Life
ലോക്ക്ഡൗണ്‍: ദുരന്തമാകുന്നതിന് മുമ്പ് ശ്രദ്ധിക്കാം ഈ 10 കാര്യങ്ങള്‍
എങ്ങനെയാണ് ഈ ലോക്ക് ഡൌൺ കാലത്ത് നമുക്ക് ഓരോരുത്തർക്കും ഈ കൊറോണ യുദ്ധത്തിൽ പങ്കാളിയാവാൻ പറ്റുന്നതെന്ന് നോക്കാം
Published
11 months agoon
By
Web Desk
മുരളി തുമ്മാരുകുടി
കൊറോണ കേസുകൾ നൂറോടടുത്തതിനാൽ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി കേരളത്തിലൊന്നാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചല്ലോ. ലോകത്തിലെ നൂറ്റി എൺപത്തഞ്ചോളം രാജ്യങ്ങളിൽ ഇപ്പോൾ കൊറോണ എത്തി ചേർന്നല്ലോ. ഇതിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഇപ്പോൾ കൊറോണയുടെ വളർച്ചയുടെ കാലമാണ്. ഇറ്റലിയുൾപ്പടെ യൂറോപ്യൻ രാജ്യങ്ങളൊന്നും കൊറോണയെ പിടിച്ചു കെട്ടാൻ പോയിട്ട് തടഞ്ഞു നിർത്താനുള്ള ശ്രമത്തിൽ പോലും വിജയിച്ചിട്ടില്ല. അതെ സമയം ചൈനയും ദക്ഷിണകൊറിയയും ജപ്പാനുമൊക്കെ ഈ യുദ്ധത്തിൽ താൽക്കാലമെങ്കിലും മേൽക്കൈ നേടിയിട്ടുമുണ്ട്. അപ്പോൾ ഈ യുദ്ധം വിജയിക്കാൻ പറ്റുന്നതാണ് എന്ന് ഉദാഹരണങ്ങൾ ഉണ്ട്. സർക്കാരും ജനങ്ങളും ഒരുമിച്ചു തയ്യാറെടുക്കണം, പോരാടണം എന്ന് മാത്രം.
എങ്ങനെയാണ് ഈ ലോക്ക് ഡൌൺ കാലത്ത് നമുക്ക് ഓരോരുത്തർക്കും ഈ കൊറോണയുദ്ധത്തിൽ പങ്കാളിയാവാൻ പറ്റുന്നതെന്ന് നോക്കാം.
1. ഇതൊരു സാധാരണ ഹർത്താലോ ബന്ദോ ഒന്നുമല്ല, കഴിഞ്ഞ നൂറുവര്‍ഷത്തിനിടയിൽ മനുഷ്യകുലം നേരിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. രണ്ടാം ലോകമഹായുദ്ധ കാലത്ത് പോലും ലോകത്തിലെ ഇത്രയും രാജ്യങ്ങൾ ഒരുമിച്ച് വെല്ലുവിളിയെ നേരിട്ടിട്ടില്ല. വിമാനങ്ങളും റെയിൽവേയും ഒക്കെ ഉണ്ടായതിന് ശേഷം ഇന്നുവരെ ആ സഞ്ചാരങ്ങൾ മിക്കവാറും നിറുത്തിവക്കുന്ന കാലം ഉണ്ടായിട്ടില്ല. ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.
2. പല തലമുറകൾക്കിടക്ക് മാത്രം വന്നു ചേരുന്ന ഒരു വെല്ലുവിളിയാണ് ഇത്. ലോകത്ത് ഒരു രാജ്യവും, അതെത്ര സമ്പന്നമാകട്ടെ, ഇങ്ങനൊരു വെല്ലുവിളിക്ക് തയ്യാറല്ല. ഈ യുദ്ധത്തിൽ ആര് ജയിക്കുമെന്നത് ഒരു രാജ്യത്തെയും സമ്പത്തിനേയോ സൈന്യത്തെയോ സർക്കാരിനേയോ ആശ്രയിച്ചല്ല ഇരിക്കാൻ പോകുന്നത്. ഈ വെല്ലുവിളിയെ ചൈനയും അമേരിക്കയും ജപ്പാനും ഇറ്റലിയും ഒക്കെ നേരിടുന്നതിന്റെ ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ ജനസംഖ്യയോട് ചേർന്ന് നിൽക്കുന്ന ഉദാഹരണങ്ങൾ ദക്ഷിണകൊറിയയുടെയും ഇറ്റലിയുടെയും ആണ്. ഏതാണ്ട് ഒരു മാസം മുൻപ് (ഫെബ്രുവരി ഇരുപതിന് ) രണ്ടു സ്ഥലങ്ങളിലും കൊറോണ പോസിറ്റീവ് കേസുകൾ നൂറിനടുത്തായിരുന്നു, ഇറ്റലിയിൽ വെറും നാലുകേസും. ഇന്നിപ്പോൾ ഇറ്റലിയിൽ കേസുകളുടെ എണ്ണം അറുപതിനായിരം കവിഞ്ഞു, മരണം ആറായിരവും. ദക്ഷിണകൊറിയയിൽ ആകട്ടെ ഇപ്പോൾ കേസുകളുടെ എണ്ണം ആറായിരത്തിൽ താഴെയും മരണം നൂറിനടുത്തുമാണ്. പോരാത്തതിന് ഓരോ ദിവസവും അവിടെ കേസുകൾ കുറഞ്ഞു വരികയുമാണ്. (See images, above South Korea, Below Italy).


3. ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം രോഗവ്യാപനം തുടങ്ങി എത്ര നേരത്തെയാണ് അവർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്, അത് എത്ര ഫലപ്രദമായി നടപ്പിലാക്കി എന്നതാണ്. ഒരു മാസം കഴിയുമ്പോൾ രണ്ടു സ്ഥലത്തേയും ലോക്ക് ടൗണിന്റെ രീതിയും ജനങ്ങളുടെ അതിനോടുള്ള സഹകരണവും ഏതാണ്ട് ഒരുപോലെയാണ്. പക്ഷെ ഇറ്റലിയിൽ കാര്യങ്ങൾ അല്പം വൈകിപ്പോയി, അതുകൊണ്ടു തന്നെ അവിടുത്തെ ആരോഗ്യരംഗത്തിന് കൈകാര്യം ചെയ്യാവുന്നതിനപ്പുറം അസുഖം വളരുകയും ചെയ്തു. ഇന്നിപ്പോൾ ഓരോ ദിവസവും കൂടുതൽ കർശനമായ നിയന്ത്രണങ്ങളുമായി സർക്കാർ വരുന്നു. അതിലും കർശനമായി ആളുകൾ അത് പാലിക്കുന്നു.
4. ഇറ്റലിയെയും ദക്ഷിണകൊറിയയെയും അപേക്ഷിച്ച് നമ്മുടെ ആരോഗ്യരംഗത്തെ ഭൗതിക സാഹചര്യങ്ങൾ (ആശുപത്രികൾ, ബെഡുകൾ, വെന്റിലേഷൻ) ഏറെ കുറവാണ്. ഇപ്പോൾ തന്നെ ഏറ്റവും അടിസ്ഥാനമായ വ്യക്തിസുരക്ഷാ ഉപകരണങ്ങൾ (PPE) നമ്മുടെ കയ്യിൽ വേണ്ടത്ര സ്റ്റോക്ക് ഇല്ല. അതുകൊണ്ട് തന്നെ കേസുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കുള്ളിൽ നിറുത്തുക എന്നതാണ് ഈ യുദ്ധം ജയിക്കാൻ കേരളത്തിന് ആകെ ഉള്ള മാർഗ്ഗം. അതിന് നമ്മുടെ കയ്യിലുള്ള ഒരേ ഒരു മാർഗ്ഗം വൈറസ്ബാധ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സമ്പർക്കം ഏറ്റവും കുറക്കുക എന്നതാണ്.4. വൈറസ് ബാധയുള്ള ഒരാൾ (വൈറസ്ബാധ ഉള്ള ഏല്ലാവരും രോഗലക്ഷണം കാണിക്കണമെന്നില്ല) എത്രപേർക്ക് ആ വൈറസ് നല്‍കുമെന്നതിനെ അനുസരിച്ചിരിക്കും രോഗം പറക്കുന്നതിന്റെ വേഗത. ഒരാൾ ശരാശരി രണ്ടുപേരിലേക്ക് രോഗം പകർന്നു നൽകിയാൽ, രണ്ടിൽ നിന്നും നാലിലേക്കും നാലിൽ നിന്നും എട്ടിലേക്കുമൊക്കെയായി ഇപ്പോഴത്തെ നൂറ് പതിനായിരമാകാൻ രണ്ടാഴ്ച പോലും വേണ്ടിവരില്ല. അതെ സമയം രോഗമുള്ള ഒരാളിൽ നിന്നും പകരുന്ന കേസുകളുടെ എണ്ണം ഒന്നിൽ താഴെ നിറുത്തിയാൽ ആയിരം കേസുകൾക്കുള്ളിൽ നമുക്ക് ഈ രോഗത്തെ പിടിച്ചു നിർത്താം. അത് മാത്രമാണ് നമ്മുടെ രക്ഷ.
5. ഇവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി. ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി കുറക്കുന്നതിലൂടെ വൈറസ് ബാധ ഉള്ളവർ മറ്റുള്ളവരുമായി ഇടപെടാനുള്ള അവസരങ്ങൾ പരമാവധി പരിമിതപ്പെടുത്തുന്നു. പക്ഷെ ഈ ലോക്ക് ഡൗണിനെ “സർക്കാർ നിയന്ത്രണങ്ങൾ” ആയി കാണുന്നത് ശുദ്ധ മണ്ടത്തരമാണ്. ഇനി വേണ്ടത് സാമൂഹ്യ നിയന്ത്രണമാണ്. സർക്കാരിന് നിയന്ത്രണങ്ങൾക്ക് ചില അതിരുകൾ ഉണ്ടാക്കുക എന്ന ജോലി മാത്രമേ ചെയ്യാനുള്ളൂ. സർക്കാർ പറയുന്നതിലെ ലൂപ്പ് ഹോൾ കണ്ടെത്തി ലോക്ക് ഔട്ട് ലംഘിക്കുന്നത് വലിയ കഴിവായി കാണുന്നവർ അവരുടെ ജീവൻ മാത്രമല്ല സമൂഹത്തിന്റെ മൊത്തം ഭാവിയെടുത്താണ് പന്താടുന്നത്. പോലീസ് തൊട്ടു കളക്ടർ വരെയുള്ള നമ്മുടെ സർക്കാർ സംവിധാനങ്ങളെ ലോക്ക് ഡൗണിനെ പാലിക്കാനായി സമയം ചിലവാക്കാൻ നിര്ബന്ധിതമാക്കരുത്. അതിലും എത്രയോ ഉത്തരവാദിത്തപ്പെട്ട ജോലികൾ അവർക്ക് വരാനിരിക്കുന്നു.
6. കോടിക്കണക്കിന് ആളുകളുടെ ജീവിതം ഒറ്റയടിക്ക് പിടിച്ചു കെട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. ആളുകൾക്ക് ഭക്ഷണം, വെള്ളം, ആരോഗ്യ സംവിധാനങ്ങൾ, സുരക്ഷ ഇതൊക്കെ എപ്പോഴും നിലനിർത്തണം അല്ലെങ്കിൽ ഒരു വശത്തുകൂടി ആളുകൾ ലോക്ക് ഡൌൺ ലംഘിക്കും, മറുവശത്ത് കൊറോണകൊണ്ടുണ്ടുണ്ടാകുന്നതിൽ നിന്നും കൂടിയ ഭവിഷ്യത്ത് ലോക്ക് ഔട്ടിൽ നിന്നും ഉണ്ടാകും. അപ്പോൾ ലോക്ക് ഡൌൺ നടപ്പിലാക്കുന്നതും ജനങ്ങളുടെ മിനിമം ആവശ്യങ്ങൾ ഉറപ്പുവരുത്തുന്നതും തമ്മിലുള്ള ട്രേഡ് ഓഫ് ആണ് സർക്കാരുകൾക്ക് ചെയ്യാനുള്ളത്.
7. യൂറോപ്പിൽ ഫ്രാൻസിലാണ് ഏറ്റവും ശക്തമായ ലോക്ക് ഡൌൺ സർക്കാർ നടപ്പിലാക്കിയത്. അവിടെ വീടിന് പുറത്തിറങ്ങാൻ അഞ്ചു കാര്യങ്ങൾ മാത്രമേ സർക്കാർ ഇപ്പോൾ അംഗീകരിക്കുന്നുള്ളൂ.(എ) അത്യാവശ്യ സർവീസിൽ ജോലി ചെയ്യുന്നവർക്ക് ജോലിക്ക് പോകാൻ(ബി) അടിയന്തിര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകാൻ(സി) കുട്ടികളെയോ വയസ്സായവരെയോ അന്വേഷിക്കാനോ സഹായിക്കാനോ(ഡി) അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ (ഫ്രാൻസിൽ വൈനും ബിയറും ഒക്കെ സൂപ്പർ മാർക്കറ്റിൽ തന്നെ കിട്ടും)(ഇ) വ്യക്തിപരമായി അല്പം എക്സർസൈസ് ചെയ്യാൻഓരോ തവണയും വീടിന് പുറത്തിറങ്ങുമ്പോൾ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നത് എന്ന് എഴുതി കയ്യിൽ വക്കാൻ ഒരു ഫോം ഉണ്ട്. ഈ ഫോമിൽ പറഞ്ഞ കാര്യങ്ങൾ മുൻപ് പറഞ്ഞവ ആകാതിരിക്കുകയോ ഫോം ഇല്ലാതിരിക്കുകയോ ഫോമിൽ പറയാത്ത സ്ഥലത്ത് കാണുകയോ ചെയ്താൽ ഉടൻ ഫൈൻ അടിക്കും (പതിനായിരത്തോളം രൂപ) സർക്കാർ ചിലവിൽ വീട്ടിൽ കൊണ്ടുപോയി ആക്കുകയും ചെയ്യും. ഈ പറഞ്ഞതിൽ വീടിന് പുറത്തുള്ള എക്സെർസൈസിനായുള്ള യാത്രയും രണ്ടുപേരിൽ കൂടുതൽ കൂട്ടുകൂടി പോകുന്നതും സ്വിറ്റസർലാൻഡ് നിരോധിച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റുകൾ തുറന്നിട്ടുണ്ട്, പക്ഷെ ആളുകൾ ഓരോ മീറ്റർ അകാലമിട്ട് ക്യു നിൽക്കണം, ഒന്നൊന്നായി അകത്തുപോയി സാധനങ്ങൾ വാങ്ങുകയും ചെയ്യാം.
8. നിയമങ്ങൾ പാലിച്ചല്ല ലംഘിച്ചാണ് നമുക്ക് ശീലം. ഹെൽമെറ്റ് തൊട്ട് സീറ്റ്ബെൽറ്റ് വരെ പൊലീസുകാരെ കാണുമ്പോൾ ഇടാൻ നോക്കുന്നവരാണ് നമ്മൾ. ഈ ലോക്ക്ഡൗണിനെയും അങ്ങനെ കണ്ടാൽ ഒരു സമൂഹം എന്നുള്ള രീതിയിൽ നമ്മുടെ അവസാനമാകും ഇത്.
9. ഈ ലോക്ക് ഡൗണിൽ സർക്കാർ പറഞ്ഞിട്ടുള്ള കാര്യങ്ങളെ “സർക്കാർഅനുവദിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യാം” എന്ന രീതിയിലല്ല സർക്കാർ അനുവദിച്ചിട്ടില്ലാത്ത ഒന്നും ഒരിക്കലും ചെയ്യുകയില്ല, അനുവദിച്ചിട്ടുള്ളത് തന്നെ അത്യാവശ്യമെങ്കിൽ മാത്രം ചെയ്യാം എന്ന രീതിയിലാണ് നാം കാണേണ്ടത്. വീടിന് പുറത്ത് ഇറങ്ങുന്നത്, പരമാവധി കുറക്കുക. ഫ്ളാറ്റുകളിലോ ഗേറ്റഡ് കമ്മ്യൂണിറ്റിയിലോ ഹോസ്റ്റലിലോ ലേബർ ക്യാമ്പിലോ ഒക്കെ ജീവിക്കുന്നവർ “ഇതിനകത്ത് പോലീസ് ഒന്നും വരില്ലല്ലോ, അപ്പോൾ ഇവിടെ കമ്പനികൂടുന്നതും കളിക്കുന്നതും ശരിയാണ്” എന്ന ചിന്ത എടുക്കാതിരിക്കുക. പരമാവധി വീടുകളിലേക്ക് ഒതുങ്ങുക. വീട്ടിൽ തന്നെ പ്രായമായവർ ഉണ്ടെങ്കിൽ അവരെ പരമാവധി സൂക്ഷിച്ച് മാറ്റിനിർത്തുക, അത് അവരുടെ ആരോഗ്യത്തിന് വേണ്ടിയാണ്.
10. ഈ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വരാൻ പോകുന്ന ലോകത്തെ പറ്റി അല്പം ഒന്നറിയുന്നത് നല്ലതാണ്. ഇന്നത്തെ നൂറിൽ നിന്നും കേസുകൾ പതിനായിരത്തിനു മുകളിൽ പോകാൻ പതിനാലു ദിവസം പോലും വേണ്ട. ആ നിലയെത്തിയാൽ നമ്മുടെ ആരോഗ്യ രംഗത്തിന് കൈകാര്യം ചെയ്യാവുന്നതിന് അപ്പുറം കാര്യങ്ങൾ പോകും. രോഗം ബാധിക്കുന്നവർ പോയിട്ട് സീരിയസ് ആയവരെ പോലും ചികിൽസിക്കാൻ സാധിക്കാതെ വരും. അപ്പോൾ ഉള്ള ഐ സി യു വും വെന്റിലേറ്ററും ഒക്കെ ആർക്ക് കൊടുക്കണം എന്നൊക്ക തീരുമാനിക്കേണ്ടി വരും, അതായത് ആരാണ് ജീവിക്കേണ്ടത് ആരെ മരണത്തിന് വിട്ടുകൊടുക്കണം എന്നുള്ള തീരുമാനങ്ങൾ നമ്മുടെ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവർക്ക് എടുക്കേണ്ടി വരും. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ആർജ്ജിച്ചിട്ടുള്ള അല്ല സംസ്കാരവും അതോടെ ഇടിഞ്ഞുപൊളിഞ്ഞു വീഴും, സ്വന്തം കുടുംബത്തിന്റെ കാര്യം പോലും വിട്ട് സ്വന്തം ജീവൻ മാത്രം നിലനിർത്താൻ ശ്രമിക്കുന്ന ഒരു മനോനിലയിലേക്ക് മനുഷ്യൻ മാറും.ആരോഗ്യരംഗത്തും വിദ്യാഭ്യസ രംഗത്തും ഒക്കെ നമ്മൾ ആർജ്ജിച്ചിട്ടുള്ള കഴിവും മുന്നേറ്റവും ഒന്നും ഇങ്ങനെ ഒരു വൈറസിൽ തട്ടി തകരാൻ അനുവദിക്കരുത്. ഇനി അധികം സമയം ബാക്കിയില്ല, സർക്കാരിന് ചെയ്യാനാവുന്നത് വേണ്ട സമയത്ത് സർക്കാർ ചെയ്യുന്നുണ്ട്. ഇനി നമ്മുടെ ഊഴമാണ്, അത് കഴിവിനുമപ്പുറം പാലിക്കുക. നമ്മൾ ഈ യുദ്ധം വിജയിക്കുമോ എന്ന് തീരുമാനിക്കുന്നത് ഇനി വരുന്ന രണ്ടാഴ്ചയാണ്. നമുക്കതിനു തീർച്ചയായും സാധിക്കും, പക്ഷെ നമ്മളൊന്നാകെ മനസ്സുവക്കണം. മനസ്സ് വക്കാത്തവരെ പറഞ്ഞു മനസ്സിലാക്കണം. പറഞ്ഞാലും മനസ്സിലാകാത്തവരെ സർക്കാർ സംവിധാനങ്ങൾക്ക് മുന്നിലെത്തിക്കണം.ഒരു കാര്യം കൂടി പറഞ്ഞിട്ട് ഈ ലേഖനം അവസാനിപ്പിക്കാം. ഈ ലോക്ക് ഡൌൺ എന്നുള്ളത് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഏറെ ആളുകൾക്ക് ഏതാണ്ട് ജീവന്മരണ പ്രശ്നം തന്നെയാണ്. അന്നന്നത്തേക്കുള്ള ഭക്ഷണത്തിന് ജോലി ചെയ്യുന്നവർ, വീട്ടുജോലി ചെയ്യുന്നവർ, ചെറിയ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, മറുനാടൻ തൊഴിലാളികൾ, വയസ്സായി കൂടെ ആരുമില്ലാത്തവർ, ഭിന്നശേഷിയുള്ളവർ എന്നിങ്ങനെ. ഇവരുടെ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണകഴിയുന്നതിന് മുൻപ് മറ്റു ദുരന്തങ്ങൾ ഉണ്ടാകും.
You may like
-
കോവിഡ് പ്രതിരോധത്തിനുള്ള ഒറ്റത്തവണ വാക്സിന് അന്തിമഘട്ട പരീക്ഷണം തുടങ്ങി
-
കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു
-
കേരളത്തില്‍ ആദ്യമായി ഒറ്റ ദിവസം 5000ലേറെ കോവിഡ് ബാധിതര്‍; 20 മരണം
-
കോവിഡ് പ്രതിസന്ധിയെ മികവിന്റെ അവസരമാക്കി ഇസാഫ് ബാങ്ക്
-
UNLOCK 4 വീണ്ടും ഇളവുകള്‍, പൊതു പരിപാടികളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം
-
ഇന്ത്യയില്‍ ആദ്യമായി കോവിഡ് രോഗിയുടെ ശ്വാസകോശം വിജയകരമായി മാറ്റിവെച്ചു
India
‘ഓക്സ്ഫെഡ്’ വാക്സിന് പരീക്ഷണം ഇന്ത്യയിലും; ഉല്‍പ്പാദനം വൈകാതെ
ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും
Published
7 months agoon
July 21, 2020By
Web Desk
പൂനെ: ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി പുതുതായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് പ്രതിരോധ വാക്സിന് ഇന്ത്യയിലും പരീക്ഷിക്കാനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇതിനായി ബ്രിട്ടീഷ് ഗവേഷകരുമായി കൈകോര്‍ക്കുന്നത്. ലൈസന്‍സ് ലഭിച്ചാലുടന്‍ വാക്സിന് പരീക്ഷണം തുടങ്ങാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി. ഇതുവരെ വികസിപ്പിച്ചെടുത്ത വാക്സിനുകളില്‍ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഏറെ വിജകരമെന്നു കണ്ട AZD1222 വാക്സിനാണ് ഓക്സ്ഫെഡ് യൂണിവേഴ്സിറ്റി ഗവേഷകര്‍ കണ്ടെത്തിയ പ്രതിരോധ മരുന്ന്. ഇതിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വളരെ അനുകൂല ഫലങ്ങളാണ് ലഭിച്ചിരുന്നത്. ഈ വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഈ വാക്സിന് നിസാരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എങ്കിലും ഇത് പാരാസെറ്റമോള്‍ കഴിക്കുന്നതിലൂടെ ലഘൂകരിക്കാവുന്നതാണെന്നും ഗവേഷകര്‍ പറയുന്നു.
പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്കുന്ന ഫലമാണ് തന്നിരിക്കുന്നതെന്നും ഇന്ത്യയില്‍ പരീക്ഷണ ലൈസന്‍സ് ലഭിക്കുന്നതിന് ഒരാഴ്ച്ചക്കകം അപേക്ഷ നല്‍കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പുനവാല പറഞ്ഞു. ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് കോവാക്സിന് എന്ന പ്രതിരോധ മരുന്നിന്റെ മനുഷ്യരിലുള്ള ആദ്യ പരീക്ഷണം തുടങ്ങിയതിനു പിന്നാലെയാണ് ഓക്സ്ഫെഡ് വാക്സിന് പരീക്ഷണ ഫലം പുറത്തു വന്നത്. ഇന്ത്യന്‍ വാക്സിന്റെ ആദ്യ ഫലമറിയാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയമെടുക്കുമെന്ന് ദല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നു.
ലോകത്ത് വിവിധയിടങ്ങളിലായി നൂറിലെറെ വാക്സിന് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇവയിലൊന്നാണ് ഓക്സഫെഡ് വാക്സിന്. ഈ വാക്സിന് ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയത് ഏപ്രില്‍ 23നാണ്. ഈ ഫലമാണ് ഇപ്പോള്‍ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Life
കോവിഡിനു ശേഷം ലോകത്തിന് എന്തു സംഭവിക്കും?
ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്പ്പിക്കാന് മാത്രമേ കഴിയൂ.
Published
11 months agoon
March 30, 2020By
Web Desk
എന്തൊക്കെ ശേഷിപ്പിച്ചാകും കോവിഡ് 19 എന്ന മഹാമാരി തിരിച്ചുപോകുക എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ലോകം മുഴുവനും ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഈ മഹാമാരിയെ കീഴ്പ്പെടുത്താനായിട്ടില്ല. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഈ പ്രതിസന്ധിയുടെ ആഴവും അളവും വളരെ വലുതായിരിക്കും. ഇതിന് മുന്നില്‍ ബെര്‍ലിന്‍ മതിലിന്റെ പതനമോ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോ ഒന്നുമാകില്ല. ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്പ്പിക്കാന് മാത്രമേ കഴിയൂ.
ജീവിതങ്ങള്‍ തകര്‍ക്കുകയും വിപണികളെ തച്ചുടക്കുകയും ചെയ്യും. സര്‍ക്കാരുകളുടെ കഴിവും കഴിവുകേടും തുറന്നു കാട്ടും. രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരമായ മാറ്റങ്ങളിലേക്ക് നയിക്കും. രാജ്യം എന്ന നിലയില്‍ അതിലെ ദേശീയതയെ ഈ പകര്‍ച്ചവ്യാധി ശക്തിപ്പെടുത്തിയേക്കാം. പ്രതിസന്ധി മറി കടക്കുന്നതിന് സര്‍ക്കാരുകള്‍ പുതിയ അധികാരങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷെ ഇതവസാനിക്കുമ്പോള്‍ ഈ പുതിയ അധികാരങ്ങള്‍ വിട്ടു കൊടുക്കാനാകാതെപിടി മുറുക്കാനും സാധ്യതയുണ്ട്.
പടിഞ്ഞാറിന്റെ അധികാര ഗര്‍വുകള്‍ ഇല്ലാതാകുന്ന മാറ്റവും ഒരു പക്ഷെ സംഭവിച്ചേക്കാം. അതിനു മുന്നോടിയെന്ന നിലയിലാണ് രോഗത്തിന്റെ വ്യാപനം തടയാന്‍ കിഴക്കും പടിഞ്ഞാറും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കാണേണ്ടത്. കിഴക്കന്‍ രാജ്യങ്ങള്‍ ശക്തമായ നിയന്ത്രങ്ങളുമായി മുന്നോട്ടു പോയപ്പോള്‍, യൂറോപ്പും അമേരിക്കയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അലംഭാവമായിരുന്നു. ‘പാശ്ചാത്യം’ എന്ന ബ്രാന്‍ഡ് നെയിമിന് മങ്ങലേല്‍പ്പിക്കുന്ന നടപടികള്‍ക്കാണ് ലോക സാക്ഷ്യം വഹിച്ചത്.
സംരക്ഷണത്തിനായി പൗരന്മാര് സര്‍ക്കാരുകളെ ആശ്രയിക്കുകയും സര്‍ക്കാരുകള്‍ ഭാവിയിലെ അപകട സാധ്യത കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, നമ്മള് ഹൈപ്പര്‍ ഗ്ലോബലൈസേഷനില്‍ നിന്നും ബഹുദൂരം പിന്നിലേക്ക് പോകേണ്ടി വരും. ഭൂമിയിലെ 7.8 ബില്യണ്‍ ജനങ്ങളില്‍ ഓരോരുത്തര്‍ക്കും പൊതുജനാരോഗ്യം എന്നത് ഒരു ചോദ്യചിഹ്നമാകും. വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി 2008-2009 ലെ മഹാ മാന്ദ്യത്തേക്കാളും വളരെ വലുതായിരിക്കും. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെയും ശാശ്വത സന്തുലിതാവസ്ഥയെയും ഈ വൈറസ് സ്ഥിരമായി മാറ്റും.
സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ മുന ഈ വൈറസ് ഒടിക്കും. സര്‍ക്കാരുകളെയും സമൂഹങ്ങളെയും ദീര്‍ഘ കാലത്തോളംസാമ്പത്തിക ഐസൊലേഷനില്‍ നിര്‍ത്താനും കാരണമാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പരസ്പര പ്രയോജനകരമെന്ന് നിര്‍വചിച്ചിരുന്ന ഗ്ലോബലൈസേഷനിലേക്ക് ലോകം മടങ്ങി വരാന്‍ സാധ്യത കുറവാണ്.
ആഗോള സാമ്പത്തിക ദിശകളെ ഈ വൈറസ് അടിസ്ഥാനപരമായി മാറ്റില്ല. അതേസമയം, ഇതിനകം ആരംഭിച്ച ഒരു മാറ്റത്തെ ത്വരിതപ്പെടുത്തും: യു.എസ് കേന്ദ്രീകൃത ആഗോളവല്ക്കരണത്തില് നിന്ന് ചൈന കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തിലേക്കായിരിക്കും നീക്കം. ചൈനീസ് ജനതയുടെ മത്സര ബുദ്ധിയും അധ്വാന ശീലവും അവരെ അങ്ങനെയാക്കിയെടുക്കാന്‍ ചൈനീസ് നേതാക്കള്‍ നടത്തിയ പരിശ്രമത്തിന്റെയും ഫലമായിരിക്കും അത്.
മാറ്റമില്ലാതാകുന്നത് ലോക രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ വൈരുദ്ധ്യ സ്വഭാവത്തിനാണ്.1918-1919 ലെ പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ബാധകള്‍ അധികാര വൈരാഗ്യം അവസാനിപ്പിക്കുകയോ ആഗോള സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുകയോ ചെയ്തില്ല. ഈ വൈറസിനും ആ ശേഷിയുണ്ടാകുമെന്ന് കരുതാനാകില്ല.
ഈ പകര്‍ച്ചവ്യാധിയുടെ അവസാനം എന്തായിരിക്കും? മനുഷ്യന് തന്റെ സത്തയെ അതിശക്തമായി തിരിച്ചറിയുന്ന സമയമായിരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജോലിക്കാര്‍, രാഷ്ട്രീയ നേതാക്കള്‍, സാധാരണ പൗരന്മാര് എന്നിവരെല്ലാം ഈ അസാധാരണ പ്രതിഭാസത്തെ എങ്ങിനെ നേരിട്ടുവെന്നത് മനുഷ്യരാശിക്കും പുതിയ ദിശാബോധവും ഐക്യചിന്തയും നല്‍കുമെന്ന് തീര്‍ച്ചയാണ്. ഓരോ പ്രതിസന്ധിയില്‍നിന്നും പുതിയ വിജയങ്ങള്‍ നേടാന്‍ മനുഷ്യന് അസാധാരണമായ കഴിവുണ്ട്. കോവിഡിന് ശേഷവും അങ്ങിനെയൊരു ലോകമുണ്ടായേക്കാം.
Life
കൊളോന്‍: കൊറോണയെ തുരത്തുന്ന തുര്‍ക്കികളുടെ രഹസ്യായുധം
തുര്‍ക്കികളുടെ ജീവിത ശൈലിയുടെ ഭാഗമായ കൊളോന്‍ കൊറോണ ബാധയെ തടയുന്നത് ഇങ്ങനെ
Published
11 months agoon
March 25, 2020By
Web Desk
തുര്‍ക്കിയില്‍ ഭക്ഷണശാലയില്‍ പോയാലും ബാര്‍ബറുടെ അടുത്തു പോയാലും അല്ലെങ്കില്‍ ബസിലെ ഒരു യാത്ര ആണെങ്കിലും കൊളോന്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ഒരു ശീലം കാലങ്ങളായുണ്ട്. ടര്‍ക്കിഷ് ആതിഥ്യത്തിന്റെ ഒരു അടയാളമായും ശുചിത്വം സംരക്ഷിക്കുന്നതിനുള്ള സഹായമായും ഇതു കണക്കാക്കപ്പെടുന്നു. തുര്‍ക്കിയിലെ എല്ലാ വീടുകളിലും സര്‍വസാധാരണയായി കാണുന്ന കൊളോന്‍ ഈ കൊറോണ കാലത്ത് താരമായിരിക്കുകയാണ്. കാരണം കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ടര്‍ക്കിഷ് ജനതയുടെ രഹസ്യായുധമാണ് ഇപ്പോള്‍ കൊളോന്‍. കൊറോണ വൈറസ് വ്യാപനത്തോടെ വന്‍ ഡിമാന്‍ഡാണ് കൊളോനിപ്പോള്‍.
കൊറോണ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് സോപ്പ് ഉപയോഗിച്ചോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ഇടക്കിടെ വൃത്തിയാക്കുക എന്നത്. പകുതിയിലേറെ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ കൈകളിലെ സൂക്ഷ്മാണുക്കളെ പൂര്‍ണമായും ഇല്ലാതാക്കുന്നതു വഴി രോഗം പകരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഈ അറിയിപ്പു വന്നതോടെ ടര്‍ക്കിഷ് ജനതയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. അവര്‍ കൈകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കൊളോനും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ആണ്. കൊറോണ മുന്നറിയിപ്പുകള്‍ വന്നതോടെ ആളുകള്‍ വന്‍തോതില്‍ കൊളോന്‍ വാങ്ങാന്‍ തുടങ്ങി. ആദ്യ കൊറോണ കേസ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ഇസ്താബുളിലെ കടകളില്ലെല്ലാം കൊളോന്‍ വാങ്ങാന്‍ വന്‍ജനത്തിരക്കാണ് ഉണ്ടായത്.
കൊളോന്‍ വിറ്റഴിഞ്ഞു, സ്റ്റോക്കില്ല എന്ന ബോര്‍ഡുകളാണ് കടകള്‍ക്കും ഫാര്‍മസികള്‍ക്കും മുമ്പില്‍ ഇപ്പോള്‍ കാണാനാകുക. വഴികളില്ലെല്ലാം ഇടക്കിടെ കൊളോന്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ആളുകളെ കാണാം. ടാക്സി ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ക്കും ഇതു നല്കുന്നു. വടക്കുപടിഞ്ഞാറന്‍ പട്ടണമായ ഇസ്മിറ്റില്‍ ഒരു സന്നദ്ധ സംഘടന പ്രായമേറിയവര്‍ക്ക് കൊളോനും റൊട്ടിയും സൗജന്യമായി വിതരം ചെയ്യുന്ന വാര്‍ത്തയും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
ഏതാനും ആഴ്ചകളായി കച്ചവടക്കാരില്‍ നിന്നും ആയിരക്കണക്കിന് ഓര്‍ഡറുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഇവര്‍ക്കെല്ലാം വിതരണം ചെയ്യാന്‍ ഉല്‍പ്പന്നമില്ലെന്നും പരമ്പരാഗത കൊളോന്‍ നിര്‍മാണത്തില്‍ പേരുകേട്ട എയുബ് സബ്രി തുന്‍ജര്‍ പറയുന്നു. ഓണ്‍ലൈനായി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കമ്പനി പറയുന്നു.
കൊറോണ വൈറസിനെ അകറ്റാന്‍ ഹാന്‍ഡ്സാനിറ്റൈസറുകല്‍ക്ക് പകരമായി കൊളോന്‍ ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രി ഫഹ്റെദീന്‍ കോജ ആഹ്വാനം ചെയ്തതോടെ കടകളിലെ കൊളോന്‍ കുപ്പികളെല്ലാം കാലിയായി. എല്ലായിടത്തേയും പോലെ കൊളോന്‍ കരിഞ്ചന്ത വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇസ്താംബൂള്‍ പോലീസ് ഒരു അനധികൃത കൊളോന്‍ നിര്‍മ്മാണ ശാല റെയ്ഡ് ചെയ്ത് അനധികൃത കൊളോന്‍ പിടിച്ചെടുത്തിരുന്നു.
കൊറോണ പ്രതിരോധ പദ്ധതിയുടെ ഭാഗമായി മാസ്കുകളും കൊളോനും 65വയസ്സ് പിന്നിട്ട എല്ലാ പൗരന്മാര്ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് റജബ് ത്വയപ് ഒര്‍ദുഗാനും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊളോന്‍ കൊറോണ വൈറസിനെതിരായ ശാസ്ത്രീയമായ പ്രതിരോധ ആയുധമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. കൊറോണ വൈറസിന്റെ പുറം ആവരണം തകര്‍ക്കാന്‍ ആല്‍ക്കഹോളിന് കഴിയുമെന്ന് ടര്‍ക്കിഷ് സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ബോര്‍ഡ് അംഗം പ്രൊഫ. ബുലെന്ദ് എര്‍തുഗ്രുല്‍ പറയുന്നു. പുതിയ കൊറോണ വൈറസിനെതിരായ ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം കൈകള്‍ സോപ്പിട്ട് കഴുകലാണ്. സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ 60 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകല്‍ ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു. കൊളോന്‍ ഈ ഉപയോഗത്തിന് അനുയോജ്യമാണ്. ‘കൊളോനില്‍ 70 ശതമാനത്തോളം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. അതു കൊണ്ടാണ് കോവിഡ്19നെ തുരത്താന്‍ ഹാന്‍ഡ് സാനിറ്റൈസറായി ഇതുപയോഗിക്കുന്നത്.’


ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്റ്റോറേജ് സേവനവുമായി ഡിജിബോക്സ്

ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ആദ്യ ക്രിക്കറ്റ് ടീം യുഎഇ പര്യടനത്തിന്
