ബെയ്ജിങ്: ലോകത്തെ പിടിച്ചുലച്ച കൊറോണ വൈറസ് വ്യാപനത്തിനിടെ കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയില്‍ മറ്റൊരു വൈറസ് കൂടി ഒരാളുടെ ജീവന് കവര്‍ന്നു. ഹന്റാവൈറസ് ബാധയേറ്റാണ് പുതിയ മരണം. യുനാന്‍ പ്രവിശ്യക്കാരനായ ഇദ്ദേഹം ജോലിക്കായി ഷാങ്ഡോങിലേക്കു പോകുന്നതിനിടെ ബസില്‍വെച്ച് തിങ്കളാഴ്ചയാണ് മരിച്ചത്. ബസിലുണ്ടായിരുന്ന മറ്റു 32 പേരേയും പരിശോധനയ്ക്കു വിധേയരാക്കിയതായി ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തു.
എന്താണ് ഹന്റവൈറസ്?
പ്രധാനമായും എലികളിലൂടെ പകരുന്ന വൈറസുകളുടെ കൂട്ടത്തെയാണ് ഹന്റാവൈറസ് എന്നു വിളിക്കുന്നത്. ഇത് മനുഷ്യരില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ പറയുന്നു. ഹന്റവൈറസ് പല്‍മനറി സിന്‍ഡ്രോം, ഹെമറേജിക് ഫീവര്‍ വിത്ത് റിനല്‍ സിന്‍ഡ്രോം എന്നീ രോഗങ്ങള്‍ക്കും ഇതു കാരണമാകും.
ഇത് വായുവിലൂടെ പകരുന്ന രോഗങ്ങളല്ല. എലികളുടെ വിസര്‍ജ്യങ്ങള്‍, ഉമുനീര് എന്നിവ വഴിയും ഈ വൈറസ് വാഹകരായ എലികളുടെ കടിയേറ്റാലുമാണ് രോഗം മനുഷ്യരിലേക്ക് പടരുക.
രോഗ ലക്ഷണങ്ങള്‍
ക്ഷീണം, പനി, പേശീ വേദന, തലവേദ, ഉറക്കം തൂങ്ങല്‍, കുളിര്, ഉദര പ്രശ്നങ്ങള്‍ എന്നിവയാണ് ഹന്റവൈറസ് പല്‍മനറി സിന്‍ഡ്രോമിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഇതു ചികിത്സിച്ചില്ലെങ്കില്‍ ചുമയും ശ്വസമെടുക്കാന്‍ പ്രയാസം ഉണ്ടാകുകയും ചെയ്യും. ഇതു മരണത്തിലേക്കും നയിച്ചേക്കാം. മരണ നിരക്ക് 38 ശതമാനമാണ്.
ഹെമറേജിക് ഫീവര്‍ വിത്ത് റിനല്‍ സിന്‍ഡ്രോമിന്റെ പ്രാരംഭ ലക്ഷണങ്ങളും സമാനമാണ്. ഇതിനു പുറമെ രക്ത സമ്മര്‍ദ്ദം കുറയല്‍, വൃക്ക തകരാറ്, ഷോക്ക്, ധനമീ ചോര്‍ച്ച എന്നിവയ്ക്കും കാരണമാകാം.
ഹന്റവൈറസ് പല്‍മനറി സിന്‍ഡ്രോം ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പടരില്ല. ഹെമറേജിക് ഫീവര്‍ വിത്ത് റിനല്‍ സിന്‍ഡ്രോം പകര്‍ച്ചാ സാധ്യത വളരെ അപൂര്‍വ്വവുമാണ്. അതു കൊണ്ട് ആശങ്കപ്പെടാനില്ല.
ഹന്റാവൈറസ് ബാധ പ്രതിരോധിക്കുന്നതിന് എലികളുടെ പെരുപ്പം നിയന്ത്രിക്കലാണ് വഴിയെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.