ക്രിക്കറ്റില്‍ മാസ്റ്റര്‍സ്ട്രോക്ക് എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള, ക്യാപ്റ്റന്മാരുടെ ഏറ്റവും മഹത്തരമായ തീരുമാനങ്ങള്‍ എടുത്തു നോക്കിയാള് അതിലൊന്ന് തീര്‍ച്ചയായും മുന്‍ ഇന്ത്യന്‍ ക്യാപറ്റന് മുഹമ്മദ് അസ്ഹറുദ്ദീന് 1994ല്‍ എടുത്ത ഒരു തീരുമാനമായിരിക്കും എന്നുറപ്പാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മാര്‍ച്ച് 27നാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ ബാറ്റ്സ്മാന്മാരില് ഒരാള്‍ തന്റെ ഐതിഹാസിക റണ്‍ തുടങ്ങിയത്. ഇന്ത്യയ്ക്കു വേണ്ടി മിഡില്‍ ഓര്‍ഡറില്‍ ബാറ്റു ചെയ്തിരുന്ന സചിന് ടെണ്ടുല്‍ക്കറെ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനാണ് ഓപണര്‍ ബാറ്റ്സമാനാക്കി മാറ്റിയത്. ടീം മാനേജര്‍ അജിത് വഡേക്കറുമായി കൂടിയാലോചിച്ചാണ് 21കാരനായ സചിനെ ക്യാപ്റ്റന്‍ അസ്ഹര്‍ സ്ഥാനക്കയറ്റം നല്‍കിയത്.
അതുവരെ അഞ്ചാമനോ ആറാമനോ ആയാണ് സചിന് ഇന്ത്യയ്ക്കു വേണ്ടി ബാറ്റു ചെയ്തിരുന്നത്. ഈ ഓര്‍ഡറില്‍ ഒരു സെഞ്ചുറി പോലും തികയ്ക്കാന്‍ സചിനായിരുന്നില്ല. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ഇതു കൂടി കേള്‍ക്കണം. അതായത്, രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറികളുടെ തമ്പുരാനായി മാറിയ താരത്തിന് ഏകദിന ക്രിക്കറ്റിലെ തന്റെ ആദ്യ അഞ്ചു വര്‍ഷക്കാലം ഒരു സെഞ്ചുറി പോലും തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് ഇന്നിങ്സ് ഓപണ്‍ ചെയ്യുന്ന ചുമതല ഏല്പ്പിക്കപ്പെട്ടപ്പോള് സചിന് ക്യാപ്റ്റനെ നിരാശനാക്കിയതുമില്ല. ഓപണ്‍ ചെയ്ത ആദ്യ മത്സരത്തില്‍ തന്നെ ഓക്ലാന്ഡില് ന്യൂസീലന്‍ഡിനെതിരെ 49 പന്തില്‍ 82 റണ്‍സ് അടിച്ചു കൂട്ടിയാണ് അസ്ഹറിന്റെ തീരുമാനത്തെ ബാറ്റുകൊണ്ട് ശരിവച്ചത്. സചിന് സ്ഥാനം കയറ്റം നല്കാന് അസ്ഹറിനെ പ്രേരിപ്പിച്ച ഘടകം എന്താണ്? ഈയിടെ സ്പോര്‍ട്സ്റ്റാറിനു നല്കിയ അഭിമുഖത്തില്‍ അസ്ഹര്‍ ഇതു വിശദീകരിക്കുന്നുണ്ട്.
‘അഞ്ചാമനോ ആറാമനോ ആയി ഇറങ്ങിയിട്ടും സചിന് വലുതായൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇക്കാരം ഞങ്ങള്‍ (അസ്ഹറും വഡേക്കറും) സംസാരിച്ചു. സുഖമില്ലാതിരിക്കുന്ന ഓപണര്‍ സിദ്ധുവിന് പകരം സചിനെ ഓപണറാക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോയി. സചിനു ഓപണ്‍ ചെയ്യാനായിരുന്നു ആഗ്രഹം. അതോടെ അദ്ദേഹം ലോകത്തെ എക്കാലത്തേയും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായി എന്നതില്‍ നമുക്കെല്ലാം സന്തോഷമുണ്ട്,’ അസ്ഹര്‍ പറയുന്നു.
ഓപണറായുള്ള സചിന്റെ പ്രകടനം കണ്ടു ഞെട്ടി എന്നു ഞാന്‍ പറയില്ല. കാരണം സചിന് പ്രതിഭയുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. തന്റെ പ്രതിഭാ വിലാസം പുറത്തെടുക്കാന്‍ ശരിയായ ഒരു അവസരം മാത്രമെ അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ പില്ക്കാല നേട്ടങ്ങളുടെ ക്രെഡിറ്റ് എനിക്ക് എടുക്കാനാവില്ല. ആര്‍ക്കും കഴിയില്ല. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ടായിരുന്നു,’ മുന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.
അസ്ഹറിന്റെ ഈ തീരുമാനമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ മഹത്തായ റണ്ണുകള്‍ക്ക് പ്രേരകമായത്. 463 ഏകദിനങ്ങളില്‍ നിന്നായി 49 സെഞ്ചുറികളാണ് സചിന് സ്വന്തം പേരില്‍കുറിച്ചത്.