അബുദബി: കോവിഡ്19 നിയന്ത്രണ നടപടികള്‍ കാരണം ബിസിനസ് ഇടിഞ്ഞ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ക്രമേണയായി ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കാനും അവരെ പിരിച്ചു വിടാനും യുഎഇ സര്‍ക്കാര്‍ അനുമതി നല്കി. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള തൊഴില്‍കരാറില്‍ പരസ്പര സമ്മതത്തോടെ മാറ്റങ്ങള്‍ വരുത്താനാണ് മാനവശേഷി, എമിററ്റൈസേഷന്‍ മന്ത്രാലയം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇതു മാര്‍ച്ച് 26 മുതല്‍ പ്രാബല്യത്തിലായി.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിച്ച കര്‍ശന നടപടികള്‍ പല ബിസിനസ് സംരഭങ്ങളേയും സാരമായി ബാധിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം പുനരേകോപിപ്പിക്കാനും ഘടനാപരമായി മാറ്റം വരുത്താനും സൗകര്യമൊരുക്കുന്നതാണ് മാനവശേഷി മന്ത്രി നാസര്‍ താനി അല്‍ ഹംലിയുടെ നേതൃത്വത്തിലുള്ള മന്ത്രാലയത്തിന്റെ തീരുമാനം.
ഇതു പ്രകാരം വീട്ടിലോ മറ്റോ ഇരുന്ന ജോലി ചെയ്യാനുള്ള സംവിധാനം നടപ്പിലാക്കുക, ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി അനുവദിക്കുക, ശമ്പളമില്ലാതെ അവധി നല്‍കുക, നിശ്ചിത കാലയളവില്‍ താല്‍ക്കാലികമായി ശമ്പളം വെട്ടിച്ചുരുക്കുക, ശമ്പളം സ്ഥിരമായി വെട്ടിക്കുറയ്ക്കുക എന്നീ നടപടികള്‍ വ്യവസ്ഥകളോടെ സ്വീകരിക്കാനാണ് കമ്പനികള്‍ക്ക് അനുമതി ലഭിച്ചിട്ടുള്ളത്. കമ്പനികള്‍ക്ക് അനുയോജ്യമെന്ന് കരുതുന്ന നടപടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വ്യവസ്ഥ പാലിച്ച് സ്വീകരിക്കാം.
കൊറോണ കാരണം പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ആവശ്യത്തിലധികമായി ജീവനക്കാരുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ജീവനക്കാരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ തൊഴിലവസര പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യണം. ജീവനക്കാരെ ആവശ്യമുള്ള മറ്റു കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ ഇവരെ ജോലിക്കെടുക്കാന്‍ സൗകര്യത്തിനാണിത്.
അതേസമയം, ശമ്പളം നല്കുന്നില്ലെങ്കിലും മറ്റു കമ്പനികള്‍ റിക്രൂട്ട് ചെയ്തില്ലെങ്കിലും ഈ ജീവനക്കാര്‍ക്ക് രാജ്യത്ത് തങ്ങുന്നിടത്തോളം കാലം താമസ സൗകര്യം ഒരുക്കേണ്ടതും കമ്പനികളുടെ കടമയാണ്.
വിദേശത്തു നിന്നുള്ള പുതിയ റിക്രൂട്ട്മെന്റുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യണമെങ്കില്‍ കമ്പനികള്‍ ആദ്യം ഓണ്‍ലൈന്‍ ജോബ് മാര്‍ക്കറ്റില്‍ തിരയണം. ലഭ്യമായ ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക പരിശോധിച്ച് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കാം. ശേഷം വര്‍ക്ക് പെര്‍മിറ്റിനായി മന്ത്രാലയത്തില്‍ അപേക്ഷിച്ച് ഓണ്‍ലൈന്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ ഉദ്യോഗാര്‍ത്ഥിക്കു നിയമനം നല്‍കാം. മറ്റു കമ്പനികളില്‍ നിന്ന് തൊഴില്‍നഷ്ടമായ ഉദ്യോഗാര്‍ത്ഥികളാണെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് പുതിയ കമ്പനിയുടെ പേരിലേക്ക് ട്രാന്‍സഫര്‍ ചെയ്യാനോ, താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റിനോ, പാര്‍ട് ടൈം വര്‍ക്ക് പെര്‍മിറ്റിനോ കമ്പനികള്‍ക്ക് അപേക്ഷിക്കാം.
ഒരു ജീവനക്കാരന്റെ ശമ്പളം താല്‍ക്കാലികമായി നിശ്ചിതകാലത്തേക്ക് വെട്ടിക്കുറക്കണമെങ്കില് വ്യവസ്ഥകള്‍ തൊഴില്‍ കരാറില്‍ എഴുതിച്ചേര്‍ക്കണം. ഇരു കക്ഷികളും അംഗീകരിച്ച സമയപരിധിയോ അല്ലെങ്കില്‍ കരാര്‍ കാലാവധിയോ മാത്രമെ ഈ താല്‍ക്കാലിക വ്യവസ്ഥയ്ക്ക് ഉണ്ടായിരിക്കുകയുള്ളൂ. കരാര്‍ പുതുക്കുമ്പോള്‍ ഈ താല്‍ക്കാലിക വ്യവസ്ഥയും കമ്പനിയുടേയും ജീവനക്കാരന്റേയും സമ്മതപ്രകാരം പുതുക്കാം. ഈ കരാറിന്റെ ഒരോ പകര്‍പ്പുകള്‍ ഇരു കക്ഷികളും സൂക്ഷിക്കണം. മന്ത്രാലയം ആവശ്യപ്പെടുന്ന സമയത്ത് ഇത് കമ്പനി ഹാജരാക്കേണ്ടി വരും.
ഒരു ജീവനക്കാരന്റെ ശമ്പളം സ്ഥിരമായി വെട്ടിച്ചുരുക്കണമെങ്കില് ആദ്യം കമ്പനി മന്ത്രാലയത്തില്‍ നിന്നും അനുമതി തേടണം. ഇതിനായി തൊഴില്‍ കരാറിലെ വിവരം മാറ്റാനുള്ള പ്രത്യേക അപേക്ഷ നല്‍കണം. രാജ്യത്ത് ഉള്ള തൊഴിലന്വേഷകര്‍ രജിസ്ട്രേഡ് സ്ഥാപനങ്ങള്‍ വാക്കന്‍സികള്‍ ലിസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ ജോബ് മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ജോലി കണ്ടെത്താം.
ഈ വ്യവസ്ഥകള്‍ വിദേശികളായ ജീവനക്കാര്‍ക്കു മാത്രമെ ബാധകമായിട്ടുള്ളൂ.