര്‍ക്കെല്ലാം വിതരണം ചെയ്യാന്‍ ഉല്‍പ്പന്നമില്ലെന്നും പരമ്പരാഗത കൊളോന്‍ നിര്‍മാണത്തില്‍ പേരുകേട്ട എയുബ് സബ്രി തുന്‍ജര്‍ പറയുന്നു. ഓണ്‍ലൈനായി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കമ്പനി പറയുന്നു.
കൊറോണ വൈറസിനെ അകറ്റാന്‍ ഹാന്‍ഡ്സാനിറ്റൈസറുകല്‍ക്ക് പകരമായി കൊളോന്‍ ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രി ഫഹ്റെദീന്‍ കോജ ആഹ്വാനം ചെയ്തതോടെ കടകളിലെ കൊളോന്‍ കുപ്പികളെല്ലാം കാലിയായി. എല്ലായിടത്തേയും പോലെ കൊളോന്‍ കരിഞ്ചന്ത വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇസ്താംബൂള്‍ പോലീസ് ഒരു അനധികൃത കൊളോന്‍ നിര്‍മ്മാണ ശാല റെയ്ഡ് ചെയ്ത് അനധികൃത കൊളോന്‍ പിടിച്ചെടുത്തിരുന്നു.
കൊറോണ പ്രതിരോധ പദ്ധതിയുടെ ഭാഗമായി മാസ്കുകളും കൊളോനും 65വയസ്സ് പിന്നിട്ട എല്ലാ പൗരന്മാര്ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് റജബ് ത്വയപ് ഒര്‍ദുഗാനും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊളോന്‍ കൊറോണ വൈറസിനെതിരായ ശാസ്ത്രീയമായ പ്രതിരോധ ആയുധമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. കൊറോണ വൈറസിന്റെ പുറം ആവരണം തകര്‍ക്കാന്‍ ആല്‍ക്കഹോളിന് കഴിയുമെന്ന് ടര്‍ക്കിഷ് സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ബോര്‍ഡ് അംഗം പ്രൊഫ. ബുലെന്ദ് എര്‍തുഗ്രുല്‍ പറയുന്നു. പുതിയ കൊറോണ വൈറസിനെതിരായ ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം കൈകള്‍ സോപ്പിട്ട് കഴുകലാണ്. സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ 60 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകല്‍ ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു. കൊളോന്‍ ഈ ഉപയോഗത്തിന് അനുയോജ്യമാണ്. ‘കൊളോനില്‍ 70 ശതമാനത്തോളം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. അതു കൊണ്ടാണ് കോവിഡ്19നെ തുരത്താന്‍ ഹാന്‍ഡ് സാനിറ്റൈസറായി ഇതുപയോഗിക്കുന്നത്.’


ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്റ്റോറേജ് സേവനവുമായി ഡിജിബോക്സ്

ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ആദ്യ ക്രിക്കറ്റ് ടീം യുഎഇ പര്യടനത്തിന്
