Connect with us

Views

നേതൃത്വമില്ലാതെ കൊറോണയോട് പൊരുതുന്ന ലോകം

രോഗവാഹകരായ വൈറസുകളെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗം അകന്നുനിൽക്കൽ അല്ല മറിച്ച് അറിവാണ്

Published

on

യുവാൽ നോഹ ഹരാരി ടൈം മാസികയിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. വിവർത്തനം: ആദർശ് ഓണാട്ട്

ആഗോളവൽക്കരണമാണ് കൊറോണ പകർച്ചവ്യാധിക്ക് കാരണമെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. അവരുടെ അഭിപ്രായത്തിൽ ഇത്തരം മഹാമാരികൾ കൂടുതലായി പൊട്ടിപ്പുറപ്പെടാതിരിക്കാനുള്ള ഏക മാർഗം ലോകത്തെ ചുരുക്കുക എന്നതാണ്. മതിലുകൾ നിർമ്മിക്കുക, യാത്ര നിയന്ത്രിക്കുക, വ്യാപാരം കുറയ്ക്കുക. അങ്ങനെ ലോകത്തെ ചുരുക്കിക്കോണ്ടേയിരിക്കുക. ആഗോളവൽക്കരണത്തിന് മുന്നേ തന്നെ പകർച്ചവ്യാധികൾ ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിൽ വിമാനങ്ങളൊ ക്രൂയിസ് കപ്പലുകളൊ ഉണ്ടായിരുന്നില്ല, എന്നിട്ടും കറുത്ത മരണം എന്ന് വിളിക്കപ്പെട്ട മഹാമാരി കിഴക്കൻ ഏഷ്യയിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്ക് ഒരു ദശാബ്ദത്തിനുള്ളിൽ വ്യാപിച്ചു. ഇത് 75 ദശലക്ഷത്തിനും 200 ദശലക്ഷത്തിനും ഇടയിൽ മനുഷ്യരെ കൊന്നൊടുക്കി. യുറേഷ്യയിൽ അന്നുണ്ടായിരുന്ന ജനസംഖ്യയുടെ നാലിലൊന്ന് വരും കൊല്ലപ്പെട്ടവർ. ഇംഗ്ലണ്ടിൽ പത്തിൽ നാലുപേർ ഈ രോഗം വന്നു മരിച്ചു. ഫ്ലോറൻസ് നഗരത്തിലെ ഒരു ലക്ഷം പേരിൽ പകുതിയും ഈ രോഗത്തിന് കീഴടങ്ങി.

1520 മാർച്ചിൽ ഫ്രാൻസിസ്കോ ഡി എഗ്വയ എന്ന വസൂരി വാഹകൻ മെക്സിക്കോയിൽ എത്തുന്നു. അക്കാലത്ത് മധ്യമേരിക്കയിൽ ട്രെയിനുകളോ ബസുകളോ എന്തിനേറെ കഴുതകളെ ഉപയോഗിച്ചുള്ള ഗതാഗതം പോലും ഇല്ലായിരുന്നു. എന്നിട്ടും ഡിസംബറോടെ വസൂരി മധ്യമേരിക്കയെ മുഴുവൻ നശിപ്പിച്ചു. ചില കണക്കുകൾ പ്രകാരം, ജനസംഖ്യയുടെ മൂന്നിലൊന്ന് മനുഷ്യർ ആ മഹാമാരിയിൽ ഒടുങ്ങി. 1918-ൽ പ്രത്യേക വൈറസ് ബാധയുള്ള ഒരു പകർച്ചപ്പനി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ലോകത്തിന്റെ വിദൂര കോണുകളിലേക്ക് വ്യാപിച്ചു. ഇത് അരക്കോടിയിലധികം ജനങ്ങളെ ബാധിച്ചു. അന്നത്തെ മനുഷ്യവർഗ്ഗത്തിന്റെ നാലിലൊന്നിലധികം വരും രോഗം വന്നവർ. ഇന്ത്യയിലെ ജനസംഖ്യയുടെ 5 ശതമാനം പേർ ഈ പകർച്ചപ്പനിയിൽ ഇല്ലാതായി. താഹിതി ദ്വീപിൽ 14 ശതമാനം പേർ മരിച്ചു. സമോവയിൽ 20 ശതമാനവും. മൊത്തത്തിൽ ഈ മഹാമാരി ഒരു വർഷത്തിനുള്ളിൽ 100 ദശലക്ഷം വരെ മനുഷ്യരെ ഇല്ലാതാക്കി. നാലു വർഷം കൊണ്ട് ഒന്നാം ലോകമഹായുദ്ധം കൊന്നൊടൊക്കിയതിനേക്കാൾ മനുഷ്യർ ഈ പകർച്ചവ്യാധിക്ക് കീഴടങ്ങി.

കഴിഞ്ഞ നൂറ്റാണ്ടിലെ ജനസംഖ്യാ വർധനവും മെച്ചപ്പെട്ട ഗതാഗത സൗകര്യവും കാരണം മനുഷ്യരാശി കൂടുതലായി പകർച്ചവ്യാധികൾക്ക് ഇരയായി. അത് കൊണ്ട് തന്നെ ടോക്കിയോ, മെക്സിക്കോ സിറ്റി പോലുള്ള ആധുനിക നഗരങ്ങൾ വൈറസുകൾക്ക് മധ്യകാലത്തെ ഫ്ലോറൻസിനേക്കാൾ സമ്പന്നമായ വേട്ട നിലങ്ങൾ പ്രദാനം ചെയ്യുന്നു. 1918 നെ അപേക്ഷിച്ച് ആഗോള ഗതാഗത ശൃംഖല ഇന്ന് വളരെ വേഗതയുള്ളതാണ്. ഒരു വൈറസിന് പാരീസിൽ നിന്ന് ടോക്കിയോയിലേക്കും മെക്സിക്കോ സിറ്റിയിലേക്കും 24 മണിക്കൂറിനുള്ളിൽ എത്താൻ കഴിയും. അതിനാൽ പകർച്ചവ്യാധികൾ എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന നരകത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നതെന്ന് വേണം കരുതാൻ. എന്നിരുന്നാലും, പകർച്ചവ്യാധികളുടെ ആവിർഭാവവും ആഘാതവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എയ്ഡ്‌സ്, എബോള തുടങ്ങിയ ഭീകരമായ പകർച്ചവ്യാധികൾ ഉണ്ടായിരുന്നിട്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പകർച്ചവ്യാധികൾ മുമ്പുണ്ടായിരുന്നതിനേക്കാൾ ചെറിയ അളവിൽ മാത്രമാണ് മനുഷ്യരെ കൊല്ലുന്നത്.

രോഗവാഹകരായ വൈറസുകളെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗം അകന്നുനിൽക്കൽ അല്ല മറിച്ച് അറിവാണ് എന്ന് കാലം പറഞ്ഞു തന്നു. പകർച്ചവ്യാധികൾക്കെതിരായ യുദ്ധത്തിൽ മനുഷ്യരാശി വിജയിക്കുകയാണ്. കാരണം രോഗകാരികളും ഡോക്ടർമാരും തമ്മിലുള്ള കിട മത്സരത്തിൽ രോഗകാരികൾ അന്ധമായി മ്യൂട്ടേഷനെ ആശ്രയിക്കുന്നു. അതേസമയം ഡോക്ടർമാർ വിവരങ്ങളുടെ ശാസ്ത്രീയ വിശകലനത്തെ ഉപയോഗിച്ച് അവയെ നേരിടുന്നു. രോഗാണുവിനെതിരായ യുദ്ധം വിജയിക്കുന്നതിന്റെ ആവശ്യം പതിനാലാം നൂറ്റാണ്ടിൽ കറുത്ത മരണം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അതിന്റെ കാരണമെന്തെന്നും എന്തുചെയ്യണമെന്നും ആളുകൾക്ക് അറിയില്ലായിരുന്നു. ആധുനിക കാലം വരെ മനുഷ്യർ കോപാകുലരായ ദേവന്മാരിലോ ക്ഷുദ്ര ഭൂതങ്ങളിലോ മോശം വായുവിലോ ഒക്കെ രോഗങ്ങളുടെ കാരണത്തെ ആരോപിച്ചു. മാത്രമല്ല ബാക്ടീരിയകളും വൈറസുകളും ഉണ്ടോ എന്ന് തന്നെ അവർക്ക് അറിയുമായിരുന്നില്ല . ആളുകൾ മാലാഖമാരിലും യക്ഷിയിലും വിശ്വസിച്ചു. എന്നാൽ ഒരു തുള്ളി ജലത്തിൽ ഒരു കുലത്തെ മുഴുവൻ മുടിക്കാൻ പോന്ന മാരകമായ ഒരു കൂട്ടം വേട്ടക്കാർ ഉണ്ടാകുമെന്നു കരുതാൻ അവർക്കു കഴിഞ്ഞില്ല. അതിനാൽ ബ്ലാക്ക് ഡെത്ത് അല്ലെങ്കിൽ വസൂരിയുടെ ആക്രമണം ഉണ്ടായപ്പോൾ , അധികാരികൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം വിവിധ ദേവന്മാരോടും വിശുദ്ധരോടും കൂട്ടത്തോടെ പ്രാർത്ഥിക്കുക എന്നതായിരുന്നു. ഇത് ഒരു തരത്തിലും അവരെ സഹായിച്ചില്ല. കൂട്ടത്തോടെയുള്ള പ്രാർത്ഥനയ്ക്കായി ആളുകൾ ഒത്തുകൂടിയപ്പോൾ, വലിയ തോതിലുള്ള അണുബാധകൾക്ക് അത് കാരണമായി. കഴിഞ്ഞ നൂറ്റാണ്ടിൽ, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ഡോക്ടർമാരും നഴ്സുമാരും പരമാവധി വിവരങ്ങൾ ശേഖരിക്കുകയും പകർച്ചവ്യാധികളുടെ പ്രവർത്തനവും അവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളും കണ്ടെത്തുകയും ചെയ്തു.

പുതിയ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതും പഴയ രോഗങ്ങൾ കൂടുതൽ പടരുന്നതും എന്തുകൊണ്ട്, എങ്ങനെ എന്ന് പരിണാമ സിദ്ധാന്തം വഴി വിശദീകരിച്ചു. രോഗകാരികളുടെ സ്വന്തം ഇൻസ്ട്രക്ഷൻ മാനുവലിൽ ചാരപ്പണി നടത്താൻ ജനിതകശാസ്ത്രം ശാസ്ത്രജ്ഞരെ പ്രാപ്തമാക്കി. കറുത്ത മരണത്തിന് കാരണമായത് എന്താണെന്ന് മധ്യകാല മനുഷ്യർ ഒരിക്കലും കണ്ടെത്തിയില്ലെങ്കിലും, കൊറോണ വൈറസ് തിരിച്ചറിയാനും അതിന്റെ ജനിതകഘടന ക്രമീകരിക്കാനും രോഗബാധിതരെ തിരിച്ചറിയുന്നതിന് വിശ്വസനീയമായ ഒരു പരിശോധന വികസിപ്പിക്കാനും ശാസ്ത്രജ്ഞർക്ക് രണ്ടാഴ്ച മാത്രം കൊണ്ട് കഴിഞ്ഞു. പകർച്ചവ്യാധികൾക്ക് കാരണമാകുന്നത് എന്താണെന്ന് ഒരിക്കൽ ശാസ്ത്രജ്ഞർ മനസ്സിലാക്കി കഴിഞ്ഞാൽ, അവയ്ക്കെതിരെ പോരാടുന്നത് വളരെ എളുപ്പമാണ്. പ്രതിരോധ കുത്തിവയ്പ്പുകൾ, ആൻറിബയോട്ടിക്കുകൾ, മെച്ചപ്പെട്ട ശുചിത്വം, മെച്ചപ്പെട്ട മെഡിക്കൽ സൗകര്യങ്ങൾ എന്നിവ കൊണ്ട് മനുഷ്യർക്ക് ഈ അദൃശ്യരായ വേട്ടക്കാർക്ക് മേൽ അധീശത്വം നേടാം. 1967 ൽ വസൂരി 15 ദശലക്ഷം ആളുകളെ ബാധിക്കുകയും അതിൽ 2 ദശലക്ഷം പേർ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദശകത്തിൽ വസൂരി പ്രതിരോധ കുത്തിവയ്പ്പ് ആഗോള പ്രചാരണം വഴി ലോകമാനം വിജയിക്കുകയും. 1979 ൽ ലോകാരോഗ്യ സംഘടന ഈ മഹാമാരിക്കുമേൽ മനുഷ്യരാശി വിജയിച്ചതായും വസൂരി പൂർണ്ണമായും ഉന്മൂലനം ചെയ്യപ്പെട്ടതായും പ്രഖ്യാപിച്ചു. 2019 ൽ ഒരു വ്യക്തിക്ക് പോലും വസൂരി ബാധിക്കുകയോ മരണപ്പെടുകയോ ചെയ്തിട്ടില്ല. അതിർത്തികൾ നമ്മൾ തന്നെ കാക്കണം

നിലവിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് ഈ ചരിത്രം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? ആദ്യം, നിങ്ങളുടെ അതിർത്തികൾ ശാശ്വതമായി അടച്ചുകൊണ്ട് നിങ്ങൾക്ക് സ്വയം പരിരക്ഷിക്കാൻ കഴിയില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. ആഗോളവൽക്കരണ കാലഘട്ടത്തിന് വളരെ മുമ്പുതന്നെ മധ്യകാലഘട്ടത്തിൽ പോലും പകർച്ചവ്യാധികൾ അതിവേഗം പടർന്നിരുന്നവെന്ന് മനസ്സിലാക്കുക . അതിനാൽ, നിങ്ങളുടെ ആഗോള ബന്ധങ്ങൾ 1348 -ലെ ഇംഗ്ലണ്ടിന്റെ നിലവാരത്തിലേക്ക് കുറച്ചാലും അത് പര്യാപ്തമാകില്ല. അടിച്ചിട്ട് കൊണ്ട് മധ്യകാലത്തേക്ക് പോകുന്നത് പ്രയോജനം ചെയ്യില്ല. എന്നാൽ അത്തരമൊരു മാർഗം സ്വീകരിച്ച് കൊണ്ട് ഇതിനു പ്രതിരോധം തീർക്കാനാണ് നിങ്ങളുടെ ശ്രമം എങ്കിൽ നിങ്ങൾ തീർച്ചയായും പൂർണ്ണ ശിലായുഗ കാലത്തേക്ക് പോകേണ്ടിവരും. ആ കാലത്തേക്ക് മടങ്ങാൻ നിങ്ങൾക്ക് കഴിയുമോ? രണ്ടാമതായി, വിശ്വസനീയമായ ശാസ്ത്രീയ വിവരങ്ങൾ പങ്കിടുന്നതിൽ നിന്നും ആഗോള ഐക്യദാർഢ്യത്തിൽ നിന്നും യഥാർത്ഥ സംരക്ഷണം ലഭിക്കുന്നുവെന്ന് ചരിത്രം നമ്മുക്ക് കാട്ടിത്തരുന്നു. ഒരു രാജ്യം ഒരു പകർച്ചവ്യാധി ബാധിക്കുമ്പോൾ, സാമ്പത്തിക ദുരന്തത്തെ ഭയക്കാതെ അതേപ്പറ്റിയുള്ള വിവരങ്ങൾ സത്യസന്ധമായി പങ്കിടാൻ തയ്യാറാകണം. അതേസമയം മറ്റ് രാജ്യങ്ങൾക്ക് ആ വിവരങ്ങൾ വിശ്വസിക്കാനും കഴിയണം. ഒപ്പം തന്നെ ആ രാജ്യത്തെ ഒറ്റപ്പെടുത്തുന്നതിന് പകരം അവർക്കു സഹായഹസ്തം നീട്ടാൻ സന്നദ്ധമാകുകയും വേണം. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് കൊറോണ വൈറസിനെക്കുറിച്ച് നിരവധി പ്രധാന പാഠങ്ങൾ ചൈനയ്ക്ക് പഠിപ്പിക്കാൻ കഴിയും. ആയതിന് മറ്റു രാജ്യങ്ങളുടെ വിശ്വാസവും സഹകരണവും ആവശ്യമാണ്. ഫലപ്രദമായ അടച്ചിടൽ നടപടികൾക്കും അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്.

പകർച്ചവ്യാധികൾ തടയുന്നതിന് സംസർഗനിഷേധവും അടച്ചിടലും ആവശ്യമാണ്. എന്നാൽ രാജ്യങ്ങൾ പരസ്പരം അവിശ്വസിക്കുകയും ഓരോ രാജ്യവും സ്വാർത്ഥതയോടെ ചിന്തിക്കുകയും ചെയ്യുമ്പോൾ ഗവൺമെന്റുകൾ അത്തരം കടുത്ത നടപടികൾ സ്വീകരിക്കാൻ മടിക്കുന്നു. നിങ്ങളുടെ രാജ്യത്ത് 100 കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയാൽ, നിങ്ങൾ ഉടനെ മുഴുവൻ നഗരങ്ങളും പ്രദേശങ്ങളും പൂട്ടിയിടുമോ? അങ്ങനെ നിങ്ങൾ ചെയ്യുന്നത് മറ്റു രാജ്യങ്ങളുടെ തീരുമാനത്തെ ആശ്രയിച്ചിരിയ്ക്കും. നിങ്ങളുടെ നഗരങ്ങൾ അടച്ചുപൂട്ടുന്നത് സാമ്പത്തിക തകർച്ചയിലേക്ക് നയിക്കാം. മറ്റ് രാജ്യങ്ങൾ നിങ്ങളുടെ സഹായത്തിനെത്തുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾ അടച്ചിടുക എന്ന കടുത്ത നടപടി സ്വീകരിക്കാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങൾ നിങ്ങളെ ഉപേക്ഷിക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾ ഇത്തരമൊരു അടിച്ചിടൽ നടപടി സ്വീകരിക്കാൻ മടിക്കും.ഇത്തരം പകർച്ചവ്യാധികളെക്കുറിച്ച് ആളുകൾ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു വസ്തുത എന്തെന്നാൽ ഏതൊരു രാജ്യത്തും പകർച്ചവ്യാധി പടരുന്നത് മുഴുവൻ മനുഷ്യവർഗ്ഗത്തെയും അപകടത്തിലാക്കുന്നുവന്നതാണ്. വൈറസുകൾ പരിണമിക്കുന്നതിനാലാണിത്.

കൊറോണ പോലുള്ള വൈറസുകൾ വവ്വാലുകൾ പോലുള്ള മൃഗങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അവർ മനുഷ്യരിലേക്ക് പകരുമ്പോൾ, തുടക്കത്തിൽ വൈറസുകൾ അവരുടെ മനുഷ്യ ഹോസ്റ്റുകളുമായി പൊരുത്തപ്പെടുന്നില്ല. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ, വൈറസുകൾ‌ ഇടയ്‌ക്കിടെ പരിവർത്തനങ്ങൾ‌ക്ക് വിധേയമാകുന്നു. മിക്ക മ്യൂട്ടേഷനുകളും നിരുപദ്രവകരമാണ്. എന്നാൽ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന മ്യൂട്ടേഷൻ ഒരു വൈറസിനെ കൂടുതൽ അപകടകാരിയായ പകർച്ചവ്യാധിയാക്കുന്നു. അത് മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തെ തടുക്കുന്നു. മാത്രമല്ല ഈ വൈറസിന്റെ പെരുകൽ മനുഷ്യരിൽ അതിവേഗം വ്യാപിക്കുകയും ചെയ്യും. തനിപ്പകർ‌പ്പിന് നിരന്തരമായ വിധേയമാകുന്ന ട്രില്യൺ കണക്കിന് വൈറസ് കണങ്ങളെ ഒരു വ്യക്തി വഹിക്കുമെന്നതിനാൽ രോഗബാധിതനായ ഓരോ വ്യക്തിയും മനുഷ്യരുമായി കൂടുതൽ‌ പൊരുത്തപ്പെടാൻ‌ വൈറസിന് അനവധി പുതിയ അവസരങ്ങൾ‌ നൽ‌കുന്നു.

വൈറസ് ബാധിച്ച ഓരോ മനുഷ്യനും ഒരു ചൂതാട്ടയന്ത്രം പോലെയാണ്. അത് വൈറസിന് ട്രില്യൺ കണക്കിന് ലോട്ടറി ടിക്കറ്റുകൾ നൽകുന്നു. മാത്രമല്ല ഈ വൈറസിന് വളരാൻ അതിൽ നിന്ന് ഒരു വിജയി ഉണ്ടാവേണ്ടതും ഉണ്ട്.ഇത് കേവലം ഊഹമല്ല. 2014ൽ എബോള പൊട്ടിപ്പുറപ്പെട്ട സംഭവങ്ങളുടെ ഒരു ശൃംഖലയെക്കുറിച്ച് റിച്ചാർഡ് പ്രെസ്റ്റണിന്റെ റെഡ് സോണിലെ പ്രതിസന്ധി ( Crisis the Red Zone) എന്ന പുസ്തകം വിവരിക്കുന്നു. ചില എബോള വൈറസുകൾ ഒരു വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകർന്നപ്പോളാണ് പൊട്ടിത്തെറി ആരംഭിച്ചത്. ഈ വൈറസുകൾ വളരെയധികം ആളുകളെ രോഗികളാക്കി. പക്ഷേ മനുഷ്യ ശരീരത്തേക്കാൾ കൂടുതൽ വവ്വാലുകൾക്കുള്ളിൽ ജീവിക്കാൻ അവ അപ്പോഴും അനുയോജ്യമായിരുന്നു. താരതമ്യേന അപൂർവമായ ഒരു രോഗത്തിൽ നിന്ന് എബോളയെ ഒരു പകർച്ചവ്യാധിയായി മാറ്റിയത് എബോള വൈറസിലെ ഒരൊറ്റ ജീനിന്റെ മ്യൂട്ടേഷനാണ്. അത് ഒരു മനുഷ്യനെ ബാധിച്ചു, പശ്ചിമാഫ്രിക്കയിലെ മക്കോണ പ്രദേശത്ത് എവിടെയോ ഉള്ള ഒരു മനുഷ്യൻ. ഈ എബോള മ്യൂട്ടേഷൻ സ്‌ട്രെയ്‌നിനെ മകോണ സ്ട്രെയിൻ എന്ന് വിളിക്കുന്നു. ഈ സ്‌ട്രെയിൻ മനുഷ്യകോശങ്ങളിലേക്ക് കൊളെസ്ട്രോൾ എത്തിക്കുന്ന വാഹകരുമായി ബന്ധം സ്ഥാപിക്കുകയും കൊളസ്ട്രോളിനുപകരം ഇവർ എബോളയെ കോശങ്ങളിലേക്ക് കടത്തിവിടുകയും ചെയ്തു. ഈ പുതിയ മക്കോണ ഇനം വൈറസുകൾ മനുഷ്യരിൽ നാലിരട്ടി വേഗത്തിൽ പകരാൻ ശേഷിയുള്ളതാണ്.നിങ്ങൾ ഈ ലേഖനം വായിച്ചു കൊണ്ടിരിക്കുമ്പോൾ ടെഹ്റാനിലെയോ മിലാനിലെയോ വുഹാനിലെയോ ഒരാളിൽ പകർന്ന കൊറോണ വൈറസിലെ ഒരു ജീൻ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയായിരിക്കും. ഇങ്ങനെയൊന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് കരുതുക. ഇത് ഇറാനികൾക്കോ ഇറ്റലിക്കാർക്കോ ചൈനക്കാർക്കോ മാത്രമല്ല ഭീഷണിയാകുക അത് നിങ്ങൾക്ക് കൂടി ആണ്.

കൊറോണ വൈറസിന് അത്തരമൊരു അവസരം നൽകാതിരിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ ജീവൻമരണ പോരാട്ടത്തിൽ ആണ് . അതിനർത്ഥം എല്ലാ രാജ്യങ്ങളിലെയും എല്ലാ വ്യക്തികളെയും നമുക്കു സംരക്ഷിക്കാൻ കഴിയണമെന്നാണ്.1970 കളിൽ വസൂരി രോഗത്തെ പരാജയപ്പെടുത്തിയത് എല്ലാ രാജ്യങ്ങളിലെയും മനുഷ്യർക്ക്‌ പ്രതിരോധ കുത്തിവയ്പ് നൽകിയാണ്. ഏതെങ്കിലും ഒരു രാജ്യം ഈ പ്രതിരോധ കുത്തിവയ്പ് നൽകുന്നതിൽ പരാജയപ്പെട്ടിരുന്നെങ്കിൽ അത് മാനവരാശിയെ ആകെ അപകടത്തിലാക്കുമായിരുന്നു. വസൂരി വൈറസ് നിലനിൽക്കുകയും അതവിടെ കിടന്ന് പരിണാമത്തിന് വിധേയമായാൽ വീണ്ടും ആ രോഗം എല്ലായിടത്തും പടർന്നു പിടിക്കുകയും ചെയ്യും.വൈറസുകൾക്കെതിരായ പോരാട്ടത്തിൽ മനുഷ്യർ അതിർത്തികളെ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള അതിരുകളല്ല അത്. മറിച്ച്, മനുഷ്യലോകവും വൈറസ് ഗോളവും തമ്മിലുള്ള അതിർത്തിക്കാണ് കാവൽ നിൽക്കേണ്ടത്.

ഭൂമിയിൽ അസംഖ്യം വൈറസുകൾ ഉണ്ട്. ജനിതകമാറ്റം കാരണം പുതിയ വൈറസുകൾ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ഈ വൈറസ് ഗോളത്തെ മനുഷ്യ ലോകത്തിൽ നിന്ന് വേർതിരിക്കുന്ന അതിർത്തി രേഖ ഓരോ മനുഷ്യന്റെയും ശരീരത്തിനുള്ളിലൂടെയും കടന്നുപോകുന്നു. അപകടകരമായ ഒരു വൈറസ് ഭൂമിയിലെവിടെയും നിന്ന് ഈ അതിർത്തിയിലേക്ക് നുഴഞ്ഞുകയറുന്നുവെങ്കിൽ, അത് മുഴുവൻ മനുഷ്യവർഗ്ഗത്തെയും അപകടത്തിലാക്കുന്നു.കഴിഞ്ഞ നൂറ്റാണ്ടിൽ മനുഷ്യരാശി ഈ അതിർത്തി മുമ്പെങ്ങുമില്ലാത്തവിധം ശക്തിമത്താക്കി. ആ അതിർത്തിയെ സംരക്ഷിക്കുന്ന മതിലായി ആധുനിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ മാറ്റി. നഴ്സുമാരും ഡോക്ടർമാരും ശാസ്ത്രജ്ഞരും ആ അതിർത്തി കാവൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ തുരത്തി. എന്നിരുന്നാലും, ഈ അതിർത്തിയിലെ കുറച്ചു ഭാഗങ്ങൾ അപകടമാവിധം മലർക്കെ തുറന്നു കിടക്കുന്നു. അടിസ്ഥാന ആരോഗ്യ സേവനങ്ങൾ പോലും കിട്ടാതെ ദശലക്ഷക്കണക്കിന് മനുഷ്യർ ലോകമെമ്പാടും ഉണ്ട്. ഇത് എല്ലാവരെയും അപകടത്തിലാക്കുന്നു.

ദേശീയതലത്തിൽ നമ്മൾ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നു. എന്നാൽ ഇറാനികൾക്കും ചൈനക്കാർക്കും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം നൽകുന്നതിലൂടെ ഇസ്രായേലികളെയും അമേരിക്കക്കാരെയും പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കാൻ നമ്മുക്ക് കഴിയും. ഈ ലളിതമായ സത്യം എല്ലാവർക്കും വ്യക്തമാകണം. നിർഭാഗ്യവശാൽ ഇത് ലോകത്തിലെ പ്രധാനപ്പെട്ട ആളുകൾക്ക് മനസ്സിലാകുന്നില്ല.

നേതൃത്വമില്ലാത്ത ലോകം ഇന്ന് മനുഷ്യകുലം നേരിടുന്ന പ്രതിസന്ധികൾക്ക് മാത്രമല്ല കാരണം. മനുഷ്യർ തമ്മിലുള്ള വിശ്വാസക്കുറവ് മൂലമാണ് ഇന്ന് മാനവികത രൂക്ഷമായ പ്രതിസന്ധികൾ നേരിടുന്നത്. ഒരു പകർച്ചവ്യാധിയെ പരാജയപ്പെടുത്താൻ ആളുകൾ ശാസ്ത്രജ്ഞരെ വിശ്വസിക്കേണ്ടതുണ്ട്. പൗരന്മാർ പൊതു അധികാരികളെ വിശ്വസിക്കേണ്ടതുണ്ട്. രാജ്യങ്ങൾ പരസ്പരം വിശ്വസിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രാഷ്ട്രീയക്കാർ മന:പൂർവ്വം ശാസ്ത്രത്തിലും പൊതു അധികാരികളിലും അന്താരാഷ്ട്ര സഹകരണത്തിലുമുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തി. അത് കൊണ്ട് എന്ത് സംഭവിച്ചുവെന്നാൽ ലോകത്തെയാകെ ചേർത്തുനിർത്താനും പ്രചോദിപ്പിക്കാനും ധനസമാഹരണം നടത്തി ഒരു ആഗോളകൂട്ടായ്മക്ക് നേതൃത്വം നൽകാനും ശേഷിയുള്ള നേതാക്കളുടെ അഭാവമാണ് ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്നത്.

2014 -ൽ എബോള പകർച്ചവ്യാധിയുടെ സമയത്ത് അമേരിക്ക അത്തരത്തിൽ നേതൃത്വം നൽകിയിരുന്നു. 2018 – ലെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും യുഎസ് സമാനമായ പങ്ക് നിറവേറ്റി. ആഗോള സാമ്പത്തിക മാന്ദ്യം തടയാൻ മറ്റ് രാജ്യങ്ങൾക്ക് അമേരിക്ക പിന്തുണ നൽകിയിരുന്നു. അടുത്ത കാലത്തായി യുഎസ് ഇത്തരമൊരു ഉത്തരവാദിത്തത്തിൽ നിന്ന് പിൻവാങ്ങി. നിലവിലെ യു‌എസ് ഭരണകൂടം ലോകാരോഗ്യ സംഘടന പോലുള്ള അന്തർ‌ദ്ദേശീയ സംഘടനകൾക്കുള്ള പിന്തുണ വെട്ടിക്കുറച്ചു. മാത്രമല്ല തങ്ങൾക്കു യഥാർത്ഥ ചങ്ങാതിമാരെയല്ല സംരക്ഷിക്കേണ്ടതെന്നും മറിച്ചു ചില താൽ‌പ്പര്യങ്ങൾ‌ മാത്രമേ ഉള്ളുവെന്നും ലോകത്തെ അവർ ബോധ്യപെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോൾ യുഎസ് ഒന്നും ചെയ്യാതെ അരികിൽ മാറി നിന്നു. എന്തെങ്കിലും പ്രധാന പങ്ക് വഹിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. ഒടുവിൽ അവർ ഇനി നേതൃത്വം ഏറ്റെടുക്കാൻ ശ്രമിച്ചാലും, നിലവിലെ യുഎസ് ഭരണത്തിലുള്ള വിശ്വാസമില്ലായ്മ മറ്റു രാജ്യങ്ങളെ അവരോടു സഹകരിക്കുന്നതിൽ നിന്ന് അകറ്റി നിർത്തും.

“ഞാൻ മുൻപേ, ഞാൻ മുൻപേ ” എന്ന മുദ്രാവാക്യം വിളിക്കുന്ന ഒരു നേതാവിനെ നിങ്ങൾ പിന്തുടരാൻ കഴിയുമോ?യുഎസ് അവശേഷിപ്പിച്ച ശൂന്യത മറ്റാരും പൂരിപ്പിച്ചിട്ടില്ല. വിദേശീയ വിദ്വേഷം, ഒറ്റപ്പെടുത്തൽ, അവിശ്വാസം എന്നിവയാണ് ഇപ്പോൾ മിക്ക അന്താരാഷ്ട്ര സംവിധാനങ്ങളുടെയും സവിശേഷത. വിശ്വാസവും ആഗോള ഐക്യദാർഢ്യവും ഇല്ലാതെ നമുക്ക് കൊറോണ വൈറസ് പകർച്ചവ്യാധിയെ തടയാൻ കഴിയില്ല. ഭാവിയിൽ ഇത്തരം കൂടുതൽ പകർച്ചവ്യാധികൾ നാം നേരിടേണ്ടതായി വരും. എന്നാൽ ഓരോ പ്രതിസന്ധിയും ഓരോ അവസരമാണ്. ആഗോള അന്തഃഛിദ്രംമൂലമുണ്ടാകുന്ന കടുത്ത അപകടം മനസ്സിലാക്കാൻ നിലവിലെ പകർച്ചവ്യാധി മനുഷ്യരാശിയെ സഹായിക്കുമെന്ന് പ്രത്യാശിക്കാം .

ഈ പകർച്ചവ്യാധി യൂറോപ്യൻ യൂണിയന് അടുത്തകാലത്തായി നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുള്ള ഒരു സുവർണ്ണാവസരമായി കാണാവുന്നതാണ്. യൂറോപ്യൻ യൂണിയനിലെ സമ്പന്നരായ അംഗങ്ങൾക്ക് ഈ മഹാമാരി മൂലം പ്രതിസന്ധി നേരിടുന്ന സഹരാജ്യങ്ങളെ പണവും ഉപകരണങ്ങളും ആരോഗ്യപ്രവർത്തകരുടെ സേവനവും ഉറപ്പാക്കി സഹായിക്കാൻ കഴിയുമെങ്കിൽ ഇത് ഏത് പ്രസംഗം കൊണ്ട് നേടാൻ കഴിയുന്ന പിന്തുണയേക്കാൾ അംഗീകാരം യൂറോപ്യൻ യൂണിയന് കൊണ്ടുവരും. മറുവശത്ത്, യൂണിയനിലെ ഓരോ രാജ്യവും സ്വയം പ്രതിരോധിക്കാനാണ് നിലകൊള്ളുന്നതെങ്കിൽ ഈ പകർച്ചവ്യാധി യൂറോപ്യൻ യൂണിയന്റെ മരണമണിയാകും.

പ്രതിസന്ധിയുടെ ഈ നിമിഷത്തിൽ, ഒരു നിർണായക സമരം മനുഷ്യരാശിക്കുള്ളിൽ നടക്കുന്നു. ഈ പകർച്ചവ്യാധി മനുഷ്യരിൽ കൂടുതൽ അനൈക്യത്തിനും അവിശ്വാസത്തിനും കാരണമായാൽ അത് വൈറസിന്റെ ഏറ്റവും വലിയ വിജയമായിരിക്കും. മനുഷ്യർ തമ്മിൽ തർക്കിക്കുമ്പോൾ വൈറസുകൾ ഇരട്ടിയാകുന്നു. ഇതിനു വിപരീതമായി, പകർച്ചവ്യാധി ആഗോള സഹകരണത്തിന് കാരണമായാൽ അത് കൊറോണ വൈറസിനെതിരെ മാത്രമല്ല, ഭാവിയിലെ എല്ലാ രോഗകാരികൾക്കും എതിരായ വിജയമായിരിക്കും. ഭാവിയിൽ ഇത്തരം കൂടുതൽ പകർച്ചവ്യാധികൾ നാം നേരിടേണ്ടതായി വരും. എന്നാൽ ഓരോ പ്രതിസന്ധിയും ഒരു അവസരമാണ്. ആഗോള അന്തഃഛിദ്രംമൂലമുണ്ടാകുന്ന കടുത്ത അപകടം മനസ്സിലാക്കാൻ നിലവിലെ പകർച്ചവ്യാധി മനുഷ്യരാശിയെ സഹായിക്കുമെന്ന് പ്രത്യാശിക്കാം .

India

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരുന്നതിനു പിന്നില്‍

രൂപയുടെ നില ദുര്‍ബലമായി തുടരുക കൂടി ചെയ്താല്‍ ഇന്ത്യയില്‍ ഇനിയും പെട്രോൾ, ഡീസൽ വില ഉയർന്നേക്കും

Published

on

മുംബൈ: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിടിവും ലോക്ഡൗണും കാരണം 80 ദിവസത്തോളമായി നിര്‍ത്തിവെച്ചിരുന്ന ദിവസാടിസ്ഥാനത്തിലുള്ള ഇന്ധന വില വര്‍ധന ഇടവേളയ്ക്കു ശേഷം വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നു. തുടര്‍ച്ചയായ അഞ്ചു ദിവസമായി സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നു. ദല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിനു 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് നാലുദിവസത്തിനിടെ വര്‍ധിച്ചത്. ലോക്ഡൗണ്‍ നിയന്ത്രങ്ങളിലെ ഇളവും ക്രൂഡോയില്‍ വിപണിയുടെ തിരിച്ചുവരവും കണക്കിലെടുത്താണ് ഈ വര്‍ധന. വിദേശവിനിമയ നിരക്കില്‍ ഡോളറിനെതിരായ രൂപയുടെ നില ദുര്‍ബലമായി തുടരുന്നതും ഒരു കാരണമാണ്.

നഷ്ടങ്ങള്‍ നികത്താനെന്ന പേരില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വരും മാസങ്ങളിലും ഇന്ധന വില വീണ്ടും ഉയര്‍ത്തിക്കൊണ്ടിരിക്കുമെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അധിക ഉല്‍പ്പാദന ആശങ്കകള്‍ ശക്തമായതോടെ ഈയിടെ ഇന്ധന വില കൂപ്പൂകുത്തിയിരുന്നെങ്കിലും ആഗോള വിപണയില്‍ ക്രൂഡോയില്‍ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായ ശക്തമായി തിരിച്ചു വരികയാണ്. ഈ പശ്ചാത്തലത്തില്‍ രൂപയുടെ നില ദുര്‍ബലമായി തുടരുക കൂടി ചെയ്താല്‍ ഇന്ത്യയില്‍ ഇനിയും വില ഉയരുമെന്ന് നിരീക്ഷകര്‍ പറയുന്നു.

ഇതിനു കാരണം പെട്രോളിന്റേയും ഡീസലിന്റേയും ദിവസം തോറുമുള്ള വിലനിര്‍ണയത്തിന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ മാനദണ്ഡമാക്കുന്നത് ആഗോള വിപണിയിലെ ക്രൂഡോയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കുമാണ് എന്നതാണ്. ആഗോള വിപണിയില്‍ വില ഇടിയുന്ന സമയത്ത് രൂപയുടെ നില മോശം അവസ്ഥയിലാണെങ്കില്‍ ഇന്ധനം വാങ്ങാന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുമെന്ന് സാരം. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഈ ഭാരം എണ്ണ കമ്പനികള്‍ ഉപഭോക്താക്കളുടെ ചുമലിലേക്കു കൂടി വെച്ചു കൊടുക്കുന്നത്. ആഗോള വിപണി ഇനിയും മെച്ചപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് ഇന്ധനത്തിന് ഇനിയും കൂടുതല്‍ പണം മുടക്കേണ്ടി വരും.

അതേസമയം എണ്ണയുടെ അധികോല്‍പ്പാദനം സംബന്ധിച്ച് കമ്പനികള്‍ ജാഗ്രതയിലാണെന്നതിനാല്‍ വില വര്‍ധന തുടരുന്നതില്‍ അനിശ്ചിതത്വവും ഉണ്ട്.  അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നും ഡിമാന്‍ഡ് കുറവു മൂലം എണ്ണവില വീണ്ടും താഴേക്കു പോകാന്‍ ഇടയുണ്ടെന്നാണ് എണ്ണ വപിണിയെ നിരീക്ഷിക്കുന്ന വിദഗ്ധര്‍ പറയുന്നത്. എണ്ണയ്ക്കുള്ള ഡിമാന്‍ഡ് ഉയരുന്നതിന് അനുസരിച്ചു മാത്രമെ വിപണി തിരിച്ചുവരികയുള്ളൂവെന്നും അവര്‍ പറയുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിത്തുടങ്ങിയതോടെ ലോകമൊട്ടാകെ സാമ്പത്തിക രംഗം പതുക്കെ തിരിച്ചുവരികയാണെങ്കിലും എണ്ണ വിപണി പൊതുവെ അസ്ഥിരമാണ്. ആഗോള വിപണി ശക്തമായ നിലയിലേക്ക് തിരിച്ചു വരികയാണെങ്കിലും ഈ സാഹചര്യത്തില്‍ ആഗോള കമ്പനികള്‍ വീണ്ടും ഉല്‍പ്പാദനം വര്‍ധിപ്പിച്ചേക്കില്ല. കാരണം ഇത് വീണ്ടും അമിതോല്‍പ്പാദനത്തിലേക്കും വിലയിടിവിലേക്കും നയിക്കും. ആഗോള വിപണി മെച്ചപ്പെടുന്നതിന്റെ ചുവടുപിടിച്ച് ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഇനിയും വര്‍ധിക്കുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും ഡിമാന്‍ഡ് ഇടിവ് കാരണം എണ്ണ വിപണിയില്‍ വീണ്ടും തകര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതേസമയം കൊറോണ കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും നികുതി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ആഗോള വിപണിയിലെ തകര്‍ച്ച കാരണം ഇന്ത്യയിലെ ഇന്ധന വിലയില്‍ വലിയ കുറയാനുള്ള സാധ്യതയും വിരളമാണ്.

Continue Reading

India

സ്ത്രീ വിരുദ്ധതയും ഇസ്‌ലാം ഭീതിയും ഇടകലരുമ്പോള്‍

ഇവിടെ പ്രചരിക്കുന്നത് ഇസ്ലാമോഫോബിയ മാത്രമല്ല, സ്ത്രീക്ക് നേരെയുള്ള വ്യക്തമായ ആക്രമണം കൂടിയാണ്

Published

on

ഹംഷീന ഹമീദ്‌

സഫൂറ സർഗാർ. പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളുടെ പേരിൽ യു എ പി എ ചുമത്തപ്പെട്ട് ദൽഹി പൊലീസ് തീഹാർ ജയിലിലടച്ച കശ്മീരി വനിത. ഇസ്ലാമോഫോബിയ എന്ന വലിയ ഒരു ഘടകം മുന്നിൽ നിൽക്കുമ്പോഴും ഇവരുടെ അറസ്റ്റും അനുബന്ധ സംഭവങ്ങളും വിരൽ ചൂണ്ടുന്നത് മറ്റൊന്നിലേക്കാണ്. ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരോടി നിൽക്കുന്ന സ്ത്രീ വിരുദ്ധതയിലേക്ക്.

14 ആഴ്ച ഗർഭിണിയാണ് ജാമിയ മില്ലിയ സർവകലാശാലയിൽ എം. ഫിൽ വിദ്യാർത്ഥിനി കൂടിയായ സഫൂറ. ഒരു മാസത്തോളമായി അവർ ഏകാന്ത തടവിലായിട്ട്. പൌരത്വ നിയമത്തിനെതിരെ സമരങ്ങൾ നടത്തിയവരെയും അതിൽ പങ്കെടുത്തവരെയും മാത്രം വേട്ടയാടിയ ഭരണകൂടത്തിന്റെ ഇസ്ലാമോഫോബിയ ഒരുപക്ഷേ ഏറ്റവും കൂടുതൽ പ്രകടമായത് സഫൂറ സർഗാരിന്റെയും മീരാൻ ഹൈദറിന്റെയും അറസ്റ്റിലായിരിക്കും. ദൽഹിയിൽ ആസൂത്രിതമായി വംശഹത്യ നടത്തിയാണ് തങ്ങളുടെ ഗൂഢ പദ്ധതിക്കുള്ള അജണ്ട സർക്കാർ തയ്യാറാക്കിയത്.  ഇസ്ലാമോഫോബിയയുടെ ഇര എന്നതിലുമപ്പുറം, ഒരു സ്ത്രീ എന്ന നിലയിൽ ആത്മാഭിമാനവും അവകാശങ്ങളും പരസ്യമായി കയ്യേറ്റം ചെയ്യപ്പെടുന്നത് നിശബ്ദയായി നോക്കി നിൽക്കേണ്ടി വരുന്ന നിസ്സഹായയാവസ്ഥയിലാണ് ഗർഭിണിയായ സഫൂറ. അവിവാഹിതയായ ഗർഭിണി എന്നാണ് സഫൂറയെ കുറിച്ച് സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന അപവാദം.

സഫൂറയുടെ അറസ്റ്റിനെ തുടർന്ന് തീവ്ര വലതു പക്ഷ വിഭാഗത്തിൽ നിന്നുണ്ടായ ട്രോളുകളും ട്വീറ്റുകളും പിന്നീട് അവർ വിവാഹിതയാണോ അല്ലയോ എന്ന ചർച്ചകളിലേക്ക് സോഷ്യൽ മീഡിയയെ നയിച്ചു. അവരെ അറസ്റ്റ് ചെയ്തത് ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണോ എന്നു ചർച്ച ചെയ്യുന്നതിന് പകരം, വിവാഹം കഴിക്കാതെയാണ് അവർ ഗർഭിണിയായിരിക്കുന്നത് എന്ന സംഗ്രഹത്തിലേക്ക് ട്രോളുകളും ചർച്ചകളും ചെന്നെത്തി. സ്ത്രീയെന്ന നിലയിൽ അവർക്ക് നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങൾ പോലും ചർച്ചയാകുന്നില്ല എന്നതാണ് അതിലേറെ ഖേദകരം. ദൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ആദ്യം അറസ്റ്റ് ചെയ്തു ജാമ്യം ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് വീണ്ടും മറ്റൊരു കേസിൽ സഫൂറയെ അറസ്റ്റ് ചെയ്യുന്നത്. പക്ഷെ ഈ കേസിനു വേണ്ട തെളിവുകളോ വിശദാംശങ്ങളോ നൽകാൻ പോലീസ് തയ്യാറായിരുന്നില്ല.  തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിന് ശേഷമാണ് പോലീസ് സഫൂറയ്‌ക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് അവരുടെ വക്കീൽ വെളിപ്പെടുത്തിയിരുന്നു. വളരെ ആസുത്രീതവും ടാർഗെറ്റ് ചെയ്തുമായിരുന്നു ദൽഹി പൊലീസിന് നീക്കങ്ങളെന്ന് വ്യക്തം. 

ഇവിടെ പ്രചരിക്കുന്നത് ഇസ്ലാമോഫോബിയ മാത്രമല്ല, സ്ത്രീക്ക് നേരെയുള്ള വ്യക്തമായ ആക്രമണം കൂടിയാണ്. ശബ്ദമുയർത്താൻ ശ്രമിക്കുന്ന സ്ത്രീകൾക്കെതിരെ പ്രയോഗിക്കുന്ന സ്ഥിരം തുറുപ്പുചീട്ട് തന്നെയാണ് ഈ കാര്യത്തിലും പുറത്തെടുത്തിരിക്കുന്നത്. രണ്ടു വർഷം മുൻപായിരുന്നു സഫൂറയുടെ വിവാഹം. അവരുടെ വിവാഹചിത്രങ്ങളും ഈ വിവാദങ്ങൾക്കിടെ പുറത്തു വന്നിരുന്നു. പക്ഷെ, ചോദ്യം അതല്ല, അവർ വിവാഹിത ആയിരുന്നില്ലെങ്കിൽ പോലും അവരുടെ സ്വകാര്യ ജീവിതം പൊതു ചർച്ചയ്ക്കും പരിഹാസത്തിനും വിധേയമാക്കേണ്ട കാര്യമെന്ത് എന്നതാണ്.

സ്വാഭാവികം എന്നാണ് ഉത്തരമെങ്കിൽ, സ്വന്തം ശരീരത്തിനും ജീവിതത്തിനും മേലുള്ള അവകാശം സ്ഥാപിച്ചു കിട്ടാനായി കൂടുതൽ സ്ത്രീകൾ മുന്നോട്ടു വരുന്നതും ഈ സ്വാഭാവികതയെ മറികടക്കാനാണ് എന്നോർക്കുന്നതും നല്ലതാണ്. ദൽഹി വനിതാ കമ്മീഷനും ഇക്കാര്യത്തിൽ നോക്കുകുത്തിയായി നിൽക്കുന്ന കാഴ്ചയായണ് കണ്ടു കൊണ്ടിരിക്കുന്നത്. 

സഫൂറയ്‌ക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾ എത്തി നിൽക്കുന്നത് രണ്ടു കാര്യങ്ങളിലേക്കാണ്. ഒന്ന്, സ്ത്രീയുടെ ശരീരവും ലൈംഗീകതയും സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിയന്ത്രിക്കപ്പെടുന്ന വസ്തുക്കളായി തുടരും എന്നതിലേക്ക്. മറ്റൊന്ന്, മതവും രാഷ്ട്രീയവും ഇട കലർന്നാൽ, ന്യൂനപക്ഷങ്ങളേക്കാൾ ഉപരിയായി അതിൽ ഇരകളാകാൻ പോകുന്നത് സ്ത്രീകളായിരിക്കും എന്ന മുന്നറിയിപ്പിലേക്കും. ഇത് ഇസ്ലാമോഫോബിക് ആയ ഒരു സമൂഹത്തെ മാത്രമല്ല, അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ഒരു സമൂഹത്തെ കൂടിയാണ് വാർത്തെടുത്തു കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവും പ്രാധാന്യമർഹിക്കുന്നു. 

Continue Reading

Life

കോവിഡിനു ശേഷം ലോകത്തിന് എന്തു സംഭവിക്കും?

ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ.

Published

on

എന്തൊക്കെ ശേഷിപ്പിച്ചാകും കോവിഡ് 19 എന്ന മഹാമാരി തിരിച്ചുപോകുക എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ലോകം മുഴുവനും ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഈ മഹാമാരിയെ കീഴ്പ്പെടുത്താനായിട്ടില്ല. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഈ പ്രതിസന്ധിയുടെ ആഴവും അളവും വളരെ വലുതായിരിക്കും. ഇതിന് മുന്നില്‍ ബെര്‍ലിന്‍ മതിലിന്റെ പതനമോ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോ ഒന്നുമാകില്ല. ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ.

ജീവിതങ്ങള്‍ തകര്‍ക്കുകയും വിപണികളെ തച്ചുടക്കുകയും ചെയ്യും. സര്‍ക്കാരുകളുടെ കഴിവും കഴിവുകേടും തുറന്നു കാട്ടും. രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരമായ മാറ്റങ്ങളിലേക്ക് നയിക്കും. രാജ്യം എന്ന നിലയില്‍ അതിലെ ദേശീയതയെ ഈ പകര്‍ച്ചവ്യാധി ശക്തിപ്പെടുത്തിയേക്കാം. പ്രതിസന്ധി മറി കടക്കുന്നതിന് സര്‍ക്കാരുകള്‍ പുതിയ അധികാരങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷെ ഇതവസാനിക്കുമ്പോള്‍ ഈ പുതിയ അധികാരങ്ങള്‍ വിട്ടു കൊടുക്കാനാകാതെപിടി മുറുക്കാനും സാധ്യതയുണ്ട്.

പടിഞ്ഞാറിന്റെ അധികാര ഗര്‍വുകള്‍ ഇല്ലാതാകുന്ന മാറ്റവും ഒരു പക്ഷെ സംഭവിച്ചേക്കാം. അതിനു മുന്നോടിയെന്ന നിലയിലാണ് രോഗത്തിന്റെ വ്യാപനം തടയാന്‍ കിഴക്കും പടിഞ്ഞാറും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കാണേണ്ടത്. കിഴക്കന്‍ രാജ്യങ്ങള്‍ ശക്തമായ നിയന്ത്രങ്ങളുമായി മുന്നോട്ടു പോയപ്പോള്‍, യൂറോപ്പും അമേരിക്കയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അലംഭാവമായിരുന്നു. ‘പാശ്ചാത്യം’ എന്ന ബ്രാന്‍ഡ് നെയിമിന് മങ്ങലേല്‍പ്പിക്കുന്ന നടപടികള്‍ക്കാണ് ലോക സാക്ഷ്യം വഹിച്ചത്.

സംരക്ഷണത്തിനായി പൗരന്മാര്‍ സര്‍ക്കാരുകളെ ആശ്രയിക്കുകയും സര്‍ക്കാരുകള്‍ ഭാവിയിലെ അപകട സാധ്യത കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, നമ്മള്‍ ഹൈപ്പര്‍ ഗ്ലോബലൈസേഷനില്‍ നിന്നും ബഹുദൂരം പിന്നിലേക്ക് പോകേണ്ടി വരും. ഭൂമിയിലെ 7.8 ബില്യണ്‍ ജനങ്ങളില്‍ ഓരോരുത്തര്‍ക്കും പൊതുജനാരോഗ്യം എന്നത് ഒരു ചോദ്യചിഹ്നമാകും. വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി 2008-2009 ലെ മഹാ മാന്ദ്യത്തേക്കാളും വളരെ വലുതായിരിക്കും. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെയും ശാശ്വത സന്തുലിതാവസ്ഥയെയും ഈ വൈറസ് സ്ഥിരമായി മാറ്റും.

സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ മുന ഈ വൈറസ് ഒടിക്കും. സര്‍ക്കാരുകളെയും സമൂഹങ്ങളെയും ദീര്‍ഘ കാലത്തോളംസാമ്പത്തിക ഐസൊലേഷനില്‍ നിര്‍ത്താനും കാരണമാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പരസ്പര പ്രയോജനകരമെന്ന് നിര്‍വചിച്ചിരുന്ന ഗ്ലോബലൈസേഷനിലേക്ക് ലോകം മടങ്ങി വരാന്‍ സാധ്യത കുറവാണ്.

ആഗോള സാമ്പത്തിക ദിശകളെ ഈ വൈറസ് അടിസ്ഥാനപരമായി മാറ്റില്ല. അതേസമയം, ഇതിനകം ആരംഭിച്ച ഒരു മാറ്റത്തെ ത്വരിതപ്പെടുത്തും: യു.എസ് കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തില്‍ നിന്ന് ചൈന കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തിലേക്കായിരിക്കും നീക്കം. ചൈനീസ് ജനതയുടെ മത്സര ബുദ്ധിയും അധ്വാന ശീലവും അവരെ അങ്ങനെയാക്കിയെടുക്കാന്‍ ചൈനീസ് നേതാക്കള്‍ നടത്തിയ പരിശ്രമത്തിന്റെയും ഫലമായിരിക്കും അത്.

മാറ്റമില്ലാതാകുന്നത് ലോക രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ വൈരുദ്ധ്യ സ്വഭാവത്തിനാണ്.1918-1919 ലെ പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ബാധകള്‍ അധികാര വൈരാഗ്യം അവസാനിപ്പിക്കുകയോ ആഗോള സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുകയോ ചെയ്തില്ല. ഈ വൈറസിനും ആ ശേഷിയുണ്ടാകുമെന്ന് കരുതാനാകില്ല.

ഈ പകര്‍ച്ചവ്യാധിയുടെ അവസാനം എന്തായിരിക്കും? മനുഷ്യന്‍ തന്റെ സത്തയെ അതിശക്തമായി തിരിച്ചറിയുന്ന സമയമായിരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജോലിക്കാര്‍, രാഷ്ട്രീയ നേതാക്കള്‍, സാധാരണ പൗരന്മാര്‍ എന്നിവരെല്ലാം ഈ അസാധാരണ പ്രതിഭാസത്തെ എങ്ങിനെ നേരിട്ടുവെന്നത് മനുഷ്യരാശിക്കും പുതിയ ദിശാബോധവും ഐക്യചിന്തയും നല്‍കുമെന്ന് തീര്‍ച്ചയാണ്. ഓരോ പ്രതിസന്ധിയില്‍നിന്നും പുതിയ വിജയങ്ങള്‍ നേടാന്‍ മനുഷ്യന് അസാധാരണമായ കഴിവുണ്ട്. കോവിഡിന് ശേഷവും അങ്ങിനെയൊരു ലോകമുണ്ടായേക്കാം.

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.