മുംബൈ: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിടിവും ലോക്ഡൗണും കാരണം 80 ദിവസത്തോളമായി നിര്‍ത്തിവെച്ചിരുന്ന ദിവസാടിസ്ഥാനത്തിലുള്ള ഇന്ധന വില വര്‍ധന ഇടവേളയ്ക്കു ശേഷം വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നു. തുടര്‍ച്ചയായ അഞ്ചു ദിവസമായി സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നു. ദല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിനു 2.14 രൂപയും ഡീസലിന് 2.23 രൂപയുമാണ് നാലുദിവസത്തിനിടെ വര്‍ധിച്ചത്. ലോക്ഡൗണ്‍ നിയന്ത്രങ്ങളിലെ ഇളവും ക്രൂഡോയില്‍ വിപണിയുടെ തിരിച്ചുവരവും കണക്കിലെടുത്താണ് ഈ വര്‍ധന. വിദേശവിനിമയ നിരക്കില്‍ ഡോളറിനെതിരായ രൂപയുടെ നില ദുര്‍ബലമായി തുടരുന്നതും ഒരു കാരണമാണ്.
നഷ്ടങ്ങള്‍ നികത്താനെന്ന പേരില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വരും മാസങ്ങളിലും ഇന്ധന വില വീണ്ടും ഉയര്‍ത്തിക്കൊണ്ടിരിക്കുമെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അധിക ഉല്‍പ്പാദന ആശങ്കകള്‍ ശക്തമായതോടെ ഈയിടെ ഇന്ധന വില കൂപ്പൂകുത്തിയിരുന്നെങ്കിലും ആഗോള വിപണയില്‍ ക്രൂഡോയില്‍ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായ ശക്തമായി തിരിച്ചു വരികയാണ്. ഈ പശ്ചാത്തലത്തില്‍ രൂപയുടെ നില ദുര്‍ബലമായി തുടരുക കൂടി ചെയ്താല്‍ ഇന്ത്യയില്‍ ഇനിയും വില ഉയരുമെന്ന് നിരീക്ഷകര്‍ പറയുന്നു.
ഇതിനു കാരണം പെട്രോളിന്റേയും ഡീസലിന്റേയും ദിവസം തോറുമുള്ള വിലനിര്‍ണയത്തിന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ മാനദണ്ഡമാക്കുന്നത് ആഗോള വിപണിയിലെ ക്രൂഡോയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കുമാണ് എന്നതാണ്. ആഗോള വിപണിയില്‍ വില ഇടിയുന്ന സമയത്ത് രൂപയുടെ നില മോശം അവസ്ഥയിലാണെങ്കില്‍ ഇന്ധനം വാങ്ങാന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുമെന്ന് സാരം. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഈ ഭാരം എണ്ണ കമ്പനികള്‍ ഉപഭോക്താക്കളുടെ ചുമലിലേക്കു കൂടി വെച്ചു കൊടുക്കുന്നത്. ആഗോള വിപണി ഇനിയും മെച്ചപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് ഇന്ധനത്തിന് ഇനിയും കൂടുതല്‍ പണം മുടക്കേണ്ടി വരും.
അതേസമയം എണ്ണയുടെ അധികോല്‍പ്പാദനം സംബന്ധിച്ച് കമ്പനികള്‍ ജാഗ്രതയിലാണെന്നതിനാല് വില വര്‍ധന തുടരുന്നതില്‍ അനിശ്ചിതത്വവും ഉണ്ട്. അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നും ഡിമാന്‍ഡ് കുറവു മൂലം എണ്ണവില വീണ്ടും താഴേക്കു പോകാന്‍ ഇടയുണ്ടെന്നാണ് എണ്ണ വപിണിയെ നിരീക്ഷിക്കുന്ന വിദഗ്ധര്‍ പറയുന്നത്. എണ്ണയ്ക്കുള്ള ഡിമാന്‍ഡ് ഉയരുന്നതിന് അനുസരിച്ചു മാത്രമെ വിപണി തിരിച്ചുവരികയുള്ളൂവെന്നും അവര്‍ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിത്തുടങ്ങിയതോടെ ലോകമൊട്ടാകെ സാമ്പത്തിക രംഗം പതുക്കെ തിരിച്ചുവരികയാണെങ്കിലും എണ്ണ വിപണി പൊതുവെ അസ്ഥിരമാണ്. ആഗോള വിപണി ശക്തമായ നിലയിലേക്ക് തിരിച്ചു വരികയാണെങ്കിലും ഈ സാഹചര്യത്തില്‍ ആഗോള കമ്പനികള്‍ വീണ്ടും ഉല്‍പ്പാദനം വര്ധിപ്പിച്ചേക്കില്ല. കാരണം ഇത് വീണ്ടും അമിതോല്‍പ്പാദനത്തിലേക്കും വിലയിടിവിലേക്കും നയിക്കും. ആഗോള വിപണി മെച്ചപ്പെടുന്നതിന്റെ ചുവടുപിടിച്ച് ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഇനിയും വര്‍ധിക്കുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും ഡിമാന്‍ഡ് ഇടിവ് കാരണം എണ്ണ വിപണിയില്‍ വീണ്ടും തകര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതേസമയം കൊറോണ കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും നികുതി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ആഗോള വിപണിയിലെ തകര്‍ച്ച കാരണം ഇന്ത്യയിലെ ഇന്ധന വിലയില്‍ വലിയ കുറയാനുള്ള സാധ്യതയും വിരളമാണ്.