എന്തൊക്കെ ശേഷിപ്പിച്ചാകും കോവിഡ് 19 എന്ന മഹാമാരി തിരിച്ചുപോകുക എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ലോകം മുഴുവനും ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഈ മഹാമാരിയെ കീഴ്പ്പെടുത്താനായിട്ടില്ല. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഈ പ്രതിസന്ധിയുടെ ആഴവും അളവും വളരെ വലുതായിരിക്കും. ഇതിന് മുന്നില്‍ ബെര്‍ലിന്‍ മതിലിന്റെ പതനമോ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോ ഒന്നുമാകില്ല. ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്പ്പിക്കാന് മാത്രമേ കഴിയൂ.
ജീവിതങ്ങള്‍ തകര്‍ക്കുകയും വിപണികളെ തച്ചുടക്കുകയും ചെയ്യും. സര്‍ക്കാരുകളുടെ കഴിവും കഴിവുകേടും തുറന്നു കാട്ടും. രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരമായ മാറ്റങ്ങളിലേക്ക് നയിക്കും. രാജ്യം എന്ന നിലയില്‍ അതിലെ ദേശീയതയെ ഈ പകര്‍ച്ചവ്യാധി ശക്തിപ്പെടുത്തിയേക്കാം. പ്രതിസന്ധി മറി കടക്കുന്നതിന് സര്‍ക്കാരുകള്‍ പുതിയ അധികാരങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷെ ഇതവസാനിക്കുമ്പോള്‍ ഈ പുതിയ അധികാരങ്ങള്‍ വിട്ടു കൊടുക്കാനാകാതെപിടി മുറുക്കാനും സാധ്യതയുണ്ട്.
പടിഞ്ഞാറിന്റെ അധികാര ഗര്‍വുകള്‍ ഇല്ലാതാകുന്ന മാറ്റവും ഒരു പക്ഷെ സംഭവിച്ചേക്കാം. അതിനു മുന്നോടിയെന്ന നിലയിലാണ് രോഗത്തിന്റെ വ്യാപനം തടയാന്‍ കിഴക്കും പടിഞ്ഞാറും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കാണേണ്ടത്. കിഴക്കന്‍ രാജ്യങ്ങള്‍ ശക്തമായ നിയന്ത്രങ്ങളുമായി മുന്നോട്ടു പോയപ്പോള്‍, യൂറോപ്പും അമേരിക്കയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അലംഭാവമായിരുന്നു. ‘പാശ്ചാത്യം’ എന്ന ബ്രാന്‍ഡ് നെയിമിന് മങ്ങലേല്‍പ്പിക്കുന്ന നടപടികള്‍ക്കാണ് ലോക സാക്ഷ്യം വഹിച്ചത്.
സംരക്ഷണത്തിനായി പൗരന്മാര് സര്‍ക്കാരുകളെ ആശ്രയിക്കുകയും സര്‍ക്കാരുകള്‍ ഭാവിയിലെ അപകട സാധ്യത കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, നമ്മള് ഹൈപ്പര്‍ ഗ്ലോബലൈസേഷനില്‍ നിന്നും ബഹുദൂരം പിന്നിലേക്ക് പോകേണ്ടി വരും. ഭൂമിയിലെ 7.8 ബില്യണ്‍ ജനങ്ങളില്‍ ഓരോരുത്തര്‍ക്കും പൊതുജനാരോഗ്യം എന്നത് ഒരു ചോദ്യചിഹ്നമാകും. വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി 2008-2009 ലെ മഹാ മാന്ദ്യത്തേക്കാളും വളരെ വലുതായിരിക്കും. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെയും ശാശ്വത സന്തുലിതാവസ്ഥയെയും ഈ വൈറസ് സ്ഥിരമായി മാറ്റും.
സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ മുന ഈ വൈറസ് ഒടിക്കും. സര്‍ക്കാരുകളെയും സമൂഹങ്ങളെയും ദീര്‍ഘ കാലത്തോളംസാമ്പത്തിക ഐസൊലേഷനില്‍ നിര്‍ത്താനും കാരണമാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പരസ്പര പ്രയോജനകരമെന്ന് നിര്‍വചിച്ചിരുന്ന ഗ്ലോബലൈസേഷനിലേക്ക് ലോകം മടങ്ങി വരാന്‍ സാധ്യത കുറവാണ്.
ആഗോള സാമ്പത്തിക ദിശകളെ ഈ വൈറസ് അടിസ്ഥാനപരമായി മാറ്റില്ല. അതേസമയം, ഇതിനകം ആരംഭിച്ച ഒരു മാറ്റത്തെ ത്വരിതപ്പെടുത്തും: യു.എസ് കേന്ദ്രീകൃത ആഗോളവല്ക്കരണത്തില് നിന്ന് ചൈന കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തിലേക്കായിരിക്കും നീക്കം. ചൈനീസ് ജനതയുടെ മത്സര ബുദ്ധിയും അധ്വാന ശീലവും അവരെ അങ്ങനെയാക്കിയെടുക്കാന്‍ ചൈനീസ് നേതാക്കള്‍ നടത്തിയ പരിശ്രമത്തിന്റെയും ഫലമായിരിക്കും അത്.
മാറ്റമില്ലാതാകുന്നത് ലോക രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ വൈരുദ്ധ്യ സ്വഭാവത്തിനാണ്.1918-1919 ലെ പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ബാധകള്‍ അധികാര വൈരാഗ്യം അവസാനിപ്പിക്കുകയോ ആഗോള സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുകയോ ചെയ്തില്ല. ഈ വൈറസിനും ആ ശേഷിയുണ്ടാകുമെന്ന് കരുതാനാകില്ല.
ഈ പകര്‍ച്ചവ്യാധിയുടെ അവസാനം എന്തായിരിക്കും? മനുഷ്യന് തന്റെ സത്തയെ അതിശക്തമായി തിരിച്ചറിയുന്ന സമയമായിരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജോലിക്കാര്‍, രാഷ്ട്രീയ നേതാക്കള്‍, സാധാരണ പൗരന്മാര് എന്നിവരെല്ലാം ഈ അസാധാരണ പ്രതിഭാസത്തെ എങ്ങിനെ നേരിട്ടുവെന്നത് മനുഷ്യരാശിക്കും പുതിയ ദിശാബോധവും ഐക്യചിന്തയും നല്‍കുമെന്ന് തീര്‍ച്ചയാണ്. ഓരോ പ്രതിസന്ധിയില്‍നിന്നും പുതിയ വിജയങ്ങള്‍ നേടാന്‍ മനുഷ്യന് അസാധാരണമായ കഴിവുണ്ട്. കോവിഡിന് ശേഷവും അങ്ങിനെയൊരു ലോകമുണ്ടായേക്കാം.