Connect with us

Life

കടലിന് നിറം നല്‍കുന്ന സൂക്ഷമ ആല്‍ഗകള്‍

ആൽഗകളെ സൂക്ഷമമായി വിലയിരുത്താനും വേർതിരിച്ചെടുത്ത് വളർത്താനും സി.എം.എഫ്.ആർ.ഐ.യിൽ പ്രത്യേകം സജ്ജീകരിച്ച പരീക്ഷണശാല തന്നെയുണ്ട്

Published

on

കെ വി എ ഖാദര്‍

കടല്‍ പോലെ പരന്നുകിടക്കുന്നതാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മണ്ഡലം. മത്സ്യങ്ങളെ കുറിച്ച് മാത്രമല്ല, മത്സ്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സമുദ്ര പ്രതിഭാസങ്ങളെ കുറിച്ചും കടലിലെ മറ്റനേകം സസ്യ-ജന്തുജാലങ്ങളെ കുറിച്ചും കൊച്ചി ആസ്ഥാനമായ സി.എം.എഫ്.ആര്‍.ഐ. ഗവേഷണം നടത്തിവരുന്നുണ്ട്. മത്സ്യങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായ ഒട്ടനേകം ഘടകങ്ങള്‍ കടലിലുണ്ട്. മീനുകളുടെ ആഹാര ശൃംഖലയില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു കടല്‍ വിഭവമാണ് സസ്യപ്ലവകങ്ങള്‍. ഇവയില്‍ തന്നെ നിരവധി ഇനങ്ങളുണ്ട്. ഈ ഗണത്തില്‍ പെടുന്ന സൂക്ഷ്മ ആല്‍ഗകള്‍ (മൈക്രോ ആല്‍ഗെ) മീനുകളുടെ ഭക്ഷണത്തിന് അത്യാവശ്യമായ വസ്തുവാണ്. ഏറ്റവും വലിയ മീനായ തിമിംഗല സ്രാവ് പോലും ഇത്തരം സൂക്ഷമ ആല്‍ഗകളടങ്ങിയ പ്ലവകങ്ങളാണ് ഭക്ഷണമായി കഴിക്കുന്നത്. നീലത്തിമിംഗലത്തിന്റെ കാര്യവും വ്യത്യസ്തമല്ല.

കടലില്‍ മാത്രമല്ല, തീരദേശ മത്സ്യകൃഷികളിലും കൂടുകൃഷികളിലും ചെമ്മീന്‍-കക്ക് കൃഷികളിലും ഈ ആല്‍ഗകള്‍ ഒരു അനിവാര്യ ഘടകമാണ്. മത്സ്യകൃഷിക്ക് ആവശ്യമായ ഗുണനിലവാരമുള്ള മീന്‍-ചെമ്മീന്‍ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നതിനുള്ള വിത്തുല്‍പാദന കേന്ദ്രങ്ങളില്‍ മുട്ടയില്‍ നിന്ന് വിരിയുന്ന ലാര്‍വകള്‍ക്ക് സൂക്ഷമ ആല്‍ഗകളാണ് ഭക്ഷണമായി നല്‍കുന്നത്. നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത ഇത്തരം ആല്‍ഗകളെ സൂക്ഷമമായി വിലയിരുത്താനും വേര്‍തിരിച്ചെടുത്ത് വളര്‍ത്താനും സി.എം.എഫ്.ആര്‍.ഐ.യില്‍ പ്രത്യേകം സജ്ജീകരിച്ച പരീക്ഷണശാല തന്നെയുണ്ട്. സി.എം.എഫ്.ആര്‍.ഐ. നടത്തിവരുന്ന ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹാച്ചറികളിലും മറ്റും സൂക്ഷമ ആല്‍ഗകള്‍ ഉപയോഗിച്ചുവരുന്നത്.

സി.എം.എഫ്.ആര്‍.ഐ. ചെയ്ത് വരുന്നത്
കടലില്‍ നിന്നും വെള്ളം ശേഖരിച്ച് ഇവയില്‍ അടങ്ങിയ അനേകം ആല്‍ഗയിനങ്ങളെ പ്രത്യേകം സജ്ജീകരിച്ച പരീക്ഷണ ശാലകളില്‍ സസൂക്ഷ്മം വിലയിരുത്തി വേര്‍തിരിച്ചെടുക്കുന്നു. ആല്‍ഗകളില്‍ മീനുകള്‍ക്ക് ഗുണകരമായതും അല്ലാത്തവയുമുണ്ടാകും. ഇവയില്‍ നിന്ന് ഓരോ മീനിനും യോജിച്ച ആല്‍ഗകളെ കണ്ടെത്തി വേര്‍തിരിച്ചെടുക്കുന്നു. ശേഷം ഇവയെ അനുയോജ്യമായ ധാതുലവണങ്ങള്‍ ചേര്‍ത്ത ലായനിയില്‍ വളര്‍ത്തുന്നു. ഇവയുടെ എണ്ണം വര്‍ധിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ പ്രത്യേക ജാറുകളില്‍ അനുയോജ്യമായ അന്തരീക്ഷത്തില്‍ ഇവയെ വളര്‍ത്തിയെടുക്കുന്നു. കടലില്‍ നിന്ന് ശേഖരിച്ച് വെള്ളത്തില്‍ അടങ്ങിയ ഒട്ടനേകം ആല്‍ഗകളില്‍ നിന്ന് ഓരോ ഇനത്തെയും പ്രത്യേകം പ്രത്യേകം വേര്‍തിരിച്ചെടുത്ത് വളര്‍ത്തിയെടുത്ത ഈ ലായനി ലിറ്ററിന് 3600 രൂപ നിരക്കിലാണ് സി.എം.എഫ്.ആര്‍.ഐ. വില്‍പന നടത്തുന്നത്. സി.എം.എഫ്.ആര്‍.ഐ. ഇത്തരത്തില്‍ വേര്‍തിരിച്ച് വളര്‍ത്തിയെടുത്ത സൂക്ഷമ ആല്‍ഗകള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട് പോകുന്നുണ്ട്. മത്സ്യ-ചെമ്മീന്‍ ഹാച്ചറികള്‍, മരുന്ന് നിര്‍മാണ കമ്പനികള്‍, മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഇവ ഉപയോഗിച്ചുവരുന്നു. കൊച്ചിക്ക് പുറമെ, ഗുജറാത്തിലെ വെരാവല്‍, മുംബൈ, വിശാഖപട്ടണം, കര്‍ണാടകയിലെ കാര്‍വാര്‍, തൂത്തുകടി, മണ്ഡപം, ചെന്നൈ, മംഗലാപുരം, കോഴിക്കോട്, വിഴിഞ്ഞം എന്നിവിടങ്ങളിലുള്ള സി.എം.എഫ്.ആര്‍.ഐ.യുടെ ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നും മൈക്രോ ആല്‍ഗകള്‍ വില്‍പനക്കായി ലഭിക്കും. സിഎംഎഫ്ആര്‍ഐയുടെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നുമായി ഒരു വര്‍ഷത്തില്‍ ഏകദേശം 20 ലക്ഷത്തോളം രൂപയുടെ ആല്‍ഗകളുടെ വില്‍പനയുണ്ട്.

സി.എം.എഫ്.ആര്‍.ഐ.യിലെ മാരികള്‍ച്ചര്‍ ഗവേഷണ വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഷോജി ജോസഫിന്റെ നേതൃത്വത്തിലാണ് ഈ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. യാതൊരുവിധ കേടുപാടുകളും സംഭവിക്കാതിരിക്കാന്‍ അതീവ സുരക്ഷിതമായ സാഹചര്യത്തിലാണ് സി.എം.എഫ്.ആര്‍.ഐ യിലെ ആല്‍ഗ ഗവേഷണ പരീക്ഷണശാല പ്രവര്‍ത്തിക്കുന്നതെന്ന് ഡോ ഷോജി പറഞ്ഞു. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ പലപ്പോഴും സൂക്ഷ്മ ആല്‍ഗകളില്‍ മറ്റ് തരത്തിലുള്ള പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കാണാറുണ്ട്. ഇതില്‍ പ്രധാനമായും വായുവിലൂടെ വരെ സംഭവിക്കാവുന്ന സൂക്ഷമജീവികളായ സീലിയേറ്റ്സിന്റെ സാന്നിധ്യമാണ്. ഹാച്ചറി പോലുള്ള സംരംഭങ്ങളില്‍ ഇവ തികച്ചും അപകടകാരികളാണ്. അതിനാല്‍ അതീവ സൂക്ഷ്്മതയോടെയാണ് ആല്‍ഗകളെ വേര്‍തിരിക്കുന്നതും വളര്‍ത്തുന്നതും- അവര്‍ പറഞ്ഞു.

കടലിന് നിറം നല്‍കുന്ന ആല്‍ഗകള്‍
വ്യത്യസ്ത നിറങ്ങളാണ് വിവിധ ആല്‍ഗകള്‍ക്കുള്ളത്. മഴവില്ലില്‍ അടങ്ങിയ വയലറ്റ് മുതല്‍ ചുവപ്പ് വരെ (വിബ്ജിയോര്‍) നിറങ്ങളിലാണ് ആല്‍ഗകള്‍ കാണപ്പെടുന്നത്. ഇവയില്‍ നല്ലതും അപകടകാരികളുമായ ആല്‍ഗകളുണ്ട്. മഞ്ഞ കലര്‍ന്ന പച്ച നിറത്തില്‍ കാണപ്പെടുന്ന മിക്ക ആല്‍ഗകളും ഗുണകരമായ ആല്‍ഗകളായാണ് പൊതുവെ കണക്കാക്കുന്നത്. അപകടത്തെ സൂചിപ്പിക്കുന്നത് പോലെ, ചുവപ്പ് നിറത്തില്‍ കാണപ്പെടുന്ന പല ആല്‍ഗകളും ജലജീവികള്‍ക്ക് ഹാനികരമാണ്. ഇത്തരം ആല്‍ഗകള്‍ കൂട്ടമായി പെരുകുമ്പോഴാണ് കടല്‍ജലത്തിന് ചില പ്രത്യേക സ്ഥലങ്ങളില്‍ നിറവ്യത്യാസം വരുന്നത്. ചിലയിടങ്ങളില്‍ പാല്‍വെള്ളം ആകുന്നതും, ചുവപ്പ്, പച്ച, മഞ്ഞ, നീല തുടങ്ങിയ നിറങ്ങളില്‍ കടല്‍ വെള്ളം രൂപപ്പെടുന്നതിനുള്ള കാരണം പ്രധാനമായും ഈ പ്രത്യേകതകളാണ്. ആല്‍ഗകളെ വേര്‍തിരിച്ച് വളര്‍ത്തിയെടുക്കുന്ന സി.എം.എഫ്.ആര്‍.ഐ.യുടെ പരീക്ഷണ ശാലയില്‍ ഓരോ ആല്‍ഗകളുടെ വൈവിധ്യമായ നിറവ്യത്യാസം പ്രകടമാണ്. കൊക്കോലിത്തോഫോര്‍ എന്ന ആല്‍ഗ പാല്‍വെള്ള നിറം കാണിക്കുമ്പോള്‍, അപകടകാരികളായ ഡൈനോഫ്ളജല്ലൈറ്റുകളുടെ നിറം ചുവപ്പാണ്. ചുവപ്പ് നിറം കൂടുതലായി കാണപ്പെടുന്ന കടല്‍ പ്രദേശങ്ങളെ റെഡ് ടൈഡ് പ്രതിഭാസമെന്നാണ് വിളിക്കുന്നത്. ഇത്തരം സ്ഥലങ്ങളിലെ മത്സ്യങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമാണെന്നതിനാല്‍ ഇവിടെ മത്സ്യബന്ധനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാറുണ്ട്.

ആല്‍ഗകളെ തിരിച്ചറിയാന്‍ ഉപഗ്രഹ സാങ്കേതികവിദ്യയും
കടലിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഗുണകരവും ദേഷകരവുമായ ആല്‍ഗകളെ തിരിച്ചറിയുന്നതിന് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ സി.എം.എഫ്.ആര്‍.ഐ. തുടങ്ങിക്കഴിഞ്ഞതായി ഡയറക്ടര്‍ ഡോ എ ഗോപാലാകൃഷ്ണന്‍ പറഞ്ഞു. കടല്‍ജീവികള്‍ക്ക് ഗുണകരമായ ആല്‍ഗകള്‍ കൂടുതല്‍ കാണപ്പെടുന്ന സ്ഥലങ്ങളില്‍ മീന്‍ലഭ്യത കൂടും. ദോഷകരമായ ആല്‍ഗകള്‍ മീനുകളെ പ്രതികൂലമായി ബാധിക്കും. ആല്‍ഗകളിലെ നിറവ്യത്യാസമാണ് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ആല്‍ഗകളില്‍ നിന്ന് ഉപഗ്രഹ സെന്‍സറുകളില്‍ പതിയുന്ന ‘സ്പെക്ട്രല്‍ സിഗ്‌നേച്ചര്‍’ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഇവയെ തിരിച്ചറിയുന്നത്. സി.എം.എഫ്.ആര്‍.ഐ.യുടെ സമുദ്രജലകൃഷിയുമായി ബന്ധപ്പെട്ട് സ്ഥിരമായി ഗുണകരമായ ആല്‍ഗകള്‍ കടലില്‍ ധാരാളം കാണപ്പെടുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും. ആഗോളതലത്തില്‍ ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ആല്‍ഗകളുമായി ബന്ധപ്പെട്ട പഠനം നടത്തുന്ന യു.കെ. ശാത്രജ്ഞന്‍ പ്രൊഫ. ട്രെവര്‍ പ്ലാറ്റ് ഈ മേഖലയില്‍ സി.എം.എഫ്.ആര്‍.ഐ.യുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. – ഡോ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മീന്‍കുഞ്ഞുങ്ങളുടെ ഭക്ഷണമായി ഉപയോഗിക്കുന്നതിന് പുറമെ, മനുഷ്യര്‍ക്ക് കഴിക്കാവുന്ന പോഷക ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, ബയോഡീസല്‍, ഔഷധ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലും സൂക്ഷ്മ ആല്‍ഗകള്‍ ഉപയോഗിക്കുന്നുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ വാതകങ്ങള്‍ കുറയ്ക്കുന്നതിനും ആല്‍ഗകളെ ഉപയോഗിക്കാമെന്ന് ശാസ്ത്രസമൂഹം കണ്ടെത്തിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.

മത്തിക്ക് ഇഷ്ടം ഫ്രാജിലേറിയ
ഡയാറ്റം എന്ന വിഭാഗത്തില്‍ പെടുന്ന ‘ഫ്രാജിലേറിയ ഓഷ്യാനിക്ക’ എന്ന ആല്‍ഗയാണ് ജനകീയ മത്സ്യമായ മത്തിയുടെ ഇഷ്ട ആഹാരം. ഈ ആല്‍ഗകള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളില്‍ മത്തിയുടെ ലഭ്യത കൂടും. കാലവര്‍ഷ മഴയില്‍ കരയില്‍ നിന്ന് ഒലിച്ചുപോകുന്ന ‘സിലിക്ക’ എന്ന ലവണമാണ് ഈ ആല്‍ഗകള്‍ അവയുടെ പുറംതോട് നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നത്. കൂടാതെ, ചാകര സമയത്ത് കാണപ്പെടുന്ന അപ്വെല്ലിംഗ് എന്ന പ്രതിഭാസവും (കടലിന്റെ താഴെ തട്ടിലുള്ള വളക്കൂറുള്ള ജലം മുകളിലേക്ക് വരുന്നു) ഇത്തരം ആല്‍ഗകള്‍ പെരുകാന്‍ വഴിയൊരുക്കുന്നു. തത്ഫലമായി മത്തിയുടെ ലഭ്യത വര്‍ധിക്കും. ചെമ്മീന്‍ ഹാച്ചറികളില്‍ അവയുടെ ലാര്‍വകളുടെ ഭക്ഷണായി ഉപയോഗിക്കുന്നത് ‘കീറ്റോസിറോസ്’, ‘ഐസോക്രൈസിസ്’ എന്നീ ആല്‍ഗകകളാണ്.

ശൂന്യാകാശത്തിലേക്ക് ക്ലോറല്ല
ശൂന്യാകാശ യാത്രയ്ക്ക് നാസ ഉപയോഗിച്ചത് ക്ലോറല്ല എന്ന ആല്‍ഗയാണ്. ഓക്സിജന്‍ പുറത്തുവിടാന്‍ ശേഷിയുള്ളതായത് കൊണ്ടാണ് ഈ ആല്‍ഗകളെ ശാസ്ത്രജ്ഞര്‍ ശൂന്യാകാശ യാത്രയക്ക് ഉപയോഗിച്ചത്. ശുദ്ധജലത്തിലും സമുദ്രജലത്തിലും ഈ ആല്‍ഗകള്‍ വളരും. രണ്ടു ജലത്തിലുമുള്ള ക്ലോറല്ല ആല്‍ഗകള്‍ സി.എം.എഫ്.ആര്‍.ഐ.യുടെ കൊച്ചിയിലെ പരീക്ഷണ ശാലയില്‍ ലഭ്യമാണ്. കടലിലുള്ളതു പോലെ ശുദ്ധജലത്തിലും ആല്‍ഗകള്‍ ധാരാളമായി വസിക്കുന്നുണ്ട്. നല്ല വളവും സൂര്യപ്രകാശവും ലഭിക്കുന്ന കുളങ്ങളില്‍ ആല്‍ഗകള്‍ ധാരാളമായുള്ളത് കൊണ്ടാണ് നിറവ്യത്യാസങ്ങള്‍ വരുന്നത്.

ആല്‍ഗകളെ വേര്‍തിരിച്ചറിയാന്‍ വിവിധ മാര്‍ഗങ്ങൾ
സി.എം.എഫ്.ആര്‍.ഐ.യുടെ തമിഴ്നാട്ടിലുള്ള മണ്ഡപം ഗവേഷണ കേന്ദ്രത്തില്‍ ആല്‍ഗകളുമായി ബന്ധപ്പെട്ട ബയോടോക്സിന്‍ പഠനങ്ങള്‍, നിറങ്ങളില്‍ നിന്ന് ആല്‍ഗകളെ വേര്‍തിരിച്ചറിയാനുള്ള പഠനങ്ങള്‍ പ്രത്യേകിച്ച് കൂട്മത്സ്യ കൃഷിയിലുള്ള മത്സ്യങ്ങളെ ധാരാളമായി ബാധിക്കുന്ന ട്രൈക്കോഡെസ്മിയം എന്ന വിഭാഗത്തില്‍ പെട്ട ദോഷകരമായ ആല്‍ഗകളെ തിരിച്ചറിയുന്നതിനുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്. ആല്‍ഗകളെ വേര്‍തിരിക്കാന്‍ പലതരത്തിലുള്ള നൂതനമായ ബയോടെക്നോളജി ഉപയോഗിച്ചുള്ള പഠനങ്ങള്‍ സി.എം.എഫ്.ആര്‍.ഐയുടെ കൊച്ചി കേന്ദ്രത്തില്‍ നടന്നുവരുന്നുണ്ട്.

 

India

‘ഓക്‌സ്‌ഫെഡ്’ വാക്‌സിന്‍ പരീക്ഷണം ഇന്ത്യയിലും; ഉല്‍പ്പാദനം വൈകാതെ

ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്‌സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും

Published

on

പൂനെ: ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റി പുതുതായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ ഇന്ത്യയിലും പരീക്ഷിക്കാനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇതിനായി ബ്രിട്ടീഷ് ഗവേഷകരുമായി കൈകോര്‍ക്കുന്നത്. ലൈസന്‍സ് ലഭിച്ചാലുടന്‍ വാക്‌സിന്‍ പരീക്ഷണം തുടങ്ങാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി. ഇതുവരെ വികസിപ്പിച്ചെടുത്ത വാക്‌സിനുകളില്‍ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഏറെ വിജകരമെന്നു കണ്ട AZD1222 വാക്‌സിനാണ് ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ കണ്ടെത്തിയ പ്രതിരോധ മരുന്ന്. ഇതിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വളരെ അനുകൂല ഫലങ്ങളാണ് ലഭിച്ചിരുന്നത്. ഈ വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഈ വാക്‌സിന്‍ നിസാരമായ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എങ്കിലും ഇത് പാരാസെറ്റമോള്‍ കഴിക്കുന്നതിലൂടെ ലഘൂകരിക്കാവുന്നതാണെന്നും ഗവേഷകര്‍ പറയുന്നു.

പരീക്ഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്ന ഫലമാണ് തന്നിരിക്കുന്നതെന്നും ഇന്ത്യയില്‍ പരീക്ഷണ ലൈസന്‍സ് ലഭിക്കുന്നതിന് ഒരാഴ്ച്ചക്കകം അപേക്ഷ നല്‍കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പുനവാല പറഞ്ഞു. ലൈസന്‍സ് ലഭിച്ചാലുടന്‍ ഇന്ത്യയില്‍ ട്രയല്‍സ് തുടങ്ങും. വൈകാതെ വാക്‌സിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് കോവാക്‌സിന്‍ എന്ന പ്രതിരോധ മരുന്നിന്റെ മനുഷ്യരിലുള്ള ആദ്യ പരീക്ഷണം തുടങ്ങിയതിനു പിന്നാലെയാണ് ഓക്‌സ്‌ഫെഡ് വാക്‌സിന്‍ പരീക്ഷണ ഫലം പുറത്തു വന്നത്. ഇന്ത്യന്‍ വാക്‌സിന്റെ ആദ്യ ഫലമറിയാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയമെടുക്കുമെന്ന് ദല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നു.

ലോകത്ത് വിവിധയിടങ്ങളിലായി നൂറിലെറെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇവയിലൊന്നാണ് ഓക്‌സഫെഡ് വാക്‌സിന്‍. ഈ വാക്‌സിന്‍ ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയത് ഏപ്രില്‍ 23നാണ്. ഈ ഫലമാണ് ഇപ്പോള്‍ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Continue Reading

Life

കോവിഡിനു ശേഷം ലോകത്തിന് എന്തു സംഭവിക്കും?

ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ.

Published

on

എന്തൊക്കെ ശേഷിപ്പിച്ചാകും കോവിഡ് 19 എന്ന മഹാമാരി തിരിച്ചുപോകുക എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ലോകം മുഴുവനും ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഈ മഹാമാരിയെ കീഴ്പ്പെടുത്താനായിട്ടില്ല. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ആഗോള പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഈ പ്രതിസന്ധിയുടെ ആഴവും അളവും വളരെ വലുതായിരിക്കും. ഇതിന് മുന്നില്‍ ബെര്‍ലിന്‍ മതിലിന്റെ പതനമോ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോ ഒന്നുമാകില്ല. ഈ വൈറസ് ലോകത്തെ മാറ്റി മറിക്കും. അതിന്റെ വിദൂര ഫലങ്ങള്‍ ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ.

ജീവിതങ്ങള്‍ തകര്‍ക്കുകയും വിപണികളെ തച്ചുടക്കുകയും ചെയ്യും. സര്‍ക്കാരുകളുടെ കഴിവും കഴിവുകേടും തുറന്നു കാട്ടും. രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരമായ മാറ്റങ്ങളിലേക്ക് നയിക്കും. രാജ്യം എന്ന നിലയില്‍ അതിലെ ദേശീയതയെ ഈ പകര്‍ച്ചവ്യാധി ശക്തിപ്പെടുത്തിയേക്കാം. പ്രതിസന്ധി മറി കടക്കുന്നതിന് സര്‍ക്കാരുകള്‍ പുതിയ അധികാരങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷെ ഇതവസാനിക്കുമ്പോള്‍ ഈ പുതിയ അധികാരങ്ങള്‍ വിട്ടു കൊടുക്കാനാകാതെപിടി മുറുക്കാനും സാധ്യതയുണ്ട്.

പടിഞ്ഞാറിന്റെ അധികാര ഗര്‍വുകള്‍ ഇല്ലാതാകുന്ന മാറ്റവും ഒരു പക്ഷെ സംഭവിച്ചേക്കാം. അതിനു മുന്നോടിയെന്ന നിലയിലാണ് രോഗത്തിന്റെ വ്യാപനം തടയാന്‍ കിഴക്കും പടിഞ്ഞാറും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കാണേണ്ടത്. കിഴക്കന്‍ രാജ്യങ്ങള്‍ ശക്തമായ നിയന്ത്രങ്ങളുമായി മുന്നോട്ടു പോയപ്പോള്‍, യൂറോപ്പും അമേരിക്കയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അലംഭാവമായിരുന്നു. ‘പാശ്ചാത്യം’ എന്ന ബ്രാന്‍ഡ് നെയിമിന് മങ്ങലേല്‍പ്പിക്കുന്ന നടപടികള്‍ക്കാണ് ലോക സാക്ഷ്യം വഹിച്ചത്.

സംരക്ഷണത്തിനായി പൗരന്മാര്‍ സര്‍ക്കാരുകളെ ആശ്രയിക്കുകയും സര്‍ക്കാരുകള്‍ ഭാവിയിലെ അപകട സാധ്യത കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, നമ്മള്‍ ഹൈപ്പര്‍ ഗ്ലോബലൈസേഷനില്‍ നിന്നും ബഹുദൂരം പിന്നിലേക്ക് പോകേണ്ടി വരും. ഭൂമിയിലെ 7.8 ബില്യണ്‍ ജനങ്ങളില്‍ ഓരോരുത്തര്‍ക്കും പൊതുജനാരോഗ്യം എന്നത് ഒരു ചോദ്യചിഹ്നമാകും. വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി 2008-2009 ലെ മഹാ മാന്ദ്യത്തേക്കാളും വളരെ വലുതായിരിക്കും. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെയും ശാശ്വത സന്തുലിതാവസ്ഥയെയും ഈ വൈറസ് സ്ഥിരമായി മാറ്റും.

സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ മുന ഈ വൈറസ് ഒടിക്കും. സര്‍ക്കാരുകളെയും സമൂഹങ്ങളെയും ദീര്‍ഘ കാലത്തോളംസാമ്പത്തിക ഐസൊലേഷനില്‍ നിര്‍ത്താനും കാരണമാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പരസ്പര പ്രയോജനകരമെന്ന് നിര്‍വചിച്ചിരുന്ന ഗ്ലോബലൈസേഷനിലേക്ക് ലോകം മടങ്ങി വരാന്‍ സാധ്യത കുറവാണ്.

ആഗോള സാമ്പത്തിക ദിശകളെ ഈ വൈറസ് അടിസ്ഥാനപരമായി മാറ്റില്ല. അതേസമയം, ഇതിനകം ആരംഭിച്ച ഒരു മാറ്റത്തെ ത്വരിതപ്പെടുത്തും: യു.എസ് കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തില്‍ നിന്ന് ചൈന കേന്ദ്രീകൃത ആഗോളവല്‍ക്കരണത്തിലേക്കായിരിക്കും നീക്കം. ചൈനീസ് ജനതയുടെ മത്സര ബുദ്ധിയും അധ്വാന ശീലവും അവരെ അങ്ങനെയാക്കിയെടുക്കാന്‍ ചൈനീസ് നേതാക്കള്‍ നടത്തിയ പരിശ്രമത്തിന്റെയും ഫലമായിരിക്കും അത്.

മാറ്റമില്ലാതാകുന്നത് ലോക രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ വൈരുദ്ധ്യ സ്വഭാവത്തിനാണ്.1918-1919 ലെ പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള ബാധകള്‍ അധികാര വൈരാഗ്യം അവസാനിപ്പിക്കുകയോ ആഗോള സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുകയോ ചെയ്തില്ല. ഈ വൈറസിനും ആ ശേഷിയുണ്ടാകുമെന്ന് കരുതാനാകില്ല.

ഈ പകര്‍ച്ചവ്യാധിയുടെ അവസാനം എന്തായിരിക്കും? മനുഷ്യന്‍ തന്റെ സത്തയെ അതിശക്തമായി തിരിച്ചറിയുന്ന സമയമായിരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജോലിക്കാര്‍, രാഷ്ട്രീയ നേതാക്കള്‍, സാധാരണ പൗരന്മാര്‍ എന്നിവരെല്ലാം ഈ അസാധാരണ പ്രതിഭാസത്തെ എങ്ങിനെ നേരിട്ടുവെന്നത് മനുഷ്യരാശിക്കും പുതിയ ദിശാബോധവും ഐക്യചിന്തയും നല്‍കുമെന്ന് തീര്‍ച്ചയാണ്. ഓരോ പ്രതിസന്ധിയില്‍നിന്നും പുതിയ വിജയങ്ങള്‍ നേടാന്‍ മനുഷ്യന് അസാധാരണമായ കഴിവുണ്ട്. കോവിഡിന് ശേഷവും അങ്ങിനെയൊരു ലോകമുണ്ടായേക്കാം.

Continue Reading

Life

കൊളോന്‍: കൊറോണയെ തുരത്തുന്ന തുര്‍ക്കികളുടെ രഹസ്യായുധം

തുര്‍ക്കികളുടെ ജീവിത ശൈലിയുടെ ഭാഗമായ കൊളോന്‍ കൊറോണ ബാധയെ തടയുന്നത് ഇങ്ങനെ

Published

on

തുര്‍ക്കിയില്‍ ഭക്ഷണശാലയില്‍ പോയാലും ബാര്‍ബറുടെ അടുത്തു പോയാലും അല്ലെങ്കില്‍ ബസിലെ ഒരു യാത്ര ആണെങ്കിലും കൊളോന്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ഒരു ശീലം കാലങ്ങളായുണ്ട്. ടര്‍ക്കിഷ് ആതിഥ്യത്തിന്റെ ഒരു അടയാളമായും ശുചിത്വം സംരക്ഷിക്കുന്നതിനുള്ള സഹായമായും ഇതു കണക്കാക്കപ്പെടുന്നു. തുര്‍ക്കിയിലെ എല്ലാ വീടുകളിലും സര്‍വസാധാരണയായി കാണുന്ന കൊളോന്‍ ഈ കൊറോണ കാലത്ത് താരമായിരിക്കുകയാണ്. കാരണം കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ടര്‍ക്കിഷ് ജനതയുടെ രഹസ്യായുധമാണ് ഇപ്പോള്‍ കൊളോന്‍. കൊറോണ വൈറസ് വ്യാപനത്തോടെ വന്‍ ഡിമാന്‍ഡാണ് കൊളോനിപ്പോള്‍.

കൊറോണ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് സോപ്പ് ഉപയോഗിച്ചോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ഇടക്കിടെ വൃത്തിയാക്കുക എന്നത്. പകുതിയിലേറെ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ കൈകളിലെ സൂക്ഷ്മാണുക്കളെ പൂര്‍ണമായും ഇല്ലാതാക്കുന്നതു വഴി രോഗം പകരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഈ അറിയിപ്പു വന്നതോടെ ടര്‍ക്കിഷ് ജനതയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. അവര്‍ കൈകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കൊളോനും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ആണ്. കൊറോണ മുന്നറിയിപ്പുകള്‍ വന്നതോടെ ആളുകള്‍ വന്‍തോതില്‍ കൊളോന്‍ വാങ്ങാന്‍ തുടങ്ങി. ആദ്യ കൊറോണ കേസ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ഇസ്താബുളിലെ കടകളില്ലെല്ലാം കൊളോന്‍ വാങ്ങാന്‍ വന്‍ജനത്തിരക്കാണ് ഉണ്ടായത്.

കൊളോന്‍ വിറ്റഴിഞ്ഞു, സ്റ്റോക്കില്ല എന്ന ബോര്‍ഡുകളാണ് കടകള്‍ക്കും ഫാര്‍മസികള്‍ക്കും മുമ്പില്‍ ഇപ്പോള്‍ കാണാനാകുക. വഴികളില്ലെല്ലാം ഇടക്കിടെ കൊളോന്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ആളുകളെ കാണാം. ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ക്കും ഇതു നല്‍കുന്നു. വടക്കുപടിഞ്ഞാറന്‍ പട്ടണമായ ഇസ്മിറ്റില്‍ ഒരു സന്നദ്ധ സംഘടന പ്രായമേറിയവര്‍ക്ക് കൊളോനും റൊട്ടിയും സൗജന്യമായി വിതരം ചെയ്യുന്ന വാര്‍ത്തയും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ഏതാനും ആഴ്ചകളായി കച്ചവടക്കാരില്‍ നിന്നും ആയിരക്കണക്കിന് ഓര്‍ഡറുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഇവര്‍ക്കെല്ലാം വിതരണം ചെയ്യാന്‍ ഉല്‍പ്പന്നമില്ലെന്നും പരമ്പരാഗത കൊളോന്‍ നിര്‍മാണത്തില്‍ പേരുകേട്ട എയുബ് സബ്‌രി തുന്‍ജര്‍ പറയുന്നു. ഓണ്‍ലൈനായി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കമ്പനി പറയുന്നു.

കൊറോണ വൈറസിനെ അകറ്റാന്‍ ഹാന്‍ഡ്‌സാനിറ്റൈസറുകല്‍ക്ക് പകരമായി കൊളോന്‍ ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രി ഫഹ്‌റെദീന്‍ കോജ ആഹ്വാനം ചെയ്തതോടെ കടകളിലെ കൊളോന്‍ കുപ്പികളെല്ലാം കാലിയായി. എല്ലായിടത്തേയും പോലെ കൊളോന്‍ കരിഞ്ചന്ത വില്‍പ്പനയും പൊടിപൊടിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇസ്താംബൂള്‍ പോലീസ് ഒരു അനധികൃത കൊളോന്‍ നിര്‍മ്മാണ ശാല റെയ്ഡ് ചെയ്ത് അനധികൃത കൊളോന്‍ പിടിച്ചെടുത്തിരുന്നു.

കൊറോണ പ്രതിരോധ പദ്ധതിയുടെ ഭാഗമായി മാസ്‌കുകളും കൊളോനും 65വയസ്സ് പിന്നിട്ട എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് റജബ് ത്വയപ് ഒര്‍ദുഗാനും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊളോന്‍ കൊറോണ വൈറസിനെതിരായ ശാസ്ത്രീയമായ പ്രതിരോധ ആയുധമാണെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. കൊറോണ വൈറസിന്റെ പുറം ആവരണം തകര്‍ക്കാന്‍ ആല്‍ക്കഹോളിന് കഴിയുമെന്ന് ടര്‍ക്കിഷ് സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ബോര്‍ഡ് അംഗം പ്രൊഫ. ബുലെന്ദ് എര്‍തുഗ്രുല്‍ പറയുന്നു. പുതിയ കൊറോണ വൈറസിനെതിരായ ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം കൈകള്‍ സോപ്പിട്ട് കഴുകലാണ്. സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ 60 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകല്‍ ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറയുന്നു. കൊളോന്‍ ഈ ഉപയോഗത്തിന് അനുയോജ്യമാണ്. ‘കൊളോനില്‍ 70 ശതമാനത്തോളം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. അതു കൊണ്ടാണ് കോവിഡ്19നെ തുരത്താന്‍ ഹാന്‍ഡ് സാനിറ്റൈസറായി ഇതുപയോഗിക്കുന്നത്.’

Continue Reading
Advertisement

Trending

Copyright © 2020 Nowit Media.