Connect with us

News

സോഷ്യല്‍ മീഡിയക്ക് തുര്‍ക്കിയില്‍ കടിഞ്ഞാണ്‍; പുതിയ നിയമം പാസാക്കി

ചട്ടങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് പിഴയേര്‍പ്പെടുത്തുകയും പരസ്യങ്ങള്‍ പിന്‍വലിക്കുകയും 90 ശതമാനം ബാന്‍ഡ് വിഡ്ത് വെട്ടിക്കുറയ്ക്കുകയും ചെയ്യും.

Published

on

അങ്കാറ: അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി തുര്‍ക്കി. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിന് അമിത നിയന്ത്രണം അനുവദിക്കുന്ന വിവാദ ബില്‍ പാര്‍ലമെന്റില്‍ പാസായി. ഇതേ തുടര്‍ന്ന്, ഇനി മുതല്‍ സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവര്‍ക്ക് തുര്‍ക്കിയില്‍ പ്രാദേശിക പ്രതിനിധികളുണ്ടെന്ന് ഉറപ്പുവരുത്തുകയും ചില ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച കോടതി ഉത്തരവുകള്‍ പാലിക്കുകയും വേണം.

പുതിയ ചട്ടങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് പിഴയേര്‍പ്പെടുത്തുകയും പരസ്യങ്ങള്‍ പിന്‍വലിക്കുകയും 90 ശതമാനം ബാന്‍ഡ് വിഡ്ത് വെട്ടിക്കുറയ്ക്കുകയും ചെയ്യും. ദിവസേന ഒരു ദശലക്ഷത്തിലധികം സന്ദര്‍ശനങ്ങളുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ ലക്ഷ്യമിടുന്ന നിയമം, തുര്‍ക്കി ഉപയോക്താക്കളുടെ ഡാറ്റയുള്ള സെര്‍വറുകള്‍ തുര്‍ക്കിയില്‍ തന്നെ സൂക്ഷിക്കണമെന്നും പറയുന്നു.

പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് (എകെ) പാര്‍ട്ടിയും അതിന്റെ ദേശീയ പങ്കാളിയായ നാഷണല്‍ മൂവ്മെന്റ് പാര്‍ട്ടിയും (എംഎച്ച്പി) ബില്‍ സമര്‍പ്പിച്ചത്. പ്രസിഡന്റ് എര്‍ദൊവാനെ സോഷ്യല്‍ മീഡിയയിലൂടെ നിന്ദിക്കുന്നത് ക്രിമിനല്‍ കുറ്റമായിരിക്കെ, ഈ വിലക്കേര്‍പ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണമായും തുര്‍ക്കിയില്‍ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും ആശങ്കയറിയിച്ചു. വാര്‍ത്താ മാധ്യമങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കെ സോഷ്യല്‍ മീഡിയയില്‍ ഏര്‍പ്പെടുത്തുന്ന ഈ കൈകടത്തല്‍ രാജ്യത്തെ സ്വതന്ത്രമോ വിമര്‍ശനാത്മകമോ ആയ വിവരങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ വിക്കിപീഡിയയ്ക്കുള്ള വിലക്ക് മൂന്ന് വര്‍ഷത്തിന് ശേഷം ജനുവരിയിലാണ് തുര്‍ക്കി കോടതി നീക്കിയത്. ട്വിറ്ററിന്റെ ഏറ്റവും പുതിയ ‘സുതാര്യത റിപ്പോര്‍ട്ട്’ പ്രകാരം, 6,000 ത്തിലധികം അഭ്യര്‍ത്ഥനകളോടെ, ഉള്ളടക്കങ്ങള്‍ നീക്കംചെയ്യുന്ന രാജ്യങ്ങളില്‍ തുര്‍ക്കി ഒന്നാം സ്ഥാനത്താണ്.

ധാരാളം അനുയായികള്‍ ഉണ്ടായിട്ടും സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വിമര്‍ശിക്കപ്പെടാറുള്ളയാളാണ് പ്രസിഡന്റ് എര്‍ദൊവാന്‍. ‘കൊലപാതകിയുടെ കത്തി’ എന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളെ എര്‍ദൊവാന്‍ വിശേഷിപ്പിച്ചത്. ഓണ്‍ലൈനിലെ ‘അധാര്‍മിക പ്രവൃത്തികള്‍’ വര്‍ധിക്കുന്നത് നിയന്ത്രണം ഏര്‍പ്പെടുത്താഞ്ഞിട്ടാണെന്നും അദ്ദേഹം അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കോവിഡ് പ്രതിരോധത്തിനുള്ള ഒറ്റത്തവണ വാക്‌സിന്‍ അന്തിമഘട്ട പരീക്ഷണം തുടങ്ങി

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 60,000 പേരിലാണ് ഈ ഒറ്റത്തവണ വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്

Published

on

ഷിക്കാഗോ: കോവിഡ് പ്രതിരോധിക്കാനുള്ള ഒറ്റത്തവണ കുത്തിവെപ്പു വാകസിന്‍ അന്തിമ പരീക്ഷണങ്ങള്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ആരംഭിച്ചു. 60,000 പേരിലാണ് ഈ ഒറ്റത്തവണ വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ ഈ പരീക്ഷണങ്ങളുടെ ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. പോള്‍ സ്റ്റോഫ്ള്‍സ് അറിയിച്ചു. ട്രംപ് ഭരണകൂടത്തിലേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തിലേയും ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഡോ. പോള്‍ ഇക്കാര്യം അറിയിച്ചത്.

വന്‍കിട മരുന്ന് കമ്പനികളായ മൊഡേണ, ഫൈസര്‍ ഇന്‍ക്, ആസ്ട്രസെന്‍ക എന്നിവര്‍ വികസിപ്പിച്ച് പരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനുകളെല്ലാം നീണ്ട ഇടവേളകളെടുത്ത് രണ്ടു തവണ കുത്തിവെയ്ക്കുന്നവയാണ്. എന്നാല്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ചത് ഒറ്റത്തവണ കുത്തിവയ്പ്പ് മാത്രം മതിയാകും. ഇത് ആഗോള തലത്തില്‍ വാക്‌സിന്‍ വ്യാപകമായി വിതരണത്തിനും വളരെ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യുഎസിലും ബെല്‍ജിയത്തിലും നടത്തിയ ഒന്നും രണ്ടു ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്ന് കമ്പനി അറിയിച്ചു. വാക്‌സിന്‍ വികസനത്തിനായി നടത്തിയ വിശദ പഠനങ്ങളുടെ വിവരങ്ങള്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബുധനാഴ്ച കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Continue Reading

News

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു

Published

on

ന്യൂദല്‍ഹി: കോവിഡ് ബാധിച്ച് ദല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡി മരിച്ചു. ഈ മാസം 11നാണ് 65കാരനായ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 2004 മുതല്‍ ബിജെപി എംപിയായ അംഗഡി കര്‍ണാടകയിലെ ബെളഗാവില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയും കര്‍ണാടകയില്‍ നിന്നുള്ള രണ്ടാമത്തെ എംപിയുമാണ് അംഗഡി. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. മന്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റു നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

Continue Reading

News

ഫേസ്ബുക്ക് ഇന്ത്യാ മേധാവിക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി

ഫേസ്ബുക്ക് വൈസ് പ്രസിഡന്റിന്റെ ഹര്‍ജിയില്‍ ദല്‍ഹി നിയമസഭയ്ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ്

Published

on

ന്യൂദല്‍ഹി- ദല്‍ഹി കലാപത്തിനിടയാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നിയന്ത്രിച്ചില്ലെന്നും ബിജെപി നേതാക്കളുടെ വിദ്വേഷ, വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നുമുള്ള ആരോപണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഇന്ത്യാ മേധാവിക്കെതിരെ നിര്‍ബന്ധിത നടപടി പാടില്ലെന്ന് സുപ്രീം കോടതി. ഒക്ടോബര്‍ 15 വരെ നടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്. ദല്‍ഹി നിയമസഭാ സമിതി ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ബന്ധിക്കുന്നതിനെതിരെ ഫേസ്ബുക്ക് വൈസ് പ്രസിഡന്റും ഇന്ത്യയിലെ മാനേജിങ് ഡയറക്ടറുമായ അജിത് മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ദല്‍ഹി നിയമസഭാ സെക്രട്ടറി, നിയമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഐടി മന്ത്രാലയം, ലോക്‌സഭ-രാജ്യസഭ സെക്രട്ടറി ജനറല്‍, ദല്‍ഹി  പോലീസ് എന്നിവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അജിത് മോഹന്റെ ഹര്‍ജി സംബന്ധിച്ച് മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ, ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ ഹാജരാകണമെന്ന സമന്‍സിനെതിരായ ഫേസ്ബുക്ക് വൈസ് പ്രസിഡന്റിന്റെ ഹര്‍ജിയില്‍ ദല്‍ഹി നിയമസഭയ്ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.

ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇതു സംബന്ധിച്ച യോഗം ചേരില്ലെന്ന് ദല്‍ഹി നിയമസഭയുടെ സമാധാന സമിതി കോടതിയെ അറിയിച്ചു. ബുധനാഴ്ച ചേരാനിരുന്ന യോഗവും റദ്ദാക്കി. അജിത് മോഹനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമിതി രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നു. കേസ് കോടതി ഒക്്‌ടോബര്‍ 15നു വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.