ഹംഷീന ഹമീദ്
സഫൂറ സർഗാർ. പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളുടെ പേരിൽ യു എ പി എ ചുമത്തപ്പെട്ട് ദൽഹി പൊലീസ് തീഹാർ ജയിലിലടച്ച കശ്മീരി വനിത. ഇസ്ലാമോഫോബിയ എന്ന വലിയ ഒരു ഘടകം മുന്നിൽ നിൽക്കുമ്പോഴും ഇവരുടെ അറസ്റ്റും അനുബന്ധ സംഭവങ്ങളും വിരൽ ചൂണ്ടുന്നത് മറ്റൊന്നിലേക്കാണ്. ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരോടി നിൽക്കുന്ന സ്ത്രീ വിരുദ്ധതയിലേക്ക്.
14 ആഴ്ച ഗർഭിണിയാണ് ജാമിയ മില്ലിയ സർവകലാശാലയിൽ എം. ഫിൽ വിദ്യാർത്ഥിനി കൂടിയായ സഫൂറ. ഒരു മാസത്തോളമായി അവർ ഏകാന്ത തടവിലായിട്ട്. പൌരത്വ നിയമത്തിനെതിരെ സമരങ്ങൾ നടത്തിയവരെയും അതിൽ പങ്കെടുത്തവരെയും മാത്രം വേട്ടയാടിയ ഭരണകൂടത്തിന്റെ ഇസ്ലാമോഫോബിയ ഒരുപക്ഷേ ഏറ്റവും കൂടുതൽ പ്രകടമായത് സഫൂറ സർഗാരിന്റെയും മീരാൻ ഹൈദറിന്റെയും അറസ്റ്റിലായിരിക്കും. ദൽഹിയിൽ ആസൂത്രിതമായി വംശഹത്യ നടത്തിയാണ് തങ്ങളുടെ ഗൂഢ പദ്ധതിക്കുള്ള അജണ്ട സർക്കാർ തയ്യാറാക്കിയത്. ഇസ്ലാമോഫോബിയയുടെ ഇര എന്നതിലുമപ്പുറം, ഒരു സ്ത്രീ എന്ന നിലയിൽ ആത്മാഭിമാനവും അവകാശങ്ങളും പരസ്യമായി കയ്യേറ്റം ചെയ്യപ്പെടുന്നത് നിശബ്ദയായി നോക്കി നിൽക്കേണ്ടി വരുന്ന നിസ്സഹായയാവസ്ഥയിലാണ് ഗർഭിണിയായ സഫൂറ. അവിവാഹിതയായ ഗർഭിണി എന്നാണ് സഫൂറയെ കുറിച്ച് സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന അപവാദം.
സഫൂറയുടെ അറസ്റ്റിനെ തുടർന്ന് തീവ്ര വലതു പക്ഷ വിഭാഗത്തിൽ നിന്നുണ്ടായ ട്രോളുകളും ട്വീറ്റുകളും പിന്നീട് അവർ വിവാഹിതയാണോ അല്ലയോ എന്ന ചർച്ചകളിലേക്ക് സോഷ്യൽ മീഡിയയെ നയിച്ചു. അവരെ അറസ്റ്റ് ചെയ്തത് ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണോ എന്നു ചർച്ച ചെയ്യുന്നതിന് പകരം, വിവാഹം കഴിക്കാതെയാണ് അവർ ഗർഭിണിയായിരിക്കുന്നത് എന്ന സംഗ്രഹത്തിലേക്ക് ട്രോളുകളും ചർച്ചകളും ചെന്നെത്തി. സ്ത്രീയെന്ന നിലയിൽ അവർക്ക് നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ പോലും ചർച്ചയാകുന്നില്ല എന്നതാണ് അതിലേറെ ഖേദകരം. ദൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ആദ്യം അറസ്റ്റ് ചെയ്തു ജാമ്യം ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് വീണ്ടും മറ്റൊരു കേസിൽ സഫൂറയെ അറസ്റ്റ് ചെയ്യുന്നത്. പക്ഷെ ഈ കേസിനു വേണ്ട തെളിവുകളോ വിശദാംശങ്ങളോ നൽകാൻ പോലീസ് തയ്യാറായിരുന്നില്ല. തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിന് ശേഷമാണ് പോലീസ് സഫൂറയ്ക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് അവരുടെ വക്കീൽ വെളിപ്പെടുത്തിയിരുന്നു. വളരെ ആസുത്രീതവും ടാർഗെറ്റ് ചെയ്തുമായിരുന്നു ദൽഹി പൊലീസിന് നീക്കങ്ങളെന്ന് വ്യക്തം.
ഇവിടെ പ്രചരിക്കുന്നത് ഇസ്ലാമോഫോബിയ മാത്രമല്ല, സ്ത്രീക്ക് നേരെയുള്ള വ്യക്തമായ ആക്രമണം കൂടിയാണ്. ശബ്ദമുയർത്താൻ ശ്രമിക്കുന്ന സ്ത്രീകൾക്കെതിരെ പ്രയോഗിക്കുന്ന സ്ഥിരം തുറുപ്പുചീട്ട് തന്നെയാണ് ഈ കാര്യത്തിലും പുറത്തെടുത്തിരിക്കുന്നത്. രണ്ടു വർഷം മുൻപായിരുന്നു സഫൂറയുടെ വിവാഹം. അവരുടെ വിവാഹചിത്രങ്ങളും ഈ വിവാദങ്ങൾക്കിടെ പുറത്തു വന്നിരുന്നു. പക്ഷെ, ചോദ്യം അതല്ല, അവർ വിവാഹിത ആയിരുന്നില്ലെങ്കിൽ പോലും അവരുടെ സ്വകാര്യ ജീവിതം പൊതു ചർച്ചയ്ക്കും പരിഹാസത്തിനും വിധേയമാക്കേണ്ട കാര്യമെന്ത് എന്നതാണ്.
സ്വാഭാവികം എന്നാണ് ഉത്തരമെങ്കിൽ, സ്വന്തം ശരീരത്തിനും ജീവിതത്തിനും മേലുള്ള അവകാശം സ്ഥാപിച്ചു കിട്ടാനായി കൂടുതൽ സ്ത്രീകൾ മുന്നോട്ടു വരുന്നതും ഈ സ്വാഭാവികതയെ മറികടക്കാനാണ് എന്നോർക്കുന്നതും നല്ലതാണ്. ദൽഹി വനിതാ കമ്മീഷനും ഇക്കാര്യത്തിൽ നോക്കുകുത്തിയായി നിൽക്കുന്ന കാഴ്ചയായണ് കണ്ടു കൊണ്ടിരിക്കുന്നത്.
സഫൂറയ്ക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾ എത്തി നിൽക്കുന്നത് രണ്ടു കാര്യങ്ങളിലേക്കാണ്. ഒന്ന്, സ്ത്രീയുടെ ശരീരവും ലൈംഗീകതയും സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിയന്ത്രിക്കപ്പെടുന്ന വസ്തുക്കളായി തുടരും എന്നതിലേക്ക്. മറ്റൊന്ന്, മതവും രാഷ്ട്രീയവും ഇട കലർന്നാൽ, ന്യൂനപക്ഷങ്ങളേക്കാൾ ഉപരിയായി അതിൽ ഇരകളാകാൻ പോകുന്നത് സ്ത്രീകളായിരിക്കും എന്ന മുന്നറിയിപ്പിലേക്കും. ഇത് ഇസ്ലാമോഫോബിക് ആയ ഒരു സമൂഹത്തെ മാത്രമല്ല, അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ഒരു സമൂഹത്തെ കൂടിയാണ് വാർത്തെടുത്തു കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവും പ്രാധാന്യമർഹിക്കുന്നു.